ഗുവാഹത്തി∙ എന്തൊരു പ്രകടനമായിരുന്നു അത്! ഗുവാഹത്തി ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന ബാറ്റിങ്ങിലെ ലോക ഒന്ന്, രണ്ട് റാങ്കുകാർ ചേർന്ന് വെസ്റ്റ് ഇൻഡീസിന്റെ താരക്കൂട്ടത്തെ അക്ഷരാർഥത്തിൽ ചാമ്പലാക്കിക്കളഞ്ഞിരിക്കുന്നു. ഉജ്വല സെഞ്ചുറികളുമായി ഗുവാഹത്തിയിൽ റൺമഴ പെയ്യിച്ച് സെഞ്ചുറിയിലേക്കെത്തിയ കോഹ്‍ലിയും (140) രോഹിത് ശർമയും (പുറത്താകാതെ 152) ചേർന്ന് ഇന്ത്യയ്ക്ക് സമ്മാനിച്ചത് എന്നെന്നും ഓർമയിൽ സൂക്ഷിക്കാനൊരു ആവേശജയം. കോഹ്‍ലി ഏകദിനത്തിലെ 36–ാം സെഞ്ചുറി കുറിച്ചപ്പോൾ രോഹിത് സെഞ്ചുറിയെണ്ണം ഇരുപതിൽ എത്തിച്ചു. കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് കോഹ്‍ലി.
സ്കോർബോർഡിൽ പത്തു റൺസ് മാത്രമുള്ളപ്പോൾ ശിഖർ ധവാനെ നഷ്ടമായശേഷം രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് (246) തീർത്താണ് ഇരുവരും ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിൻഡീസ് യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ സെഞ്ചുറിക്കരുത്തിൽ (106) 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 322 റൺസാണെടുത്തത്. ഏകദിന ബാറ്റിങ്ങിൽ ലോക റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കോഹ്‍ലിയും രോഹിതും ഫോമിന്റെ ഉച്ചാസ്ഥിയിലെത്തിയതോടെ 43–ാം ഓവറിന്റെ ആദ്യ പന്തിൽത്തന്നെ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം ഏകദിനം 24ന് വിശാഖപട്ടണത്ത്.
∙ അതിവേഗം, ബഹുദൂരം
ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിന് അയയ്ക്കപ്പെട്ടിട്ടും വെസ്റ്റ് ഇൻഡീസ് വിജയത്തിനാവശ്യമായ റൺസ് കണ്ടെത്തിയതാണ്. അവരുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തോടെ ഇന്ത്യൻ ബോളർമാർക്കുമേൽ അധീശത്വം സ്ഥാപിച്ച് തകർത്തടിച്ച ഇരുപത്തൊന്നുകാരൻ ഷിംറോൺ ഹെറ്റ്മയറിന്റെ അതുല്യ പ്രകടനമായിരുന്നു സന്ദർശകരുടെ ഊർജം. കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറി കുറിച്ച ഹെറ്റ്മയറിന്റെ മികവിൽ 300 കടന്ന വിൻഡീസ്, ഒരു ഘട്ടത്തിൽ വിജയം സ്വപ്നം കണ്ടതാണ്. 323 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയുടെ സ്റ്റാർ ഓപ്പണർ ശിഖർ ധവാനെ വെറും പത്തു റൺസിനുള്ളിൽ തിരിച്ചയയ്ക്കുക കൂടി ചെയ്തതോടെ അവരുടെ ആവേശം വാനോളമുയരുകയും െചയ്തു.
കരീബിയൻ പ്രീമിയർ ലീഗിലെ ഉജ്വല പ്രകടനത്തിന്റെ ബലത്തിൽ ഗുവാഹത്തിയിൽ ഏകദിന അരങ്ങേറ്റം കുറിച്ച ഒഷാനെ തോമസിന്റെ അതിവേഗ പന്തുകൾ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വെള്ളം കുടിപ്പിച്ചതും സന്ദർശകർക്ക് ആവേശമായി. രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റ ഓവറിൽ തുടർച്ചയായി 140 കിലോമീറ്റർ വേഗത്തിനു മുകളിൽ പന്തെറിഞ്ഞ ഒഷാനെ തോമസ് ധവാന്റെ കുറ്റി തെറിപ്പിച്ച് വരാനിരിക്കുന്ന വിപത്തിന്റെ സൂചനകൾ നൽകിയതുമാണ്. ആദ്യ ഓവറിൽ ഒഷാനെ തോമസ് കണ്ടെത്തിയ വേഗം നോക്കുക.
ഒന്നാം പന്ത്: 147 kmph
രണ്ടാം പന്ത്: 147 kmph
മൂന്നാം പന്ത്: 140 kmph
നാലാം പന്ത്: 149 kmph
അഞ്ചാം പന്ത്: 147 kmph
ആറാം പന്ത് : 147 kmph
ഇതിൽ രണ്ടാം പന്ത് ധവാൻ പോയിന്റിലൂടെ ബൗണ്ടറി കടത്തിയെങ്കിലും അതേ വേഗത്തിലെത്തിയ അവസാന പന്ത് ധവാന്റെ മിഡിൽ സ്റ്റംപ് തകർത്തുകളഞ്ഞു. ബാറ്റ്സ്മാൻമാരെ വട്ടംകറക്കുന്ന ഈ വേഗത്തിനു മുന്നിലേക്ക് ബാറ്റുമായെത്തിയ കോഹ്‍ലിയെയും തോമസ് വേഗത കൊണ്ടു വിസ്മയിപ്പിച്ചു. കോഹ്‍ലിയുടെ തലയ്ക്കു മുകളിലൂടെ പലകുറി തോമസിന്റെ പന്തുകൾ മൂളിപ്പറന്നു. എന്നാൽ, തോമസിന്റെ രണ്ടാം ഓവറിൽ 144 കിലോമീറ്റർ വേഗത്തിലെത്തിയ ഒരു പന്ത് ബൗണ്ടറിയിലേക്ക് അയച്ച് തിരിച്ചടി ആരംഭിച്ച കോഹ്‍ലി, മൂന്നാം ഓവർ എറിയാനെത്തിയ തോമസിനെ തുടർച്ചയായി രണ്ടു ബൗണ്ടറിക്കു ശിക്ഷിച്ചു. ഇതോടെ ആവേശഭരിതനായ രോഹിത് മൂന്നാം ഓവറിലെ അവസാന പന്ത് ഗാലറിയിലെത്തിച്ച് ഒഷാനെ തോമസിനെ കളി പഠിപ്പിച്ചു! ഒഷാനെയുടെ അടുത്ത ഓവറിലും കോഹ്‍ലി രണ്ടു ബൗണ്ടറി നേടിയതോടെ അപകടം മണത്ത ക്യാപ്റ്റൻ ജേസൺ ഹോൾഡർ താരത്തെ പിൻവലിച്ച് നേരിട്ട് പന്തുമായി എത്തിയെങ്കിലും ആദ്യ ഓവറിൽത്തന്നെ ഇരട്ട ബൗണ്ടറി നേടി കോഹ്‍ലി നയം വ്യക്തമാക്കി.
∙ തകർത്തടിച്ച് കോഹ്‍ലി–രോഹിത്, അനായാസം ഇന്ത്യ
ഗുവാഹത്തി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ അക്ഷരാർഥത്തിൽ വിരുന്നൂട്ടുകയായിരുന്നു കോഹ്‍ലിയും രോഹിതും. കോഹ്‍ലി സ്വതസിദ്ധമായ ശൈലിയിൽ ഒഴുക്കോടെ കളിച്ചപ്പോൾ, പതിവിനു വിപരീതമായി രോഹിത് നിലയുറപ്പിക്കാൻ സമയമെടുത്തു. 7.3 ഓവറിൽ ഇന്ത്യ 50 കടന്നു. തൊട്ടുപിന്നാലെ വെറും 41 പന്തിൽ കോഹ്‍ലി–രോഹിത് സഖ്യവും. 35 പന്തിൽ 10 ബൗണ്ടറി സഹിതം കോഹ‍്‌ലിയാണ് ആദ്യം അർധസെഞ്ചുറി പൂർത്തിയാക്കിയത്. രോഹിത് ആകട്ടെ 51 പന്തിൽ മൂന്നു വീതം ബൗണ്ടറിയും സിക്സും ഉൾപ്പെടെയാണ് 50ൽ എത്തിയത്. ഇതിനിടെ പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ ഇന്ത്യ 100 കടന്നു. 94 പന്തിൽ കോഹ്‍ലി–രോഹിത് സഖ്യവും സെഞ്ചുറി കൂട്ടുകെട്ട് പൂർത്തിയാക്കി.
22.4 ഓവറിൽ ഇന്ത്യ 150 കടന്നു. 135 പന്തിൽ കോഹ്‍ലി–രോഹിത് സഖ്യവും 150 റൺസിലെത്തി. ഇതിനു പിന്നാലെയായിരുന്നു കോഹ്‍ലിയുടെ 36–ാം ഏകദിന സെഞ്ചുറി. 88 പന്തിൽ 16 ബൗണ്ടറികൾ സഹിതം കോഹ്‍ലി സെഞ്ചുറിയിലെത്തി. അർധസെഞ്ചുറിയില്‍നിന്ന് സെഞ്ചുറിയിലെത്താൻ കോഹ്‍ലിക്കു വേണ്ടിവന്നത് 53 പന്തുകൾ. എന്നാൽ, അർധസെഞ്ചുറിക്കുശേഷം മാരകഫോമിലായിരുന്നു രോഹിത്. 84–ാം പന്തിൽ സെഞ്ചുറി തൊട്ട രോഹിതിന് രണ്ടാമത്തെ 50 റൺസ് നേടാൻ വേണ്ടിവന്നത് 33 പന്തുകൾ മാത്രം. 10 ബൗണ്ടറിയും അഞ്ചു സിക്സും സഹിതമായിരുന്നു രോഹിതിന്റെ സെഞ്ചുറി.
ഇതിനിടെ 29–ാം ഓവറിൽ ഇന്ത്യ 200 കടന്നു. 33–ാം ഓവറിൽ 250ഉം. രോഹിത് തകർത്തടിച്ചതോടെ വെറും 163 പന്തിലാണ് കോഹ്‍ലി–രോഹിത് സഖ്യം ഇരട്ടസെഞ്ചുറി കൂട്ടുകെട്ടിലെത്തിയത്. ഒടുവിൽ സ്കോർ 256ൽ നിൽക്കെ ദേവേന്ദ്ര ബിഷൂവിനെ കയറിക്കളിക്കാനുള്ള ശ്രമം പിഴച്ച കോഹ്‌ലിയെ വിക്കറ്റ് കീപ്പർ ഷായ് ഹോപ് സ്റ്റംപു ചെയ്ത് മടക്കി. രോഹിതിനൊപ്പം 246 റൺസ് കൂട്ടുകെട്ടും തീർത്താണ് കോഹ്‍ലി പുറത്തായത്. 107 പന്തിൽ 21 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 140 റൺസായിരുന്നു കോഹ്‍ലിയുടെ സമ്പാദ്യം.
കോഹ്‍ലി മടങ്ങിയെങ്കിലും നാലാമനായി ക്രീസിലെത്തിയ അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് അനായാസം തന്നെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇത്. രോഹിത് ശർമ 117 പന്തിൽ 15 ബൗണ്ടറിയും എട്ടു സിക്സും സഹിതം 152 റണ്‍സുമായി പുറത്താകാതെ നിന്നു. അമ്പാട്ടി റായുഡു 26 പന്തിൽ 22 റൺസുമെടുത്തു. പിരിയാത്ത മൂന്നാം വിക്കറ്റിൽ രോഹിത്–റായുഡു സഖ്യം 70 റൺസെടുത്തു.
∙ ട്വന്റി20 വേഗത്തിൽ ഹെറ്റ്മയർ, 300 കടന്ന് വിൻഡീസ്
നേരത്തെ, ട്വന്റി20യെ വെല്ലുന്ന വേഗത്തിൽ മൂന്നാം ഏകദിന സെഞ്ചുറിയിലേക്കെത്തിയ യുവതാരം ഷിംറോൺ ഹെറ്റ്മയറിന്റെ (106) മികവിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ വിൻഡീസ് 322 റൺസെടുത്തു. ഹെറ്റ്മയറിന്റെ സെഞ്ചുറിക്കും ഓപ്പൺ കീറൺ പവലിന്റെ അർധസെഞ്ചുറിക്കും (51) പുറമേ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളും നിറം ചാർത്തിയ ഇന്നിങ്സിനൊടുവിലാണ് വിൻഡീസ് 300 കടന്നത്. 200–ാം ഏകദിനത്തിന് ഇറങ്ങിയ മർലോൺ സാമുവൽസ് നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായതു മാത്രമാണ് വിൻഡീസിന് നിരാശ പകർന്നത്.
74 പന്തിൽ ആറു വീതം ബൗണ്ടറിയും സിക്സും സഹിതമാണ് ഹെറ്റ്‌മയർ മൂന്നാം ഏകദിന സെഞ്ചുറി പൂർത്തിയാക്കിയത്. മുഹമ്മദ് ഷമിയുടെ പന്തിൽ സിക്സ് നേടിക്കൊണ്ടാണ് ഹെറ്റ്മയർ സെഞ്ചുറിയിലേക്കെത്തിയത്. രവീന്ദ്ര ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ പുറത്താവുകയും ചെയ്തു. അവസാന 10 ഓവറിൽനിന്നു മാത്രം 66 റൺസ് അടിച്ചുകൂട്ടിയാണ് വിൻഡീസ് 300 കടന്നത്. പിരിയാത്ത ഒൻപതാം വിക്കറ്റിൽ ദേവേന്ദ്ര ബിഷൂ–കെമർ റോച്ച് സഖ്യം 44 റൺസ് കൂട്ടിച്ചേർത്തു. റോച്ച് 24 റൺസോടെയും ബിഷൂ 22 റൺസോടെയും പുറത്താകാതെ നിന്നു. അരങ്ങേറ്റ താരം ചന്ദർപോൾ ഹേംരാജ് (ഒൻപത്), മർലോൺ സാമുവൽസ് (പൂജ്യം), ഷായ് ഹോപ്പ് (32), റൂവൻ പവൽ (22), ആഷ്‌ലി നഴ്സ് (രണ്ട്), ക്യാപ്റ്റൻ ജേസൺ ഹോൾഡർ (38) എന്നിവരാണ് വിൻഡീസ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.
രണ്ടാം വിക്കറ്റിൽ കീറൺ പവൽ–ഷായ് ഹോപ് സഖ്യവും (65) അഞ്ചാം വിക്കറ്റിൽ ഹെറ്റ്മയർ–റൂവൻ പവൽ സഖ്യവും (74) ആറാം വിക്കറ്റിൽ ഹോൾഡർ–ഹെറ്റ്മയർ സഖ്യവും (60) വിൻഡീസിനായി അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. ഇന്ത്യയ്ക്കായി യുസ്‍വേന്ദ്ര ചാഹൽ മൂന്നും മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർ രണ്ടും ഖലീൽ അഹമ്മദ് ഒരു വിക്കറ്റും വീഴ്ത്തി.