ജയിക്കേണ്ട മൽസരമായിരുന്നു; കൂട്ടുകെട്ടുകൾ തീർക്കാനായില്ല: കോഹ്‍ലി

പുണെ∙ ഏകദിന പരമ്പരയിലെ മൂന്നാം മൽസരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം ഇന്ത്യയ്ക്ക് അനായാസം മറികടക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂവെന്ന് ക്യാപ്റ്റൻ വിരാട് കോഹ്‍ലി. മികച്ച കൂട്ടുകെട്ടുകൾ തീർക്കുന്നതിൽ സംഭവിച്ച പിഴവുകളാണ് ഇന്ത്യയെ വിജയത്തിൽനിന്ന് അകറ്റിയതെന്നും കോഹ്‍ലി അഭിപ്രായപ്പെട്ടു. തുടർച്ചയായ മൂന്നാം മൽസരത്തിലും കോഹ‍്‌ലി സെഞ്ചുറിയുമായി മുന്നിൽനിന്നും നയിച്ചെങ്കിലും ഇന്ത്യ 43 റൺസിനു തോറ്റിരുന്നു. ഇതോടെ പരമ്പരയിൽ 1–1ന് ഇന്ത്യയ്ക്കൊപ്പമെത്തുകയും ചെയ്തു.

എട്ടിന് 227 റൺസ് എന്ന നിലയിൽ തകർന്ന വിൻഡീസിനെ 250–260 റൺസിനുള്ളിൽ ഒതുക്കേണ്ടതായിരുന്നുവെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി. ‘മികച്ച ബോളിങ്ങായിരുന്നു നമ്മുടേത്. ആദ്യത്തെ 35 ഓവറിൽ പിച്ചിൽനിന്ന് നമുക്കു കാര്യമായ പിന്തുണയൊന്നും കിട്ടിയിരുന്നില്ല. എന്നാൽ, തുടർന്നങ്ങോട്ട് ബാറ്റിങ് ദുഷ്കരമായി. എട്ടിന് 227 റൺസെന്ന നിലയിൽ തകർന്ന വിൻഡീസിനെ പരമാവദി 260 റൺസിനുള്ളിൽ ഒതുക്കേണ്ടതായിരുന്നു. എന്നാൽ അവസാന 10 ഓവറിൽ നമുക്കു പൂർണമായും നിയന്ത്രണം പുലർത്താനായില്ല’ – കോഹ്‍ലി പറഞ്ഞു.

വിൻഡീസ് 283ൽ എത്തിയെങ്കിലും അതും ഇന്ത്യയ്ക്ക് പിന്തുടർന്ന് മറികടക്കാമായിരുന്ന ടോട്ടലായിരുന്നുവെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. മികച്ച കൂട്ടുകെട്ടുകൾ തീർക്കുന്നതിൽ സംഭവിച്ച പിഴവാണ് മൽസരം കൈവിടാൻ കാരണം. ഈ വിൻഡീസ് ടീം ഏതു നിമിഷവും അപകടകാരികളാകുന്നവരാണ്. അവരുടേതായ ദിവസത്തിൽ എതിരാളികൾ ആരായാലും അവർ തോൽപ്പിക്കും – കോഹ്‍ലി പറ‍ഞ്ഞു.

ജയമായാലും തോൽവിയായാലും മൽസരഫലം നാം അംഗീകരിച്ചേ പറ്റൂ. ഇതൊരു മോശം ദിവസമായിരുന്നു എന്നതാണ് വസ്തുത. മികച്ച പദ്ധതികളുണ്ടായിരുന്നെങ്കിലും അതു പ്രാവർത്തികമാക്കുന്നതിൽ പിഴവു സംഭവിച്ചു – കോഹ്‍ലി പറഞ്ഞു.

ജസ്പ്രീത് ബുമ്രയും ഭുവനേശ്വർ കുമാറും തിരിച്ചെത്തിയതോടെ രവീന്ദ്ര ജഡേജയെ പുറത്തിരുത്തിയ ഇന്ത്യ, അഞ്ചു ബോളർമാരുമായാണ് കളിച്ചത്. ഹാർദിക് പാണ്ഡ്യയെയും കേദാർ ജാദവിനെയും പോലുള്ള ഓൾറൗണ്ടർമാരുടെ അഭാവത്തിൽ കൃത്യമായ ബാലൻസോടെ ടീമിനെ സജ്ജമാക്കുന്നത് ശ്രമകരമായ ജോലിയാണെന്ന് കോഹ്‍ലി ചൂണ്ടിക്കാട്ടി. അതേസമയം, അവസാനത്തെ രണ്ട് ഏകദിനങ്ങൾക്കുള്ള ടീമിലേക്ക് ജാദവിനെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഹാർദിക് പാണ്ഡ്യയും കേദാർ ജാദവും കളിക്കുന്ന അവസരങ്ങളിൽ പരീക്ഷണങ്ങൾക്ക് നമുക്ക് അവസരം കിട്ടും. ഹാർദിക് ടീമിലില്ലെങ്കിൽ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങാനാകുന്ന വേറെ ആരുണ്ട്? അങ്ങനെ വരുമ്പോൾ ടീം തിരഞ്ഞെടുപ്പ് ദുഷ്കരമാകും. അടുത്ത മൽസരത്തിൽ കേദാർ തിരിച്ചെത്തുന്നതോടെ നമ്മുടെ ബാറ്റിങ് കുറച്ചുകൂടി ആഴമുള്ളതാകും. ബാലൻസ് ഇല്ലാതെ വരുമ്പോൾ സ്വാഭാവികമായും ഒരു വശത്തേക്കു ചരിവു വരും. കൃത്യമായ അനുപാദത്തിൽ ടീമിനെ അണിനിരത്തുകയെന്നതാണ് പ്രധാനം.