ദീപാവലിദിനത്തിൽ രോഹിത് വെടിക്കെട്ട്; ഇന്ത്യയ്ക്കു ജയം, പരമ്പര

വിൻഡീസിനെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഖലീൽ അഹമ്മദ്.

ലക്നൗ∙ കരീബിയൻ പേസർമാർക്കു മീതെ സിക്സറുകളുടെ മത്താപ്പുകളുമായി രോഹിത് ശർമ തുടങ്ങിവച്ച ദീപാവലി ആഘോഷം കുൽദീപ് യാദവും ഖലീൽ അഹ്മദും പന്തുകൊണ്ട് ഏറ്റെടുത്തു. എ.ബി. വാജ്പേയി സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മൽസരത്തിൽ ഇന്ത്യൻ വിജയത്തിന് 71 റൺസിന്റെ തിളക്കം. സെഞ്ചുറി നേട്ടത്തോടെ രോഹിത് (111*) കാണികൾക്കു ദൃശ്യവിരുന്നൊരുക്കി. വിൻഡീസ് ബാറ്റ്മാർമാർക്കു നിലയുറപ്പിക്കാൻ അവസരം നൽകാതെ ബോളർമാരും കളം നിറഞ്ഞതോടെ ഇന്ത്യയ്ക്കു ദീപാവലി മധുരമായി ട്വന്റി20 പരമ്പരയും (2–0). സ്കോർ: ഇന്ത്യ– 20 ഓവറിൽ 2ന് 195; വിൻഡീസ്– 20 ഓവറിൽ 9ന് 124. 

61 പന്തിൽ 7 സിക്സും 9 ബൗണ്ടറിയും അടങ്ങുന്നതാണ് ഇന്ത്യൻ നായകന്റെ ഇന്നിങ്സ്. 3 കളികളുടെ പരമ്പര ഒരു മൽസരം ബാക്കിനിൽക്കെത്തന്നെ ഇന്ത്യ സ്വന്തമാക്കി.    

റൺ ചെയ്സിൽ ഓപ്പണർമാരായ ഹോപിനെയും ഹെറ്റ്മിയറിനെയും ഖലീൽ അഹമ്മദ് മടക്കിയതോടെതന്നെ മൽസരത്തിലെ വിൻഡീസ് പ്രതീക്ഷകൾ അവസാനിച്ചിരുന്നു. 8–ാം ഓവറിൽ ബ്രാവോയെയും പുരാനെയും മടക്കി കുൽദീപ് ഏൽപ്പിച്ച ഇരട്ട പ്രഹരത്തോടെ 4ന് 52 എന്ന നിലയിൽ തകർന്ന വിൻഡീസിന് പിന്നീടു മൽസരത്തിലേക്കു തിരിച്ചുവരാനായില്ല. 23 റൺസെടുത്ത ഡാരൻ ബ്രാവോയാണു വിൻഡീസ് ടോപ് സ്കോറർ.

ലക്നൗവിലെ പുതിയ പിച്ചിന്റെ സ്വഭാവം ഗ്രഹിക്കുന്നതിലാണ് ഇരു ടീമുകളും ആദ്യം ശ്രദ്ധിച്ചത്. ഓഷെയ്ൻ തോമസ് മികച്ച ലെങ്തിൽ എറിഞ്ഞ ആദ്യ ഓവർ രോഹിത് മെയ്ഡനാക്കി. വിൻഡീസ് ബോളർമാർക്കുണ്ടായിരുന്ന നേരിയ മേൽക്കൈ നീണ്ടത് അഞ്ചാം ഓവർ വരെ മാത്രം. തോമസിനു ലെങ്ത് പിഴച്ച അഞ്ചാം ഓവറിൽ 17 റൺസടിച്ചു തുടങ്ങിയ ബാറ്റിങ് വെടിക്കെട്ട് രോഹിത് അവസാനിപ്പിച്ചത് 20–ാം ഓവറിൽ ഇന്ത്യൻ ഇന്നിങ്ങ്സ് അവസാനിച്ചതോടെയാണ്.

അർധ ‍സെഞ്ചുറി തികച്ചതിനു ശേഷം രോഹിത് ബാറ്റിങ് ഗിയർ മാറ്റിയതോടെ ഇന്ത്യൻ റൺറേറ്റ് കുതിച്ചു കയറി. തുടർച്ചയായ ബൗണ്ടറികളും സിക്സുകളും നേടിയ  രോഹിത് അവസാന ഓവറിൽ‌ ട്വന്റി20യിലെ തന്റെ 4–ാം സെഞ്ചുറിയിലെത്തി. കാർലോസ് ബ്രാത്ത്‌വൈറ്റിനെ തലങ്ങും വിലങ്ങും അടിച്ചു പറത്തി രോഹിത് ആ ഓവറിൽ നേടിയത് 20 റൺസ്!

സ്കോർബോർഡ്

ധവാനും രോഹിതും.

ഇന്ത്യ: രോഹിത് നോട്ടൗട്ട് 111, ധവാൻ സി പുരാൻ ബി അലെൻ 43, പന്ത് സി ഹെറ്റ്മിയർ ബി പിയറി 5, രാഹുൽ നോട്ടൗട്ട് 26. എക്സ്ട്രാസ് 10. ആകെ 20 ഓവറിൽ 2ന് 195.

വിക്കറ്റ് വീഴ്ച: 1–123, 2–133

ബോളിങ്: തോമസ് 4–1–27–0, പോൾ 4–0–30–0, പിയറി 4–0–49–1, ബ്രാത്ത്‌വൈറ്റ് 4–0–56–0, അലെൻ 4–0–33–1

വിൻഡീസ്: ഹോപ് ബി ഖലീൽ 6, ഹെറ്റ്മിയർ സി ധവാൻ ബി ഖലീൽ 15, ഡാരൻ ബ്രാവോ സി രോഹിത് ബി കുൽദീപ് 23, രാംദിൻ സി രോഹിത് ബി ഭുവനേശ്വർ 10 , പുരാൻ ബി കുൽദീപ് 4, പൊള്ളാർഡ് സി ആൻഡ് ബി ബുമ്ര 6, ബ്രാത്ത്‌വൈറ്റ് നോട്ടൗട്ട് 15, അലെൻ റണ്ണൗട്ട് 0, പോൾ സി രോഹിത് ബി ഭുവനേശ്വർ 20, പിയറി സി ആൻഡ് ബി ബുമ്ര 1, തോമസ് നോട്ടൗട്ട് 8. എക്സ്ട്രാസ് 16. ആകെ 20 ഓവറിൽ 9ന് 124.

ലക്നൗവിലെ ആദ്യ രാജ്യാന്തര മൽസരത്തിൽ രോഹിത് ശർമ സെഞ്ചുറിയിലേക്ക്.

വിക്കറ്റ് വീഴ്ച: 1–7, 2–33, 3–48, 4–52, 5–68, 6–81, 7–81, 8–114, 9–116 

ബോളിങ്: ഭുവനേശ്വർ 4–0–12–2, ഖലീൽ 4–0–30–2, ബുമ്ര 4–0–20–2, ക്രുനാൽ 4–0–23–0, കുൽദീപ് 4–0–32–2