പന്ത് ചോദിച്ചു വാങ്ങി, വിക്കറ്റ് വീഴ്ത്തി; ഇന്ത്യൻ ബോളിങ്ങിൽ പ്രതീക്ഷയായി ഖലീൽ അഹമ്മദ്

Khaleel Ahmed
ഖലീൽ അഹമ്മദ്

ലക്നൗ∙ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ട്വന്റി20യിൽ ഇന്ത്യ 195 റൺസ് കുറിച്ചതോടെ ഇടങ്കയ്യൻ പേസർ ഖലീൽ അഹമ്മദ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു മുന്നിൽ ആവശ്യമുന്നയിച്ചു: ഭുവനേശ്വർ കുമാറിനൊപ്പം ബോളിങ് ഓപ്പൺ ചെയ്യാൻ അവസരം നൽകണം. അരങ്ങേറ്റം കുറിച്ചിട്ട് ഏറെ നാളായിട്ടില്ല, രാജ്യാന്തര ക്രിക്കറ്റ് ജീവിതത്തിലെ രണ്ടാം ട്വന്റി20 മാത്രവും. എങ്കിലും ഖലീലിന്റെ വാക്കുകളിൽ നിറഞ്ഞുനിന്ന ആവേശവും ആത്മവിശ്വാസവും തിരിച്ചറിഞ്ഞിട്ടാവാം, രോഹിത് സന്തോഷത്തോടെ പന്ത് ഖലീലിനു നൽകി. രണ്ട് ഓപ്പണർമാരെയും തിരിച്ചു ഡ്രസിങ് റൂമിലെത്തിച്ചാണു ഖലീൽ, ക്യാപ്റ്റൻ കാണിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞത് !

വലിയ സ്റ്റേഡിയങ്ങളും വലിയ താരങ്ങളെയും കാണുമ്പോഴുള്ള ചങ്കിടിപ്പില്ലാത്ത ഇന്ത്യയുടെ പുത്തൻ തലമുറ ക്രിക്കറ്റർമാരുടെ പ്രതിനിധിയാണു രാജസ്ഥാനിലെ ടോങ്കിൽ നിന്നുള്ള ഖലീൽ അഹമ്മദും. ഋഷഭ് പന്ത്, പൃഥ്വി ഷാ തുടങ്ങിയ താരങ്ങളെപ്പോലെ തന്നെ എടുപ്പിലും നടപ്പിലുമെല്ലാം കൂസലില്ലായ്മ. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിലൂടെ കൈവന്നതാണീ തലമുറ മാറ്റം. അവസരങ്ങൾ തേടിപ്പിടിക്കണമെന്ന ഖലീൽ അഹമ്മദിന്റെ വിശ്വാസവും കടുത്ത മൽസരത്തിന്റെ കളിത്തട്ടായ ഐപിഎല്ലിൽ നിന്നു ലഭിച്ചതു തന്നെ. നാലോവറിൽ 30 റൺസ് വഴങ്ങിയ ഖലീൽ അഹമ്മദ് ഷായ് ഹോപ്, ഹെറ്റ്മിയർ എന്നീ അപകടകാരികളെയാണു പുറത്താക്കിയത്. അതോടെ തന്നെ വൻസ്കോറിനോടു പൊരുതിനോക്കാനുള്ള കെൽപ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായി. ആറ് ഏകദിനങ്ങളും കളിച്ചിട്ടുള്ള ഖലീൽ 11 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

‘‘പുതിയ പന്ത് എറിയുന്നതുകൊണ്ടു തന്നെ എനിക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടായിരുന്നു. എനിക്ക് അത് ഏറ്റെടുക്കാൻ ഇഷ്ടവുമാണ്. ചെറുപ്പമായിരുന്നപ്പോൾ ഇന്ത്യയ്ക്കു കളിക്കുന്നതായിരുന്നു എന്റെ ഇഷ്ട സ്വപ്നം. ഇപ്പോൾ അതു സഫലമായി. സമ്മർദ്ദത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയില്ലെന്ന് എനിക്കറിയാം. ഇന്ത്യയ്ക്കു വേണ്ടി നന്നായി കളിക്കുക, സ്വന്തം കളി ആസ്വദിക്കുക എന്നിവയാണ് എന്റെ ലക്ഷ്യങ്ങൾ. സ്വന്തം കഴിവിൽ വിശ്വാസമുണ്ട്. കളി ആസ്വദിക്കുകയും, കൂടുതൽ മികവിനു വേണ്ടിയുള്ള ദാഹം ഉണ്ടാവുകയുണ് പ്രധാനം.’’– ഖലീൽ തന്റെ നയം വെളിപ്പെടുത്തുന്നു.

ഏഷ്യാകപ്പിലാണ് ഖലീൽ ആദ്യം ടീമിലെത്തുന്നത്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലാണു ശ്രദ്ധ നേടാൻ കഴിഞ്ഞത്. നാലു മൽസരങ്ങളിൽ ഏഴു വിക്കറ്റുമായി പരമ്പരയിലെ വിക്കറ്റുവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തായിരുന്നു ഖലീൽ. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഐപിഎല്ലിൽ നിന്നു ലഭിച്ച പരിചയ സമ്പത്താണു തന്റെ വിജയത്തിനു പിന്നിലെന്ന് ഇപ്പോൾ ഹൈദരാബാദ് സൺറൈസേഴ്സിന്റെ താരമായ ഖലീൽ പറയുന്നു.

‘‘ഐപിഎല്ലിൽ കളിച്ചു കഴിഞ്ഞാൽ, രാജ്യാന്തര ക്രിക്കറ്റിലെത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ വേണ്ടി വരില്ല. കാരണം, രാജ്യാന്തര താരങ്ങളുമായി ഡ്രസിങ് റൂം പങ്കിടുന്നതിന്റെ അനുഭവ സമ്പത്ത് അവിടെ നിന്നു ലഭിക്കും. പ്രഫഷനലിസവും സ്വായത്തമാകും. അതോടെ പിഴവുകൾ സ്വയം തിരുത്താനുള്ള അറിവു നേടും.’’– ഖലീൽ പറയുന്നു. അതിവേഗത്തേക്കാളുപരി, കൃത്യതയാണു ഖലീലിന്റെ ബോളിങ്ങിന്റെ മുഖമുദ്ര. കളി വിശകലനം ചെയ്യുന്നതിലും ഈ കൃത്യതയുണ്ടെന്നു വാക്കുകൾ വ്യക്തമാക്കുന്നു. ഉയരങ്ങളിലെത്താനുള്ള ആഗ്രഹവും ഉള്ളിൽ നിറയുന്നതോടെ ഈ ഇടങ്കയ്യൻ പേസർ ഇന്ത്യൻ ടീമിന്റെ സ്ഥിരം സാന്നിധ്യമാകാൻ സാധ്യതയേറെ.