ബാറ്റ്സ്മാനു ക്രീസിൽ വട്ടം കറങ്ങാം, ബോളർക്കോ? ശിവ ബിസിസിഐയ്ക്കു മുന്നിൽ

1. ബംഗാളിനെതിരെ ശിവ സിങ്ങിന്റെ ബോളിങ്. 2. എ‍.ബി. ഡിവില്ലിയേഴ്സിന്റെ ബാറ്റിങ്. 3. ബോളർക്കു പുറകു തിരിഞ്ഞുനിൽക്കുന്ന ഓസീസ് താരം ജോർജ് ബെയ്‍ലി.

മുംബൈ∙ 360 ഡിഗ്രിയിൽ വട്ടം കറങ്ങി ബോൾ ചെയ്ത യുവതാരത്തിന്റെ പന്ത് ‘ഡെഡ് ബോൾ’ ആണെന്നു വിധിച്ച അംപയറുടെ തീരുമാനം, ക്രിക്കറ്റ് എന്നും ബാറ്റ്സ്മാൻമാർക്ക് അനുകൂലമായ കളിയാണെന്ന ആക്ഷേപം ശരിവയ്ക്കുന്നതോ? ഉത്തർപ്രദേശിനായി ശിവ സിങ് എന്ന പത്തൊൻപതുകാരൻ താരം ബംഗാളിനെതിരെ ആ ബോൾ ചെയ്തിട്ട് ദിവസങ്ങളായെങ്കിലും ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്ക് അവസാനമില്ല. തന്റെ പന്തിനു നിയമ സാധുത നൽകണമെന്ന ആവശ്യവുമായി നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെ സമീപിച്ചിരിക്കുകയാണ് ശിവ സിങ്.

അണ്ടർ 23 സംസ്ഥാന ടീമുകൾക്കായി നടത്തപ്പെടുന്ന ചതുർദിന ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ സി.കെ. നായിഡു ട്രോഫിക്കിടെയാണ് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്കു വഴിമരുന്നിട്ട സംഭവം അരങ്ങേറിയത്. മൽസരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബംഗാൾ ബാറ്റു ചെയ്യുമ്പോഴാണ് 360 ഡിഗ്രി തിരിഞ്ഞുള്ള ബോളിങ് ആക്ഷനുമായി ശിവ സിങ് അവതരിച്ചത്. ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ശിവ സിങ്. ബോളിങ്ങിനു മുന്നോടിയായുള്ള റണ്ണപ്പിനുശേഷം 360 ‍ഡ‍ിഗ്രിയിൽ വട്ടം കറങ്ങിയ ശേഷമാണ് ശിവ സിങ് പന്ത് റിലീസ് ചെയ്തത്. ആ പന്തു കൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിലും അംപയറായിരുന്ന വിനോദ് ശേഷൻ അതു ‘ഡെഡ് ബോൾ’ ആയി വിധിക്കുകയായിരുന്നു.

ഇതോടെ അമ്പരന്നു പോയ ശിവ സിങ് അംപയറിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അയഞ്ഞില്ല. ഉത്തർ പ്രദേശ് നായകൻ ശിവം ചൗധരി നേരിട്ടു വന്നിട്ടും സംസാരിച്ചെങ്കിലും സഹ അംപയർ രവിശങ്കറുമായി സംസാരിച്ച് അതു ഡെഡ് ബോളാണെന്ന തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ബാറ്റ്സ്മാനെയോ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരത്തെയോ മനഃപൂർവം കബളിപ്പിക്കാനുള്ള ശ്രമം ബോളർ നടത്തുന്ന സാഹചര്യത്തിൽ പന്ത് ‘ഡെഡ് ബോൾ’ ആയി വിധിക്കാമെന്ന ഐസിസി നിയമത്തിന്റെ ചുവടുപിടിച്ചാണ് ശേഷൻ ശിവ സിങ്ങിന്റെ 360 ഡിഗ്രി ബോൾ ഡെഡ് ബോൾ ആണെന്നു കണ്ടെത്തിയത്.

എന്നാൽ, ക്രീസിൽ നിൽക്കുന്ന ബാറ്റ്സ്മാന് 360 ഡിഗ്രിയിൽ തിരിയുകയോ ചെരിയുകയോ കിടക്കുകയോ ചെയ്യാമെന്നിരിക്കെ ബോളറെ മാത്രം ഇത്തരത്തിൽ നിയന്ത്രിക്കുന്നതിന്റെ സാംഗത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എ.ബി. ഡിവില്ലിയേഴ്സ് ഇത്തരം കളിയുടെ പേരിൽ മിസ്റ്റർ 360 എന്നാണ് അറിയപ്പെടുന്നതുപോലും.

ഇത്തരത്തിൽ ‘അസ്വാഭാവിക’മായി പെരുമാറുന്ന ബാറ്റ്സ്മാനോട് വിശദീകരണം ചോദിക്കാൻ പോലും അംപയർമാർക്കു വകുപ്പില്ല. ഈ സാഹചര്യത്തിൽ, അംപയറുടെ തീരുമാനം, ക്രിക്കറ്റ് ബാറ്റ്സ്മാന്റെ മാത്രം കളിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. മുൻ ഇന്ത്യൻ താരം ബൽവീന്ദർ സിങ് സന്ധു ഉൾപ്പെടെയുള്ളവർ ശിവ സിങ്ങിനെ അനുകൂലിച്ചും അംപയറെ വിമർശിച്ചും രംഗത്തെത്തിയിരുന്നു.

അതേസമയം, ശിവയുടെ പന്ത് അംപയർ ഡെഡ് ബോള്‍ ആയി വിധിച്ചതിൽ തെറ്റില്ലെന്നാണ് ഐസിസിയുടെ എലൈറ്റ് പാനലിൽ അംഗമായ അംപയർ സൈമണ്‍ ടോഫലിന്റെ നിരീക്ഷണം. ബാറ്റ്സ്മാൻ ക്രീസിൽ തിരിഞ്ഞുനിന്നു കളിക്കാൻ ശ്രമിക്കുമ്പോഴും ഉദ്ദേശ്യം ഷോട്ട് ഉതിർക്കുക മാത്രമാണ്. എന്നാൽ, റണ്ണപ്പിനിടെ വട്ടം കറങ്ങുന്ന ബോളർ ബാറ്റ്സ്മാന്റെ ശ്രദ്ധ തെറ്റിക്കാൻ മനഃപൂർവം ശ്രമിക്കുകയാണ് – അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ അംപയർമാരുടെ തീരുമാനമാണ് അന്തിമമെന്നാണ് ക്രിക്കറ്റ് നിയമങ്ങളുടെ ഉപജ്ഞാതാക്കളായ എംസിസിയുടെ നിലപാട്.

ശിവയുടെ 360 ഡിഗ്രി തിരിഞ്ഞുള്ള ബോളിങ് വിവാദമായെങ്കിലും താരം നാലു വിക്കറ്റ് പിഴുത മൽസരത്തിൽ ഉത്തർ പ്രദേശ് മൂന്നു ദിവസം കൊണ്ട് ഇന്നിങ്സ് വിജയം സ്വന്തമാക്കി. ബിസിസിഐ തന്റെ ആക്ഷൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ശിവ സിങ് എഎൻഐയോടു പ്രതികരിച്ചു.

‘എന്റെ ബോളിങ് ആക്ഷൻ ബിസിസിഐ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരത്തിൽ ബോളർമാർക്കു മാത്രം നിയന്ത്രണം ഏർപ്പെടുത്തുന്നതു ശരിയല്ല. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചല്ലാതെ ബാറ്റ് ചെയ്യുന്ന എത്രയോ താരങ്ങളുണ്ട്. അവരെക്കുറിച്ച് എന്താണു പറയാനുള്ളത്? എന്റെ ആക്ഷനിൽ ഒരു കുഴപ്പവുമില്ലെന്നാണ് ഇപ്പോഴും നിലപാട്. മുൻപ് പല പ്രാദേശിക മൽസരങ്ങളിലും ഈ ആക്ഷൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്. അന്നൊന്നും അംപയർമാർ ഡെഡ് ബോൾ വിളിച്ചിട്ടില്ല. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ ഇതേ ആക്ഷൻ ഉപയോഗിച്ചപ്പോഴും യാതൊരു പ്രശ്നവുമില്ലായിരുന്നു.’ – ശിവ സിങ് വ്യക്തമാക്കി.