ധാക്ക ∙ ടെസ്റ്റ് ക്രിക്കറ്റിൽ 2 ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ മുഷ്ഫിഖുർ റഹിമിന്റെ ബാറ്റിങ് മികവിൽ, സിംബാബ്‌വെയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ ബംഗ്ലദേശ് കരുത്തുറ്റ നിലയിൽ. പുറത്താകാതെ 219 റൺസ് നേടിയ മുഷ്ഫിഖുർ മുന്നിൽനിന്നു നയിച്ച ഒന്നാം ഇന്നിങ്സ് ആതിഥേയർ ഏഴിന് 522 ന് രണ്ടാം ദിവസമായ ഇന്നലെ ഡിക്ലയർ ചെയ്തു.
421 പന്തുകൾ നേരിട്ട മുഷ്ഫിഖുർ 18 ബൗണ്ടറികളും ഒരു സിക്സും നേടി. ബംഗ്ലദേശിനു വേണ്ടി ഏറ്റവും ഉയർന്ന സ്കോർ നേടിയ താരമെന്ന റെക്കോർഡിൽ ഷക്കീബ് അൽ ഹസനെയും (217) മുഷ്ഫിഖുർ മറികടന്നു. സീൻ വില്യംസിന്റെ പന്തിൽ റണ്ണെടുത്ത് മുഷ്ഫിഖുർ ഈ റെക്കോർഡ് മറികടന്നയുടൻ ബംഗ്ലദേശ് ക്യാപ്റ്റൻ മഹ്മദുല്ല റിയാദ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 2013ൽ ഗോളിൽ നടന്ന മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ മുഷ്ഫിഖുർ ഇരട്ടസെഞ്ചുറി (200) നേടിയിരുന്നു.
മറുപടിക്കിറങ്ങിയ സിംബാബ്‌വെ കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് എടുത്തിട്ടുണ്ട്.
ഏഴു വർഷത്തിനിടെ ആദ്യടെസ്റ്റ് പരമ്പര നേടാൻ കൊതിക്കുന്ന സിംബാബ്‌വെ ഇന്നു കൂടുതൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളി സമനിലയിൽ എത്തിക്കാനാവും ശ്രമിക്കുക. ആദ്യ ടെസ്റ്റ് ജയിച്ച അവർ 1–0നു മുന്നിലാണ്. ബ്രിയാൻ ചാരിയും (10) നൈറ്റ് വാച്ച്മാൻ ഡൊണാൾഡ് ട്രിപിയാനോയുമാണു ക്രീസിൽ.