ഓസ്ട്രേലിയയിൽ ഇന്ത്യ ജയിച്ചില്ലെങ്കിലാണ് അദ്ഭുതം: ഓസീസ് സൂപ്പർതാരം

സിഡ്നി∙ ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യയ്ക്ക് ഇത്തവണത്തെ പരമ്പരയെന്ന് മുൻ ഓസീസ് താരം ഡീൻ ജോൺസ്. ഇക്കുറി ഇന്ത്യ പരമ്പര നേടിയില്ലെങ്കിലാണ് അദ്ഭുതമെന്നും ജോൺസ് പറ‍ഞ്ഞു. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനാകും പരമ്പരയിലെ മിന്നും താരമെന്നും അദ്ദേഹം പ്രവചിച്ചു.

‘അശ്വിനാകും ഈ പരമ്പരയിലെ പ്രധാന താരമെന്നാണ് എന്റെ പ്രതീക്ഷ. ഇതിനു മുൻപ് ഇന്ത്യ ഇവിടെ വന്നപ്പോൾ അശ്വിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. അന്ന് അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിലും അശ്വിൻ കളിച്ചിരുന്നെങ്കിൽ പരമ്പര തന്നെ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നു’ – ജോൺസ് അഭിപ്രായപ്പെട്ടു.

‘ഇത്തവണ പരമ്പര നേടാൻ ഇന്ത്യയ്ക്ക് മികച്ച അവസരമാണ്. ഇതിനു മുൻപ് ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഇക്കുറി അവർ ജയിച്ചില്ലെങ്കിൽ അതാകും വലിയ അദ്ഭുതം’ – ജോൺസ് പറഞ്ഞു.

2014–15 വർഷത്തെ പരമ്പരയിൽ വിരാട് കോഹ്‌ലി ഉജ്വല പ്രകടനവുമായി കളം നിറഞ്ഞെങ്കിലും ഇന്ത്യ പരമ്പര 2–0ന് തോറ്റിരുന്നു. അഡ്‍ലെയ്ഡിലും ബ്രിസ്െബയ്നിലും നടന്ന ആദ്യ രണ്ടു ടെസ്റ്റിലും തോറ്റെങ്കിലും മെൽബണിലും സിഡ്നിയിലും നടന്ന മൂന്നും നാലും ടെസ്റ്റുകൾ സമനിലയിലാക്കി ഇന്ത്യ ഉജ്വല പോരാട്ടവും കാഴ്ചവച്ചു.

കോഹ്‍ലിയുടെ ഉജ്വല പ്രകടനമാണ് അന്ന് ഇന്ത്യയ്ക്ക് കരുത്തായത്. നാലു ടെസ്റ്റുകളിൽനിന്ന് 86.50 റൺസ് ശരാശരിയിൽ കോഹ്‍ലി 692 റൺസാണ് നേടിയത്. നാലു സെഞ്ചുറികളും ഉൾപ്പെടെയായിരുന്നു ഇത്. ഓസീസിനെതിരെ അവരുടെ മണ്ണിൽ ഇതുവരെ എട്ടു ടെസ്റ്റുകൾ കളിച്ചതിൽ 62.00 റൺസ് ശരാശരിയിൽ 992 റൺസാണ് കോഹ്‍ലിയുടെ സമ്പാദ്യം. അഞ്ചു സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു.

കോഹ്‍ലി ഇക്കുറിയും ടീമിന്റെ നായകനായി ഓസ്ട്രേലിയയിൽ എത്തുന്നുണ്ടെങ്കിലും, ആതിഥേയർ നേരിടുന്ന യഥാർഥ പരീക്ഷണം അശ്വിന്റെയും കുൽദീപിന്റെയും പന്തുകളായിരിക്കുമെന്ന് ഡീൻ ജോൺസ് പറഞ്ഞു. സ്പിന്‍ മികച്ച രീതിയിൽ കളിക്കുന്ന പീറ്റർ ഹാൻഡ്സ്കോംബും ആരോൺ ഫിഞ്ചും ഓസീസ് ടീമിൽ അനിവാര്യരാണെന്നും ജോൺസ് പറഞ്ഞു.