രാജ്യം വിടാൻ നിർദ്ദേശിച്ച കോഹ്‍ലിയോട് പെരുമാറ്റത്തിൽ ശ്രദ്ധിക്കാൻ ബിസിസിഐ

മുംബൈ∙ ഇന്ത്യൻ താരങ്ങളേക്കാൾ ഇഷ്ടം വിദേശ താരങ്ങളെയാണെന്നു പറഞ്ഞ ആരാധകനോട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി രാജ്യം വിടാൻ ആവശ്യപ്പെട്ട സംഭവത്തിൽ ബിസിസിഐ ഇടപെട്ടതായി റിപ്പോർട്ട്. സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയാണ് സംഭവത്തിൽ ഇടപെട്ടത്. മാധ്യമങ്ങളുമായും പൊതുജനങ്ങളുമായുള്ള ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്താനും കുറച്ചുകൂടി എളിമയോടെ പെരുമാറാനും ഭരണസമിതി കോഹ്‍ലിയോടു നിർദ്ദേശിച്ചതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട കോഹ്‍ലി, ഓസീസ് പര്യടനത്തിൽ വീണ്ടും ടീമിന്റെ നായകനായി തിരിച്ചെത്തുകയാണ്. ഓസ്ട്രേലിയയിൽ ട്വന്റി20, ഏകദിന, ടെസ്റ്റ് പരമ്പരകളിൽ കോഹ്‍ലിയാണ് ഇന്ത്യയെ നയിക്കുന്നത്. പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്കു പുറപ്പെടുന്നതിനു മുൻപാണ് പെരുമാറ്റത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ബിസിസിഐ ഭരണസമിതി അംഗം കോഹ്‍ലിയെ അറിയിച്ചത്. കോഹ്‍ലിയുടെ ‘രാജ്യം വിടൽ’ പരാമർശം രാജ്യവ്യാപകമായി വലിയ പ്രതിഷേധമുയർത്തിയിരുന്നു.

സംഭവം ഇങ്ങനെ:

ഓസ്ട്രേലിയൻ, ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരെയാണ് തനിക്കിഷ്ടം എന്നു പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ‘ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല താങ്കൾ’ എന്നു തിരിച്ചടിച്ചാണ് വിരാട് കോഹ്‌ലി വിവാദത്തിൽ ചാടിയത്. തന്റെ പേരിലുള്ള പുതിയ ആപ്പിലൂടെയാണ് കോഹ്‌ലി ആരാധകനെതിരെ പ്രതികരിച്ചത്.

30–ാം ജന്മദിനത്തിൽ പുറത്തിറക്കിയ ആപ്പിലൂടെ ആരാധകർക്ക് വിരാട് കോഹ്‌ലിക്ക് സന്ദേശമയക്കാനുള്ള അവസരമുണ്ടായിരുന്നു. ഇതിലൊന്ന് കോഹ്‌ലിയെ പ്രകോപിക്കുന്നതാവുകയും ചെയ്തു. ‘കോഹ്‌ലി അമിതമായി ആഘോഷിക്കപ്പെട്ട ഒരു കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിങിൽ ഒരു പ്രത്യേകതയുമില്ല. ഇംഗ്ലിഷ്, ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാരുടെ ബാറ്റിങ് കാണുന്നതാണ് എനിക്കിഷ്ടം’ എന്നതായിരുന്നു സന്ദേശം.

ഇതു വായിച്ച കോഹ്‌ലി ‘‘ഒകെ. എങ്കിൽ നിങ്ങൾ ഇന്ത്യയിൽ ജീവിക്കേണ്ടവനല്ല. എന്തിനാണ് നിങ്ങൾ ഇവിടെ ജീവിച്ച് മറ്റു രാജ്യങ്ങളെ സ്നേഹിക്കുന്നത്...’’ എന്നിങ്ങനെ പറയുന്നതാണ് വിഡിയോയിലുള്ളത്.