മുംബൈ∙ ഇന്ത്യയ്ക്ക് ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിത്തന്ന മുൻ ഇന്ത്യൻ നായകനും ലിമിറ്റഡ് ഓവർ മൽസരങ്ങളിൽ ഇപ്പോഴും ഇന്ത്യയുടെ വിക്കറ്റ് കീപ്പറുമായ മഹേന്ദ്രസിങ് ധോണിയെ ആവശ്യത്തിനും അനാവശ്യത്തിനും വിമർശിക്കുന്നതിനെതിരെ മുൻ നായകൻ കപിൽദേവ് രംഗത്ത്. ധോണിക്ക് ഇപ്പോഴും 20 വയസ്സല്ലെന്ന് വിമർശകർ ഓർക്കണമെന്ന് കപിൽ ആവശ്യപ്പെട്ടു. ചെയ്ത കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്യാൻ ധോണിക്കു സാധിച്ചിട്ടുണ്ട്. 20–25 വയസ്സിൽ ധോണി ചെയ്ത കാര്യങ്ങൾത്തന്നെ ഇപ്പോഴും അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നതാണ് പ്രശ്നമെന്നും കപിൽ അഭിപ്രായപ്പെട്ടു.
‘ധോണിക്ക് മികച്ച അനുഭവസമ്പത്തുണ്ട്. ഈ അനുഭവ സമ്പത്ത് ടീമിനായി വിനിയോഗിക്കാൻ അദ്ദേഹത്തിനു സാധിക്കുമെങ്കിൽ അതേറ്റവും നല്ലത്. എങ്കിലും ഇപ്പോഴും ധോണിക്ക് 20 വയസ്സല്ലെന്ന് എല്ലാവരും ഓർക്കണം. ഇനി ഒരിക്കലും ധോണി ഇരുപതുകാരനാകാൻ പോകുന്നുമില്ല. ഇപ്പോഴും ടീമിൽ തുടരാനും മികച്ച സംഭാവനകൾ നല്‍കാനും ധോണിക്കു സാധിക്കുന്നുണ്ടെങ്കിൽ അതിലാണു കാര്യം. കായികക്ഷമത കാത്തുസൂക്ഷിച്ച് ധോണിക്കു കൂടുതൽ മൽസരങ്ങൾ കളിക്കാൻ സാധിക്കട്ടെ എന്നാണ് എന്റെ ആശംസ – ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ കപിൽ പറഞ്ഞു.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെക്കുറിച്ചും അഭിമുഖത്തിൽ കപിൽ മനസ്സു തുറന്നു.
‘വളരെ സ്പെഷലായ ഒരു വ്യക്തിയും കളിക്കാരനുമാണ് കോഹ്‍ലിയെന്ന് എനിക്കു തോന്നാറുണ്ട്. ചില വ്യക്തികൾ അങ്ങനെയാണ്. അവർ വളരെ സ്പെഷലായിരിക്കും. കോഹ്‍ലി അവരിലൊരാളാണ്. പ്രതിഭയുള്ള വ്യക്തികൾ കഠിനാധ്വാനം കൂടി ചെയ്താൽ അവർ അമാനുഷരാകും. കോഹ്‍ലി പ്രതിഭയുള്ള വ്യക്തിയാണ്. ഒപ്പം കഠിനാധ്വാനിയും. ഇതാണ് കോഹ്‍ലിയെ കോഹ്‍ലിയാക്കുന്നത്.’