‘മഴക്കളി’യിൽ ആവേശം അവസാന ഓവർവരെ; ഒടുവിൽ ഇന്ത്യയ്ക്ക് 4 റൺസ് തോൽവി

അർധ സെഞ്ചുറി തികച്ച ശിഖർ ധവാനെ കെ.എൽ. രാഹുൽ അഭിനന്ദിക്കുന്നു

ബ്രിസ്ബെയ്ൻ∙ അവസാന ഓവറുകളിൽ മനസ്സാന്നിധ്യം കൈവിട്ട ഇന്ത്യയ്ക്ക് ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ട്വന്റി20യിൽ 4 റൺസ് തോൽവി. ശിഖർ ധവാൻ മികച്ച തുടക്കം (42 പന്തിൽ 76) സമ്മാനിച്ച കളിയിൽ അവസാന ഓവറിൽ 5 വിക്കറ്റ് കൈയിലിരിക്കെ 13 റൺസ് നേടിയാൽ ഇന്ത്യയ്ക്കു വിജയത്തിലെത്താമായിരുന്നു. എന്നാൽ ക്രുനാൽ പാണ്ഡ്യയെയും (2), മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന ദിനേശ് കാർത്തികിനെയും (13 പന്തിൽ 30), അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയ സ്റ്റോയ്ൻസ് ഓസീസിന്റെ വിജയശിൽപിയായി. സ്കോർ ഓസ്ട്രേലിയ 17 ഓവറിൽ നാലിന് 158; ഇന്ത്യ 17 ഓവറിൽ ഏഴിന് 169. ജയത്തോടെ 3 മൽസരങ്ങളുടെ പരമ്പരയിൽ ഓസ്ട്രേലിയ 1–0നു മുന്നിലെത്തി. നാളെയാണു രണ്ടാമത്തെ മൽസരം.

ഓസീസ് ബാറ്റിങ്ങിനിടെ മഴ പെയ്തതിനെത്തുടർന്നു മൽസരം 17 ഓവറാക്കി ചുരുക്കിയിരുന്നു. മഴ നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റൺസാക്കി പുനർനിശ്ചയിച്ചു. ധവാനും കാർത്തികും ഒഴികെയുള്ള ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതാണു റൺചെയ്സിൽ ഇന്ത്യയ്ക്കു വിനയായത്.  ഋഷഭ് പന്തും (20), ക്രുനാലും ആനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായതും മൽസരഫലത്തിൽ പ്രതിഭലിച്ചു. 22 റൺസിനു 2 വിക്കറ്റെടുത്ത ഓസീസ് സ്പിന്നർ ആദം സാംപയാണു മാൻ ഓഫ് ദ് മാച്ച്. 

രോഹിത് ശർമയെ(7) തുടക്കത്തിലേ നഷ്ടമായെങ്കിലും ധവാൻ അടിച്ചു കസറി. കെ.എൽ. രാഹുലും(13), കോഹ്‌ലിയും(4) കാര്യമായ സംഭാവന നൽകാതെ മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ധവാൻ പുറത്തായ ശേഷം ദിനേഷ് കാർത്തിക്കിന്റെ ഇന്നിങ്സാണ് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകിയത്. കാർത്തിക്കും പന്തും ചേർന്നു ടൈയുടെ 14–ാം ഓവറിൽ 25 റൺസ് നേടി. 16–ാം ഓവറിൽ പന്ത് പുറത്തായതു തിരിച്ചടിയായി. 9 പന്തിൽ 18 റൺസാണ് മൽസരം ജയിക്കാൻ അപ്പോൾ ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. 

നേരത്തെ ക്രിസ് ലിൻ (20 പന്തിൽ 37) മാക്സ്‌വെൽ (24 പന്തിൽ 46) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനു കരുത്തായത്. ഖലീൽ അഹമ്മദിനെയും, ക്രുനാലിനെയും കണക്കിനു ശിക്ഷിച്ച ഇരുവരും 4 സിക്സ് വീതം അടിച്ചു. 24 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത കുൽദീപ് യാദവ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. 

സ്കോർബോർഡ്

ഓസ്ട്രേലിയ: ഷോട്ട് സി കുൽദീപ് ബി ഖലീൽ 7, ഫിഞ്ച് സി ഖലീൽ ബി കുൽദീപ് 27, ലിൻ സി ആൻഡ് ബി കുൽദീപ് 37, മാക്സവെൽ സി ഭുവനേശ്വർ ബി ബുമ്ര 46, സ്റ്റോയ്നിസ് നോട്ടൗട്ട് 33, മക്ഡെർമോട്ട് നോട്ടൗട്ട് 2, എക്സ്ട്രാസ് 6. ആകെ: 17 ഓവറിൽ 4 വിക്കറ്റിന് 158.

വിക്കറ്റുവീഴ്ച: 1-24, 2-64, 3-75, 4-153

ബോളിങ്:ഭുവനേശ്വർ 3-0-15-0, ബുമ്ര 3-0-21-1, ഖലീൽ 3-0-42-1, കുൽദീപ് 4-0-24-2, ക്രുനാൽ 4-0 -55-0. 

ഇന്ത്യ: രോഹിത് സി ഫിഞ്ച് ബി ബെഹ്റൻഡ്രോഫ് 7, ധവാൻ സി ബെഹ്റൻഡ്രോഫ് ബി സ്റ്റാൻലകെ 76

രാഹുൽ സ്റ്റംപ്ഡ് ക്യാരെ ബി സാംപ 13, കോഹ്‌ലി സി ലിൻ ബി സാംപ 4, പന്ത് സി ബെഹ്റൻഡ്രോഫ് ബി ടൈ 20

കാർത്തിക് സി ബെഹ്റൻഡ്രോഫ് ബി സ്റ്റോയ്ൻസ് 30, ക്രുനാൽ സി മാക്സ്‌വെൽ ബി സ്റ്റോയ്ൻസ് 2, ഭുവനേശ്വർ നോട്ടൗട്ട് 1

കുൽദീപ് നോട്ടൗട്ട് 4, എക്സ്ട്രാസ് 12.ആകെ 17 ഓവറിൽ 7 വിക്കറ്റിന് 169.

വിക്കറ്റുവീഴ്ച: 1-35, 2-81, 3-94, 4-105, 5-156, 6-163, 7-163

ബോളിങ്: ബെഹ്റെൻഡ്രോഫ് 4-0-43-1, സ്റ്റാൻലകെ 3-0-27-1, ടൈ 3-0-47-1, സാംപ 4-0-22-2, സ്റ്റോയ്ൻസ് 3–0–27–2