ഓസീസ് സ്കോറിനൊപ്പം ചേർത്ത ‘ജിഎസ്ടി’യാണ് ചതിച്ചത്: വൈറലായി വീണ്ടും വീരു

ബ്രിസ്ബേൻ∙ ഗാബാ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ട്വന്റി20 മൽസരത്തെക്കുറിച്ചുള്ള മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ ട്വീറ്റ് വൈറലാകുന്നു. മഴമൂലം ഡക്ക്‌വർത്ത്–ലൂയിസ് നിയമം നിർണായകമായി മാറിയ ആവേശപ്പോരിൽ ഇന്ത്യ നാലു റൺസിന് ഓസീസിനോടു തോറ്റിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ് മാത്രം. എന്നാൽ, ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറിൽ 174 ആയി പുനർനിശ്ചയിച്ചതോടെയാണ് ഇന്ത്യ തോൽവി വഴങ്ങിയത്. 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തെങ്കിലും ഇന്ത്യ നാലു റൺസിനു തോറ്റത്.

ഓസീസ് 17 ഓവറിൽ നേടിയത് 158 റൺസാണെങ്കിലും, അത്രതന്നെ ഓവറുകളിൽനിന്ന് 169 റൺസ് നേടിയിട്ടും ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് പകുതി തമാശയായും പകുതി കാര്യമായും വീരുവിന്റെ ട്വീറ്റ് എത്തിയത്. ഓസീസിനേക്കാൾ 11 റൺസ് അധികം നേടിയിട്ടും ഇന്ത്യ നാലു റൺസിന് തോറ്റതിനെക്കുറിച്ച് വീരുവിന്റെ കമന്റ് ഇങ്ങനെ:

‘ഓസ്ട്രേലിയയുടെ സ്കോറിനേക്കാൾ ഉയർന്ന സ്കോർ നേടിയിട്ടും ഇന്ത്യ തോറ്റിരിക്കുന്നു. ഓസ്ട്രേലിയൻ സ്കോറിനൊപ്പം കൂട്ടിച്ചേർത്ത ‘ജിഎസ്ടി’യാണ് പണിപറ്റിച്ചത്. എങ്കിലും ഒരു പരമ്പരയ്ക്കു തുടക്കമിടാൻ പറ്റിയ ആവേശപ്പോരാട്ടമായിരുന്നു ഇത്.’

മൽസരത്തിനു തൊട്ടുപിന്നാലെ എത്തിയ വീരുവിന്റെ ഈ കമന്റ് ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഡക്ക്‌വർത്ത് ലൂയിസ് നിയമം ‘ചതിച്ചുവെന്ന’ വികാരത്തിൽ നിരാശപ്പെട്ടിരുന്ന ആരാധകരെല്ലാം ഇപ്പോൾ വീരുവിന്റെ ട്വീറ്റും ഷെയർ ചെയ്യുകയാണ്.