മെൽബൺ∙ ഹർമൻപ്രീത് കൗറിന്റെ ടീം ഇംഗ്ലണ്ടിനോടു തോറ്റതിനു പിന്നാലെ വിരാട് കോഹ്ലിയുടെ ടീമിനും നിരാശ. മെൽബണിലെ രണ്ടാം ട്വന്റി20യിൽ ഇന്ത്യ ഓസീസിനെ ചെറിയ സ്കോറിലൊതുക്കിയെങ്കിലും മഴ വില്ലനായി. ഇന്ത്യയുടെ വിജയലക്ഷ്യം മൂന്നു തവണ പുനർനിശ്ചയിച്ചെങ്കിലും കളി തുടങ്ങാനാവാത്തതിനാൽ മൽസരം ഉപേക്ഷിച്ചു.
ആദ്യ ട്വന്റി20 ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ 1–0നു മുന്നിൽ നിൽക്കുന്നു. മൂന്നാം ട്വന്റി20 നാളെ സിഡ്നിയിൽ നടക്കും. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യ ഓസീസിനെ 19 ഓവറിൽ ഏഴിന് 132 റൺസിൽ ഒതുക്കിയപ്പോഴാണ് മഴയെത്തിയത്.
19 ഓവറിൽ 137 റൺസ് ആയി ഇന്ത്യയുടെ വിജയലക്ഷ്യം പുതുക്കിയെങ്കിലും മഴ തുടർന്നതിനാൽ 11 ഓവറിൽ 90, അഞ്ച് ഓവറിൽ 46 എന്നിങ്ങനെയായി. എന്നാൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും മഴ മാറാതെ നിന്നതോടെ മൽസരം ഉപേക്ഷിക്കുകയായിരുന്നു.