ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ട്വന്റി20 ഇന്ന് സിഡ്നിയിൽ; കളി നടക്കണം, ജയിക്കണം!

സിഡ്നി ∙ ആദ്യ ട്വന്റി20യിൽ ഓസീസിനോടും രണ്ടാം ട്വന്റി20യിൽ മഴയോടും തോറ്റ ഇന്ത്യ പരമ്പരയിലെ കലാശക്കളിക്ക് ഇന്നിറങ്ങും. പരമ്പരയിൽ ഓസീസ് 1–0നു മുന്നിലായതിനാൽ ഇന്നത്തെ കളി മഴ മുടക്കിയാൽപ്പോലും ഇന്ത്യയ്ക്കു പരമ്പര നഷ്ടമാകും. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെയെത്തിയ ഇന്ത്യയെ പൂട്ടാനുറച്ച് ഓസീസ് ഇറങ്ങുമ്പോൾ ഉശിരൻ പോരാട്ടം പ്രതിക്ഷിക്കാം.

ഇന്നത്തെ ജയത്തോടെ പരമ്പര സമനിലയിലാക്കുക എന്നത് ഇന്ത്യയ്ക്ക് ദുഷ്കരമല്ല, എന്നാൽ ആദ്യ രണ്ടു മൽസരങ്ങൾക്കിടെയും രസം കൊല്ലിയായി പെയ്തിറങ്ങിയ മഴ തന്നെയാകും ഇന്ന് ഇന്ത്യയുടെ പ്രധാന ശത്രു. ബോളർമാർ നിരാശപ്പെടുത്തിയ ആദ്യ കളിയുടെ പടിവാതിൽക്കലാണ് ഇന്ത്യ വിജയം കൈവിട്ടത്. ബോളിങ് നിര ഫോമിലേക്കു മടങ്ങിയെത്തിയ രണ്ടാം മൽസരത്തിലാകട്ടെ ഇന്ത്യ മേൽക്കൈ നേടിനിന്ന സമയത്തു വില്ലനായി മഴയുമെത്തി.

ഇന്ത്യൻ നിരയിൽ യുസ്‍‌വേന്ദ്ര ചാഹൽ അന്തിമ ഇലവനിലെത്തുമോ എന്ന സംശയം മാത്രമേയുള്ളൂ. ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിതമായ ടീമാണ് ഇപ്പോഴത്തേതെങ്കിലും ഓസീസ് പിച്ചുകളിൽ കുൽദീപ് യാദവ് നേട്ടം കൊയ്യുന്നത് ചാഹലിനെക്കൂടി ഉൾപ്പെടുത്താൻ പ്രേരണയായേക്കാം. അങ്ങനെയെങ്കിൽ പേസ് ബോളിങ് വിഭാഗത്തിൽ ഖലീൽ അഹമ്മദ് പുറത്തിരിക്കേണ്ടി വരും.

ഓസീസ് നിരയിൽ നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം മിച്ചൽ സ്റ്റാർക് മടങ്ങിയെത്തുന്നു എന്ന വിശേഷവുമുണ്ട്. 2016നുശേഷം രാജ്യാന്തര ട്വന്റി20 കളിച്ചിട്ടില്ലാത്ത സ്റ്റാർക്ക്, പരുക്കേറ്റ ബില്ലി സ്റ്റാൻലേക്കിനു പകരക്കാരനായാണ് ടീമിലെത്തുന്നത്. മെൽബണിൽ നടന്ന രണ്ടാം മൽസരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സ്റ്റാൻലേക്കിനു പരുക്കേറ്റത്. ഡാർസി ഷോർട്ട് തുടർച്ചയായി നിരാശപ്പെടുത്തുകയാണെങ്കിലും പകരം ഓപ്പണറെ കണ്ടെത്താൻ ബുദ്ധിമുട്ടായതിനാൽ താരം തുടരാനാണ് സാധ്യത.

കുറവ് ഓവർ നിരക്ക്: ഓസീസിനു പിഴ

ദുബായ്∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ കളിയിലെ കുറഞ്ഞ ഓവർ നിരക്കിന് ഓസീസിനുമേൽ ഐസിസി പിഴയിട്ടു. ഓസീസ് താരങ്ങൾ മാച്ച് ഫീയുടെ 10 ശതമാനവും ക്യാപ്റ്റൻ ആരോൻ ഫിഞ്ച് മാച്ച് ഫീയുടെ 20 ശതമാനവും പിഴ ഒടുക്കണം. അടുത്ത 12 മാസത്തിനിടെയുള്ള മൽസരങ്ങളിൽ ഓസീസ് വീണ്ടും കുറവ് ഓവർ നിരക്കു പാലിച്ചാൽ ഫിഞ്ചിന് ഒരു മൽസരത്തിൽ വിലക്ക് നേരിടേണ്ടിവരുമെന്നും ഐസിസി വൃത്തങ്ങൾ വ്യക്തമാക്കി.