സിഡ്നി∙ അർഹതയേറെയുണ്ടായിട്ടും സമകാലീന ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കുറച്ച് ആഘോഷിക്കപ്പെട്ട താരം ആരായിരിക്കും? സിഡ്നിയിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ, ഇതിനുള്ള ഉത്തരമുണ്ടായിരുന്നു; ദിനേഷ് കാർത്തിക്! കേവലമൊരു ട്വീറ്റ് മാത്രമാണെങ്കിലും ഇതിൽ കുറച്ചധികം ശരികളുണ്ടെന്നതാണ് ശരി. ഷോട്ടുകളിൽ കോഹ്‍ലിയുടെയും ശിഖർ ധവാന്റെയും മനോഹാരിതയും രോഹിത് ശർമയുടെ വന്യതയുമില്ലെങ്കിലും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുള്ള മികച്ച പ്രകടനങ്ങളിലൂടെ കാർത്തിക് ടീം ഇന്ത്യയ്ക്ക് സമ്മാനിച്ച വിജയങ്ങൾ തീരെ കുറവല്ല. ഇതിന് കണക്കുകൾ സാക്ഷി.
ഇടിച്ചുനിൽക്കാൻ മിടുക്കുള്ള താരമല്ല കാർത്തിക്. കളത്തിൽ നിൽക്കുമ്പോഴുള്ള ശാന്തതയാണ് ജീവിതത്തിലുടനീളം കാർത്തിക്കിന്റെ പ്രത്യേകത. അതുകൊണ്ടാവണം, 33 വയസ്സ് പൂർത്തിയായെങ്കിലും കാർത്തിക് കരിയറിൽ ഇതുവരെ കളിച്ചിരിക്കുന്നത് 27 രാജ്യാന്തര ട്വന്റി20കൾ മാത്രം. ഏകദിനത്തിൽ 86 തവണയും ടെസ്റ്റിൽ 26 തവണയും ഇന്ത്യൻ ജഴ്സിയണിയാൻ അവസരം കിട്ടി.
കയറ്റിറക്കങ്ങൾ നിറഞ്ഞ, അത്ര സംഭവബഹുലമൊന്നുമല്ലാത്തൊരു കരിയറിനൊടുവിൽ കാർത്തിക് ഇപ്പോൾ കയറ്റങ്ങൾ മാത്രമുള്ളൊരു യാത്രയിലാണ്. ഇന്ത്യയുടെ സമകാലീന ട്വന്റി20 പോരാട്ടങ്ങളിൽ റൺ ചേസ് ചെയ്തപ്പോഴെല്ലാം കാർത്തിക് പുറത്തെടുത്ത പ്രകടനമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. റൺചേസുകളുടെ രാജാവായി കോഹ്‍ലി വാഴ്ത്തപ്പെടുമ്പോൾ, ഒട്ടും പിന്നിലല്ല കാർത്തിക്കെന്ന് വെളിവാക്കുന്നതാണ് കണക്കുകൾ. 2019 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ വാർത്തെടുക്കുമ്പോൾ, ടീമിൽ മാത്രമല്ല പ്ലേയിങ് ഇലവനിലും കാർത്തിക്കിനു സ്ഥാനമുറപ്പാക്കണമെന്ന് വാദിക്കുന്ന ആരാധകരുടെ എണ്ണം കോഹ്‍ലിയുടെ സെഞ്ചുറികൾ പോലെ പെരുകുകയാണ്! നിദാഹാസ് ട്രോഫിയിലെ ആ സ്പെഷൽ ഇന്നിങ്സു മുതൽ കാർത്തിക്കിന്റെ ആരാധകരായവരുടെ എണ്ണവും സമാനമായി കൂടുന്നു.
∙ ‘ധോണി യുഗ’ത്തിലെ കാർത്തിക്
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ മഹേന്ദ്രസിങ് ധോണിയുടെ കാലത്ത്, അതേ രാജ്യത്തു ജനിച്ചുവെന്നതാണ് കാർത്തിക് അറിയാതെയെങ്കിലും ചെയ്ത അപരാധം! ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളിലൂടെ പല തവണ കഴിവു തെളിയിച്ചെങ്കിലും മഹാമേരു പോലെ ധോണി വാഴുന്ന ടീം ഇന്ത്യയിൽ കാർത്തിക്കിന് അവസരങ്ങൾ കുറവായിരുന്നു. ഇല്ലെന്നു തന്നെ പറയാം. വിക്കറ്റ് കീപ്പറായി ധോണിയുള്ളപ്പോൾ മറ്റൊരു വിക്കറ്റ് കീപ്പർക്ക് അവസരം ലഭിക്കുന്നതെങ്ങനെ? സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ടീമിലെത്താമെന്നു കരുതിയാൽ, ആ സ്ഥാനത്തേക്ക് മറ്റെങ്ങുമില്ലാത്ത തിക്കും തിരക്കും. പ്രതിഭകളുടെ കൂട്ടിയിടിയിൽ അവിടെയും ശോഭിക്കാൻ കാർത്തിക്കിനായില്ല.
എന്നാൽ, വയസ്സ് 33 പിന്നിടുമ്പോൾ കാർത്തിക്കിന്റെ കരിയറിന്റെ ദിശ തന്നെ മാറുകയാണ്. മഹേന്ദ്രസിങ് ധോണിക്കു ശേഷം റൺചേസുകളിൽ മികച്ചൊരു മധ്യനിര താരത്തെ ലഭിച്ചിട്ടില്ലെന്ന് നിരാശപ്പെടുന്ന ആരാധകർക്കായി ഇതാ കാർത്തിക്കിന്റെ ഉദയം. റൺചേസുകളുടെ രാജാവായി അറിയപ്പെടുന്ന വിരാട് കോഹ്‍ലിയോടും കിടപിടിക്കും, കാർത്തിക്കുമായി ബന്ധപ്പെട്ട ചില കണക്കുകൾ.
∙ സിഡ്നി വിജയത്തിലെ കാർത്തിക്
സിഡ്നിയിൽ 41 പന്തിൽ 61 റൺസുമായി കോഹ്‍ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമ്പോൾ, മറുവശത്ത് തുണനിന്നത് കാർത്തിക്കായിരുന്നു. 18 പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം കാർത്തിക് േനടിയത് 22 റൺസ്. 165 റൺസ് വിജയലക്ഷ്യം പിന്തുടരുമ്പോൾ സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുൽ, ഋഷഭ് പന്ത് എന്നിവർ പുറത്തായതോടെ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് കോഹ്‍ലിക്കൊപ്പം രക്ഷകനായി, കാർത്തിക്.
പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം കൂട്ടിച്ചേർത്തത് 60 റൺസാണ്. ഇവരിലൊരാൾ കൂടി പുറത്തായാൽ പിന്നീടു വരാനുണ്ടായിരുന്നത് ഓസ്ട്രേലിയൻ മണ്ണിൽ ബാറ്റിങ്ങിൽ ഇനിയും മികവു പ്രകടിപ്പിക്കാനുള്ള ക്രുനാൽ പാണ്ഡ്യയാണ്. പിന്നീട് കുൽദീപിൽ തുടങ്ങി ബോളർമാരും. അതുകൊണ്ടുതന്നെ കോഹ്‍ലിക്കൊപ്പം കാർത്തിക് കെട്ടിപ്പടുത്ത ഈ അർധസെഞ്ചുറി കൂട്ടുകെട്ടിന് ഇന്ത്യയുടെ വിജയത്തിന്റെ വിലയുണ്ടെന്ന് നൂറുവട്ടം!
∙ റൺചേസുകളിലെ ‘കാർത്തിക് ഇഫക്ട്’
റൺചേസുകളിൽ കോഹ്‍ലി രാജാവായി വിലസുമ്പോഴും അധികമൊന്നും ആഘോഷിക്കപ്പെടാതെ പോയൊരു രാജകുമാരനാണ് ദിനേഷ് കാർത്തിക്. സിഡ്നിയിൽ 22 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക്, രാജ്യാന്തര ട്വന്റി20കളിൽ സ്കോർ പിന്തുടരുമ്പോൾ പുറത്താകാതെ നിൽക്കുന്നത് ഇത് ഒൻപതാം തവണയാണ്. ഈ ഒൻപതു മൽസരങ്ങളും ഇന്ത്യ ജയിച്ചു.
അതേസമയം, റൺസ് പിന്തുടരുമ്പോൾ കാർത്തിക് പുറത്തായ മൂന്നു മൽസരങ്ങളിലും ഇന്ത്യ തോൽക്കുകയും ചെയ്തു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ബ്രിസ്ബേനിൽ ഇതേ എതിരാളികൾക്കെതിരെ നടന്ന ഒന്നാം ട്വന്റി20 മൽസരം തന്നെ. അന്ന് കാർത്തിക് പുറത്തായതോടെയാണ് ഇന്ത്യ പ്രതീക്ഷ കൈവിട്ടതും തോൽവി വഴങ്ങിയതും. ഇനി കോഹ്‍ലിയുടെ കാര്യം. റൺചേസുകളിൽ കോഹ്‍ലി പുറത്താകാതെ നിന്നിട്ടുള്ളത് 12 മൽസരങ്ങളിലാണ്. ഈ 12 മൽസരങ്ങളും ഇന്ത്യ ജയിച്ചു!
ട്വന്റി20 റൺചേസുകളിൽ കാർത്തിക്കിന്റെ പ്രകടനം ഇങ്ങനെ:
31(28)*, 17(12), 4(1)*, 18(12)*, 2(2)*, 39(25)*, 29(8)*, 0(5), 31(34)*, 0(0)*, 30(13), 22(18)*. ഇതിൽ കാർത്തിക് പുറത്തായ മൂന്നു മൽസരങ്ങളും ഇന്ത്യ തോറ്റു! പുറത്താകാതെ നിന്ന ഒൻപതു മൽസരങ്ങളും ജയിച്ചു!
∙ ഐപിഎല്ലിലെ ‘ക്യാപ്റ്റൻ കൂൾ’
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചപ്പോൾ ക്രിക്കറ്റ് ലോകം ഒന്നാകെ ഞെട്ടിയതാണ്. ഐപിഎല്ലിൽ അത്രയൊന്നും ആഘോഷിക്കപ്പെട്ടിട്ടില്ലാത്ത കാർത്തിക്കിനെ നായകനായി പ്രഖ്യാപിക്കുമ്പോൾ കണ്ണുതള്ളിപ്പോയ ആരാധകരേറെ.
എന്നാൽ, കളത്തിൽ കാർത്തിക്കിന്റെ പ്രകടനം കണ്ടാണ് ആരാധകരുടെ കണ്ണുതള്ളിയത്. റൺചേസിങ്ങിൽ കാർത്തിക്കിനുള്ള പ്രത്യേക വൈഭവം ക്രിക്കറ്റ് ലോകം ശ്രദ്ധിക്കുന്നത് ഈ ഐപിഎൽ സീസൺ മുതലാണ്. ഈ സീസണിൽ 16 കളികളിൽനിന്നും കാർത്തിക് നേടിയത് 498 റൺസ്. ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഒൻപതാം സ്ഥാനത്ത്. കൊൽക്കത്ത താരങ്ങളിൽ ഒന്നാമത്.
ആദ്യ പത്തിൽ ഇടം നേടിയ താരങ്ങളിൽ ഏറ്റവും റൺശരാശരിയുള്ള അഞ്ചാമത്തെ താരം കാർത്തിക്കായിരുന്നു. 147.77 സ്ട്രൈക്ക് റേറ്റുമായി ഇക്കാര്യത്തിലും കാർത്തിക് അഞ്ചാമനായി. കഴിഞ്ഞ 10 ഐപിഎൽ സീസണുകളിൽ എല്ലാംകൊണ്ടും കാർത്തിക്കിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ട വർഷം കൂടിയായി ഇത്.
∙ ഐപിഎല്ലിലെ റൺചേസ്
റൺചേസുകളുടെ കാര്യത്തിൽ ദിനേഷ് കാർത്തിക് ശ്രദ്ധയിലേക്കു വന്ന സീസൺ കൂടിയായിരുന്നു ഇത്. ടൂർണമെന്റിലാകെ ഒൻപതു മൽസരങ്ങളിലാണ് കൊൽക്കത്ത രണ്ടാമതു ബാറ്റ് ചെയ്തത്. ഇതിൽ അഞ്ചു മൽസരങ്ങളിൽ ജയിച്ചു. ജയിച്ച ഓരോ മൽസരത്തിലും കാർത്തിക്കിന്റെ വ്യക്തമായ സംഭാവന പ്രകടം.
ഈ ഒൻപതു മൽസരങ്ങളിൽ കാർത്തിക്കിന്റെ സംഭാവന186 റൺസായിരുന്നു. ശരാശരിയും 186.00. നാലു മൽസരങ്ങളിൽ കാർത്തിക് പുറത്താകാതെ നിന്നു. ടൂർണമെന്റിലാകെ കാർത്തിക്കിന്റെ സ്ട്രൈക്ക് റേറ്റ് 147.77 ആയിരുന്നെങ്കിൽ റൺസ് പിന്തുടരുമ്പോൾ അത് 167.56 ആയി ഉയർന്നു.
കൊൽക്കത്ത ജയിച്ച മൽസരങ്ങളിൽ കാർത്തിക്കിന്റെ ബാറ്റിങ് പ്രകടനം ഇങ്ങനെ:
35* (29), 42* (23), 23 (10), 45* (18), 41* (31). അതായത്, കാർത്തിക് പുറത്താകാതെ നിന്ന നാലു മൽസരങ്ങളും കൊൽക്കത്ത ജയിച്ചു. ഒരേയൊരു മൽസരത്തിൽ പുറത്തായെങ്കിലും 10 പന്തിൽ 23 റൺസുമായി വിജയത്തിലേക്ക് ആവശ്യമായ സംഭാവന ഉറപ്പാക്കി. റൺചേസുകളിൽ ഇന്ത്യയുടെ വിശ്വസ്തനായുള്ള കാർത്തിക്കിന്റെ അവതാരം ഒരു തവണ നേരം ഇരുട്ടിവെളുത്തപ്പോൾ തുടങ്ങിയതല്ലെന്നു സാരം!