‘പ്രമുഖ താരങ്ങളി’ല്ലാതെ (ഡക്ക്‌വർത്ത്, ലൂയിസ്) ഓസീസ് സിഡ്നിയിൽ; ഫലം തോൽവി!

‘ഓസ്ട്രേലിയയെ രക്ഷിക്കാൻ മഴയെത്തില്ല’ എന്ന വാചകമെഴുതിയ പ്ലക്കാർഡുമായി ഇന്ത്യൻ ആരാധകർ.

സിഡ്നി∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ട്വന്റി20യിൽ ഓസീസ് തോൽവി ഏറ്റുവാങ്ങുമ്പോൾ, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച തമാശകളിലൊന്ന് ഇങ്ങനെ: ഈ പരമ്പരയിൽ മേധാവിത്തം നേടാൻ ഓസീസിനെ ഏറ്റവുമധികം സഹായിച്ച രണ്ടുപേർക്ക് സിഡ്നിയിൽ അവസരം ലഭിക്കാതിരുന്നതാണ് അവർ തോൽക്കാൻ കാരണം. അവരുടെ പേര് ഡക്ക്‌വർത്തും ലൂയിസും!’. മഴ കളിമുടക്കിയ ബ്രിസ്ബേനിലെ ഒന്നാം ട്വന്റി20യിൽ ഡക്‌വർത്ത്–ലൂയിസ് നിയമത്തിന്റെ സഹായത്തോടെ ഓസീസ് നേടിയ വിജയം ഇന്ത്യൻ ആരാധകരിൽ സൃഷ്ടിച്ച കലിയടങ്ങിയിട്ടില്ലെന്ന് വ്യക്തം.

ഈ പരമ്പരയിൽ ഇന്ത്യയുമായി സമനില പിടിക്കാൻ ഓസീസിനെ സഹായിച്ചതു മൂന്നു പേരാണെന്നായിരുന്നു മറ്റൊരു ട്രോൾ. 1. ആദം സാംപ 2. ഗ്ലെൻ മാക്സ്‍വെൽ 3. ഡക്‌വർത്ത്–ലൂയിസ്! ഇന്ന് ഓസീസിനെ രക്ഷിക്കാൻ മഴയെത്തില്ലെന്ന പ്ലക്കാർഡുമായി സ്റ്റേഡിയത്തിൽ വന്ന ചില ആരാധകരുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ബ്രിസ്ബേനിൽ നടന്ന ഒന്നാം ട്വന്റി20യിൽ മഴനിയമത്തിന്റെ സഹായത്തോടെ ഓസീസ് വിജയം നേടിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 17 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 158 റൺസ് മാത്രം. എന്നാൽ, ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറിൽ 174 ആയി പുനർനിശ്ചയിക്കുകയായിരുന്നു. ഓസ്ട്രേലിയ നേടിയതിനേക്കാൾ 15 റൺസ് അധികം. 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനേ ഇന്ത്യയ്ക്കായുള്ളൂ. ഓസീസിനേക്കാൾ 11 റൺസ് അധികം നേടിയിട്ടും തോറ്റത് നാലു റൺസിന്. ഇന്ത്യ ജയിക്കേണ്ട മൽസരം തോറ്റെന്ന് ആരാധകർ വികാരം കൊള്ളുക സ്വാഭാവികം.

മെൽബണിൽ നടന്ന രണ്ടാം മൽസരത്തിലും ഡക്‌വർത്ത്–ലൂയിസുമാർക്ക് ‘അവസരം ലഭിച്ചു. ഓസ്ട്രേലിയ ബാറ്റു ചെയ്യവെ മഴയെത്തിയതോടെ ഡക്‌വർത്ത്–ലൂയിസ് നിയമപ്രകാരം പലതവണ ഇന്ത്യയുടെ വിജയലക്ഷ്യം പുനർനിശ്ചയിച്ചു. എങ്കിലും മഴയടങ്ങാതായതോടെ ഒടുവിൽ മൽസരം തന്നെ പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ബോളർമാരുടെ തേരോട്ടത്തിനു മുന്നിൽ തകർന്നടിഞ്ഞ ഓസീസ് ചെറിയ സ്കോറിനു പുറത്താകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് മഴയും ഡക്‌വർത്ത്–ലൂയിസ് നിയമവുമെത്തിയത്. മഴ കളിമുടക്കിയെങ്കിലും ഈ മൽസരത്തിലും ഡക്‌വർത്ത്–ലൂയിസിന് ഇടം കിട്ടി. ഈ മൽസരവും പൂർത്തിയായിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നു എന്ന് ആരാധകർക്കു തോന്നിയാൽ കുറ്റം പറയാനൊക്കുമോ?

സിഡ്നിയിൽ നടന്ന മൂന്നാം മൽസരത്തിനും മഴ ഭീഷണി ഉണ്ടായിരുന്നെങ്കിലും കളി തുടങ്ങുമ്പോഴേയ്ക്കും മാനം തെളിഞ്ഞിരുന്നു. മൽസരത്തിനിടെ മഴ പെയ്യാൻ ഇടയില്ല എന്ന കാലാവസ്ഥ പ്രവചനത്തിന്റെ തണലിലാണ് സിഡ്നിയിൽ മൂന്നാമങ്കത്തിന് ടോസ് ഇട്ടത്. മഴ എത്താതെ പോയ മൽസരത്തിൽ ക്രുനാൽ പാണ്ഡ്യയുടെ ഉജ്വല ബോളിങ് പ്രകടനത്തിന്റെയും വിരാട് കോഹ്‍ലിയുടെ തകർപ്പൻ ബാറ്റിങ് പ്രകടനത്തിന്റെയും കരുത്തിൽ ഇന്ത്യ ജയിച്ചുകയറുകയും ചെയ്തു. ഇന്ത്യ 3–0ന് ജയിക്കേണ്ട പരമ്പരയായിരുന്നു ഇതെന്ന് ആരാധകർക്കു തോന്നിയാൽ അതിൽ എന്തു പറയാൻ!