ട്വന്റി20 റാങ്കിങ്ങിൽ കുതിച്ചുകയറി കുൽദീപ്; 20 സ്ഥാനം കയറി മൂന്നാമത്

ദുബായ്∙ രാജ്യാന്തര ട്വന്റി20 റാങ്കിങ്ങിൽ ആദ്യമായി ആദ്യ അഞ്ചിൽ എത്തിയതിന്റെ തിളക്കത്തിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ഉജ്വല പ്രകടനമാണ് റാങ്കിങ്ങിലെ കുതിച്ചുചാട്ടത്തിന് കുൽദീപിന് ഇന്ധനമായത്. ഈ പരമ്പരയിൽ നാലു വിക്കറ്റ് നേടിയ കുൽദീപ് യാദവ് 20 സ്ഥാനം പിന്നിട്ട് മൂന്നാം റാങ്കിലെത്തി. 714 പോയിന്റുള്ള കുൽദീപിനു മുന്നിൽ അഫ്ഗാൻ താരം റാഷിദ് ഖാൻ (793 പോയിന്റ്), പാക്കിസ്ഥാൻ താരം ഷതബ് ഖാൻ (752) എന്നിവർ മാത്രം.

കുൽദീപ് ഒഴികെ ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. 11–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട യുസ്‍വേന്ദ്ര ചാഹലാണ് റാങ്കിങ്ങിൽ ഇന്ത്യക്കാരിൽ രണ്ടാമൻ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ചാഹലിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. റാങ്കിങ്ങിൽ കൂടുതൽ പിന്നിലേക്കു പോയ ഇന്ത്യയുടെ പേസ് ബോളിങ് ദ്വയത്തിൽ ഭുവനേശ്വർ കുമാർ 20–ാം സ്ഥാനത്തും ജസ്പ്രീത് ബുമ്ര 21–ാം സ്ഥാനത്തുമാണ്.

അതേസമയം, ഇന്ത്യയ്ക്കെതിരെ രണ്ട് ഇന്നിങ്സിലായി മൂന്നു വിക്കറ്റെടുത്ത ഓസ്ട്രേലിയൻ സ്പിന്നർ ആദം സാംപ 17 സ്ഥാം പിന്നിട്ട് 5–ാം റാങ്കിലെത്തി. ബോളർമാരിലെ ആദ്യ പത്തു പേരിൽ പേസ് ബോളറായി പാക്കിസ്ഥാൻ ഫഹീം അഷ്റഫ് മാത്രം.

സിഡ്നിയിൽ നടന്ന മൂന്നാം ട്വന്റി20യിൽ കളിയിലെ കേമൻ പട്ടം നേടിയ ക്രുനാൽ പാണ്ഡ്യ 98–ാം സ്ഥാനത്തുണ്ട്. വിരമിച്ചെങ്കിലും ഇന്ത്യക്കാരനായ ആശിഷ് നെഹ്റ ഇപ്പോഴും 94–ാം റാങ്കിലുണ്ട്. ഹാർദിക് പാണ്ഡ്യ (46), വാഷിങ്ടൺ സുന്ദർ (57) എന്നിവരാണ് റാങ്കിങ്ങിൽ ഇടം പിടിച്ച മറ്റുവള്ളവർ.

ബാറ്റ്സ്മാൻമാരിൽ ആറാം സ്ഥാനം നിലനിർത്തിയ ലോകേഷ് രാഹുൽ തന്നെ ഇന്ത്യക്കാരിൽ ഒന്നാമത്. ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യക്കാരൻ രോഹിത് ശർമയും ഒൻപതാം സ്ഥാനം നിലനിർത്തി. ശിഖർ ധവാൻ (11), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (14) എന്നിവരും തൽസ്ഥാനം നിലനിർത്തി. സമീപകാലത്ത് മികച്ച പ്രകടനങ്ങളുമായി ശ്രദ്ധ നേടുന്ന ദിനേഷ് കാർത്തിക് 92–ാം സ്ഥാനത്തേക്ക് കയറി.