മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്തിരിക്കുന്ന പുതിയ വിവാദത്തിൽ മിതാലി രാജിനു പിന്തുണയുമായി സുനിൽ ഗാവസ്കർ രംഗത്ത്. 20 വർഷത്തിലധികം രാജ്യത്തെ സേവിച്ചിട്ടും മിതാലി രാജിനുണ്ടായ ദുരനുഭവത്തിൽ വിഷമമുണ്ടെന്ന് ഗാവസ്കർ വ്യക്തമാക്കി. മിതാലിയെ പോലെ മൽസരപരിചയമുള്ള താരത്തെ ലോകകപ്പ് സെമി പോലുള്ള നിർണായക മൽസരത്തിൽ പുറത്തിരുത്താൻ പാടില്ലായിരുന്നുവെന്നും ഗാവസ്കർ അഭിപ്രായപ്പെട്ടു.
‘മിതാലിക്കു സംഭവിച്ച കാര്യങ്ങളിൽ വിഷമം തോന്നുന്നു. അവർ പറയുന്നതിലും കാര്യമുണ്ട്. 20 വർഷത്തിലധികം അവർ ഇന്ത്യൻ ക്രിക്കറ്റിനെ സേവിച്ചിട്ടുണ്ട്. അതിനിടെ ഒട്ടേറെ റൺസ് നേടി. പുറത്തിരുത്തപ്പെട്ട ലോകകപ്പിൽ പോലും രണ്ട് മൽസരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ചായി’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘ഒരു മൽസരത്തിൽ അവർക്കു പരുക്കായിരുന്നുവെന്നതു വാസ്തവം തന്നെ. പക്ഷേ, അടുത്ത മൽസരത്തിന് അവർ കളിക്കാൻ സുസജ്ജയായിരുന്നു. മിതാലിക്കു സംഭവിച്ചത് പുരുഷ ക്രിക്കറ്റിൽ കോഹ്‍ലിക്കായിരുന്നു സംഭവിച്ചത് എന്നു കരുതുക. ഒരു മൽസരത്തിൽ കോഹ്‍ലിക്കു പരുക്കേൽക്കുകയും നിർണായകമായ അടുത്ത മൽസരത്തിൽ കോഹ്‍ലി പരുക്കുമാറി തിരിച്ചെത്തുകയും ചെയ്താൽ അദ്ദേഹത്തെ പുറത്തിരുത്തുമോ?’ – ഗാവസ്കർ ചോദിച്ചു.
നിർണായക മൽസരങ്ങളിൽ പ്രധാന താരങ്ങളെയാണ് കളിപ്പിക്കേണ്ടത്. ലോകകപ്പ് സെമിയിലും മിതാലി രാജിന്റെ അനുഭവസമ്പത്തും കഴിവും ഉപയോഗപ്പെടുത്തേണ്ടതായിരുന്നുവെന്നും ഗാവസ്കർ പറഞ്ഞു.
മിതാലി വിഷയത്തിൽ രമേഷ പൊവാറുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ബുദ്ധിമുട്ടാണെന്നും ഗാവസ്കർ പറഞ്ഞു. ‘പൊവാറിന് എന്താണ് പറ്റിയത്? അതേക്കുറിച്ച് ഇവിടെനിന്ന് അഭിപ്രായം പറയാൻ ബുദ്ധിമുട്ടാണ്. എങ്കിലും മിതാലിയെ പുറത്തിരുത്തിയതിനു പറഞ്ഞ കാരണങ്ങൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്. ജയിച്ച ടീമിനെ നിലനിർത്താനാണ് മിതാലിയെ പുറത്തിരുത്തിയത് എന്നാണ് അവർ പറയുന്നത്. അതു മതിയായ ന്യായീകരണമായി തോന്നുന്നില്ല. മിതാലി രാജിനെപ്പോലൊരു താരത്തെ അങ്ങനെ പുറത്തിരുത്താൻ പാടില്ല’ – ഗാവസ്കർ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് െസമിയിൽ മിതാലി രാജിനെ പുറത്തിരുത്തിരുത്തിയതിനു പിന്നാലെയാണ് വിവാദം ഉടലെടുത്തത്. ഈ മൽസരം ഇന്ത്യ തോറ്റതോടെ വിമർശനം കടുത്തു. ഇതിനു പിന്നാലെ, പരിശീലകൻ രമേഷ് പൊവാറും ബിസിസിഐ ഭരണസമിതി അംഗം ഡയാന എഡുൽജിയും തന്നെ തകർക്കാനും കരിയർ നശിപ്പിക്കാനും ശ്രമിക്കുകയാണെന്ന് ആരോപിച്ച് മിതാലി രംഗത്തെത്തി. ഇതിനു പിന്നാലെ മിതാലിയാണ് പ്രശ്നങ്ങൾക്കു കാരണമെന്ന് വ്യക്തമാക്കി പൊവാറും രംഗത്തെത്തിയിരുന്നു.