Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിലെ ഈ വിജയം ഓർമിപ്പിക്കുന്നു; ഗാവസ്കർ തിരുത്താൻ ആഗ്രഹിച്ച ആ പിഴവ്!

gavaskar-lilee സുനിൽ ഗാവസ്കറും ഡെന്നിസ് ലിലിയും. ഗാവസ്കറിനെതിരെ ലിലിയുടെ അപ്പീലാണ് നടുക്കുള്ള ചിത്രത്തിൽ.

മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യ 38 വർഷം മുൻപ് നേടിയ വിജയവും സംഭവബഹുലമായിരുന്നു. ഈ വിജയത്തെ വേറിട്ടു നിർത്തുന്നത് അന്നത്തെ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ ഒരു വിവാദ തീരുമാനം കൂടിയാണ്. 1980–81ലെ ഓസിസ് പര്യടനത്തിൽ ഇന്ത്യ ജയിച്ചത് 59 റൺസിന്. മെൽബൺ ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു ഗാവസ്കറിന്റെ വിവാദ തീരുമാനം.

ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 237 റൺസും ഓസ്ട്രേലിയ 419 റൺസും നേടി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് 165 റൺസെടുത്തപ്പോൾ ഡെന്നിസ് ലിലിയുടെ പന്ത് ഗാവസ്കറിന്റെ പാഡിൽ മുട്ടിയുരുമ്മിയതോടെ ഓസീസ് ടീം അപ്പീൽ ചെയ്തു. അംപയർ റെക്സ് വൈറ്റ്‍ഹെഡ് എൽബി വിധിച്ചു. എന്നാൽ തന്റെ ബാറ്റിലാണ് ആദ്യം പന്തുകൊണ്ടതെന്ന് ഗാവസ്കർ വാദിച്ചു. ഗാവസ്കറും ലിലിയും വാക്കുകൾകൊണ്ടും ഏറ്റുമുട്ടി. അംപയർ വീണ്ടും വിരലുയർത്തി.

70 റൺസുമായി ഡ്രസിങ് റൂമിലേക്കു മടങ്ങിയ ഗാവസ്കർ തിരിച്ചെത്തി സഹ ഓപ്പണർ ചേതൻ ചൗഹാനെയും കൂട്ടി പുറത്തേക്കു നടന്നു. മൽസരം ബഹിഷ്കരിക്കുന്നുവെന്നു മനസിലാക്കിയ ഇന്ത്യൻ മാനേജർ എസ്.കെ. ദുറാനി ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന് താരങ്ങളെ അറിയിച്ചു.

ഇതോടെ, തിരിച്ചെത്തിയ ചൗഹാനൊപ്പം ദിലീപ് വെങ്സാർക്കറും ചേർന്ന് ഇന്ത്യൻ ഇന്നിങ്സ് പുനഃരാരംഭിച്ചു. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 324 റൺസിന് അവസാനിച്ചു. ഇതോടെ ഓസീസിനു മുന്നിൽ ഉയർന്നത് വെറും 143 റൺസിന്റെ വിജയലക്ഷ്യം. എന്നാൽ, കപിൽദേവിന്റെ മാസ്മരിക ബോളിങ്ങിനു മുന്നിൽ അടിപതറിയ ഓസീസ് മൽസരം കൈവിട്ടു. ഈ മൽസരത്തിൽ കപിൽദേവ് അഞ്ചു വിക്കറ്റ് കൊയ്തു.

നീണ്ട ക്രിക്കറ്റ് കരിയറിൽ എന്തെങ്കിലും തീരുമാനം മാറ്റാൻ അവസരം ലഭിച്ചാൽ അത് മെൽബൺ ടെസ്‌റ്റിനിടയിൽ ടീമിനെ തിരികെ വിളിക്കാൻ കൊടുത്ത നിർദ്ദേശമായിരിക്കുമെന്ന് പിന്നീടു ഗാവസ്കർ പറഞ്ഞിട്ടുണ്ട്.

related stories