വിയർത്തു കളിച്ച് ഗംഭീർ സമ്മാനിച്ച ‘ഗംഭീര വിജയങ്ങൾ’ വളരെ; നാം കൊടുത്ത കയ്യടിയോ?

gambhir-dhoni
ഗൗതം ഗംഭീർ, മഹേന്ദ്രസിങ് ധോണി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരങ്ങളിലൊരാളാണ് ചൊവ്വാഴ്ച വിരമിക്കൽ പ്രഖ്യാപിച്ച ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകളിൽ സമാനതകൾ അധികമില്ലാത്ത താരമാണ് ഗംഭീർ എന്നതിന് കണക്കുകൾ സാക്ഷി. മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ഇന്ത്യ നേടിയ രണ്ട് ലോകകപ്പുകളിലും ഗംഭീറിന്റെ വ്യക്തമായ കയ്യൊപ്പുണ്ട്. 2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലിലായാലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലായാലും ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗംഭീറായിരുന്നു.

2007 ട്വന്റി 20 ലോകകപ്പ് ഫൈനലിൽ 75 റൺസോടെയാണ് ഗംഭീർ ടോപ് സ്കോററായത്. 2011 ലോകകപ്പ് ഫൈനലിൽ അവസാന നിമിഷത്തെ ബാറ്റിങ് വെടിക്കെട്ടിലൂടെ കയ്യടി നേടിയത് ധോണിയായിരുന്നെങ്കിലും സച്ചിന്റെയും സേവാഗിന്റെയും വിക്കറ്റുകൾ നഷ്ടമാക്കി കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ഇന്ത്യയ്ക്കായി നങ്കൂരമിട്ടത് ഗംഭീറായിരുന്നു. അന്ന് ഫൈനലിൽ 97 റൺസെടുത്താണ് ഗംഭീർ പുറത്തായത്. ധോണിയുമൊത്ത് നാലാം വിക്കറ്റിൽ 109 റൺസ് കൂട്ടുകെട്ടും സ്ഥാപിച്ചു. കയ്യടി ലഭിക്കേണ്ട താരവും ഗംഭീർ തന്നെ. 

ഗംഭീർ എന്തുകൊണ്ട് ഇതിഹാസമാകുന്നു എന്നു സാക്ഷ്യപ്പെടുത്തുന്ന ചില കണക്കുകളിലൂടെ:

∙ വീരേന്ദർ സേവാഗിനൊപ്പം 87 ടെസ്റ്റിൽ 52.52 ശരാശരിയിൽ നേടിയത് 4412 റൺസ്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസ് നേടിയ ഓപ്പണിങ് കൂട്ടുകെട്ട്.

∙ 2009ലെ ഐസിസി പ്ലെയർ ഓഫ് ദ് ഇയർ പുരസ്കാരം. അതേ വർഷം ടെസ്റ്റ് ബാറ്റിങിലെ ഒന്നാം സ്ഥാനം.

∙ തുടർച്ചയായ 5 ടെസ്റ്റ് മൽസരങ്ങിൽ സെഞ്ചുറിയടിച്ച 4 താരങ്ങളിൽ ഒരാൾ. സർ ഡൊണാൾഡ് ബ്രാഡ്മാൻ (ഓസീസ്), ജാക് കാലിസ് (ദക്ഷിണാഫ്രിക്ക), മുഹമ്മദ് യൂസഫ് (പാക്കിസ്ഥാൻ) എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റു താരങ്ങൾ.

∙ ഏകദിനത്തിൽ നായകനായ 6 മൽസരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു.കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 2 വട്ടം ഐപിഎൽ കിരീടത്തിലും.

∙ ന്യൂസീലൻ‌ഡിനെതിരെ 2009 നേപ്പിയർ ടെസ്റ്റിൽ പൊരുതി നേടിയ 137 റൺസോടെ ഇന്ത്യയ്ക്കു സമനില നൽകി.

∙ എല്ലാ ഫോർമാറ്റിലുമായി ഇന്ത്യയ്ക്കായി 242 മൽസരങ്ങളാണ് ഗംഭീർ കളിച്ചത്. ഇത്രയും മൽസരങ്ങളിൽനിന്ന് 38.95 റൺസ് ശരാശരിയിൽ 10,324 റൺസും നേടി. ഇതിൽ 20 സെഞ്ചുറികളും 63 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഇന്ത്യയ്ക്കായി രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് നേടിയിട്ടുള്ള 13 താരങ്ങളിൽ ഒരാളുമാണ് ഗംഭീർ.

∙ സാധാരണ ഇന്ത്യൻ താരങ്ങൾ ഇന്ത്യൻ മണ്ണിലാണ് പുലികളെങ്കിൽ വിദേശത്തായിരുന്നു ഗംഭീറിന്റെ തകർപ്പൻ പ്രകടനങ്ങളിലേറെയും. 58 ടെസ്റ്റുകളിൽനിന്ന് ഒൻപതു സെഞ്ചുറികൾ ഉൾപ്പെടെ 41.95 റൺസ് ശരാശരിയിൽ ഗംഭീർ നേടിയിട്ടുള്ളത് 4154 റൺസാണ്. ഇതിൽ നാട്ടിൽ കളിച്ച 34 ടെസ്റ്റുകളിൽ ഗംഭീറിന്റെ ശരാശരി 40.73 ആണ്. വിദേശത്തു കളിച്ച 24 ടെസ്റ്റിലാകട്ടെ, 43.61 ഉം!

∙ ഇന്ത്യൻ താരങ്ങൾക്ക് എക്കാലവും ബാലികേറാ മലകളായ ന്യൂസീലൻഡിലും ദക്ഷിണാഫ്രിക്കയിലും മികച്ച റെക്കോർഡുള്ള താരമാണ് ഗംഭീർ. ന്യൂസീലൻഡിൽ കളിച്ച മൂന്നു ടെസ്റ്റുകളിൽ 89 റൺസിലധികമാണ് ഗംഭീറിന്റെ ശരാശരി. ദക്ഷിണാഫ്രിക്കയിൽ കളിച്ച രണ്ടു ടെസ്റ്റുകളിൽ 60.50 ശരാശരിയിലും ഗംഭീറിനുണ്ട്. രാജ്യാന്തര ക്രിക്കറ്റിലെ പ്രമുഖ രാജ്യങ്ങളിൽ ഗംഭീർ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ളത് ന്യൂസീലൻഡിനെതിരെയാണ്. ഒൻപതു ടെസ്റ്റുകളിൽനിന്ന് 53.50 റൺസ് ശരാശരിയിൽ 749 റൺസ്!

∙ 2008–09 കാലഘട്ടമായിരുന്നു ഗംഭീറിന്റെ ക്രിക്കറ്റ് കരിയറിലെ സുവർണ കാലം. 2008ൽ എട്ടു ടെസ്റ്റുകളിൽനിന്ന് ഗംഭീറിന്റെ ശരാശരി 70.87 ആയിരുന്നു. 2009ൽ ഇത് അഞ്ചു ടെസ്റ്റുകളിൽനിന്ന് 90.87 റൺസായി ഉയർന്നു. 2008 ജൂലൈ മുതൽ 2010 ജനുവരി വരെയുള്ള കാലയളവിൽ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ താരം ഗംഭീറായിരുന്നു. ഇക്കാലയളവിൽ 15 ടെസ്റ്റുകൾ കളിച്ച ഗംഭീർ നേടിയത് 2068 റണ്‍സാണ്. ഇക്കാലയളവിൽ 76.59 റൺസ് ശരാശരിയുണ്ടായിരുന്ന ഗംഭീർ അക്കാര്യത്തിലും ഒന്നാമനായിരുന്നു. സ്വന്തമായുള്ള ഒൻപതു ടെസ്റ്റ് സെഞ്ചുറികളിൽ എട്ടെണ്ണവും ഗംഭീർ നേടിയത് ഇക്കാലയളവിലാണ്. ടെസ്റ്റിൽ ഈ കാലഘട്ടത്തിൽ ഗംഭീറിനോളം പന്തുകൾ നേരിട്ട താരവും (3891), ക്രീസിൽ സമയം ചെലവഴിച്ച താരവും (5557 മിനിറ്റ്) മറ്റാരുമില്ല! ടെസ്റ്റിൽ ഗംഭീറിന്റെ ഏക ഇരട്ട സെഞ്ചുറി പിറന്നതും ഇക്കാലയളവിലാണ്. ഓസ്ട്രേലിയയ്ക്കെതിരെ ഡൽഹിയിൽ നേടിയ 206 റൺസ്!

∙ നേടിയ റൺസിലും ശരാശരിയിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച മൂന്നാമത്തെ ടെസ്റ്റ് ഓപ്പണറും ഗംഭീർ തന്നെ. 57 ടെസ്റ്റുകളിൽ ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്ത ഗംഭീർ നേടിയത് 4119 റൺസാണ്. അതും 42.90 റൺസ് ശരാശരിയിൽ. ഇക്കാര്യത്തിൽ ഗംഭീറിനു മുന്നിലുള്ളത് സുനിൽ ഗാവസ്കർ, വീരേന്ദർ സേവാഗ് എന്നിവർ മാത്രം.

∙ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഗംഭീർ കളിച്ചിട്ടുള്ളത് 147 മൽസരങ്ങളിലായി 143 ഇന്നിങ്സുകളാണ്. 39.68 റൺസ് ശരാശരിയിലും 85.25 റൺസ് സ്ട്രൈക്ക് റേറ്റിലും നേടിയത് 5238 റൺസ്. ഇതിൽ 11 സെഞ്ചുറികളും 34 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. ഏകദിനത്തിൽ കുറഞ്ഞത് 1000 റൺസെങ്കിലും നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങളിൽ ഗംഭീറിനേക്കാൾ ശരാശരിയിലുള്ള വെറും ഏഴു താരങ്ങളേയുള്ളൂ. രാഹുൽ ദ്രാവിഡ്, യുവരാജ് സിങ്, നവ്ജ്യോത് സിങ് സിദ്ധു, മുഹമ്മദ് അസ്ഹറുദ്ദീൻ, വീരേന്ദർ സേവാഗ്, സുരേഷ് റെയ്ന തുടങ്ങിയവരേക്കാൾ റൺ ശരാശരി ഗംഭീറിനുണ്ട്!

∙ ഓസ്ട്രേലിയൻ മണ്ണിൽ മികച്ച ഏകദിന റെക്കോർഡുള്ള താരം കൂടിയാണ് ഗംഭീർ. അവിടെ കളിച്ച 17 മൽസരങ്ങളിൽ 49.86 റൺസ് ശരാശരിയിലും 82.37 സ്ട്രൈക്ക് റേറ്റിലും നേടിയത് 748 റൺസാണ്. ഇതിൽ 2012ൽ അഡ്‌ലെയ്ഡിൽ നേടിയ 92 റൺസും ഉൾപ്പെടുന്നു. അന്ന് ഓസ്ട്രേലിയ ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം ഗംഭീറിന്റെ മികവിലാണ് ഇന്ത്യ മറികടന്നത്. അന്ന് ഇന്ത്യൻ ഇന്നിങ്സിലെ മികച്ച രണ്ടാമത്തെ സ്കോർ 44 റൺസായിരുന്നു എന്നോർക്കണം.

∙ ന്യൂസീലൻഡിനെതിരെ ഏകദിനത്തിലും മികച്ച റെക്കോർഡുള്ള താരമാണ് ഗംഭീർ. ഒൻപത് ഇന്നിങ്സുകളിൽനിന്ന് 73.66 റൺസ് ശരാശരിയിൽ ഗംഭീർ നേടിയത് 442 റൺസാണ്. ശ്രീലങ്കയ്ക്കെതിരെ 36 ഇന്നിങ്സുകളിൽനിന്ന് 50.54 റൺസ് ശരാശരിയിൽ 1668 റൺസും നേടിയിട്ടുണ്ട്. ആകെയുള്ള 11 ഏകദിന സെഞ്ചുറികളിൽ ആറെണ്ണവും ഗംഭീർ നേടിയത് ശ്രീലങ്കയ്ക്കെതിരെയാണ്. സ്പിന്നിനെതിരെ കളിക്കുന്നതിൽ ഗംഭീറിനുള്ള മിടുക്കു വെളിവാക്കുന്നതാണ് ഈ കണക്ക്.

∙ റൺസ് പിന്തുടരുമ്പോൾ ഏകദിനത്തിൽ സച്ചിൻ തെൻഡുൽക്കർ (42.33), സൗരവ് ഗാംഗുലി (39.46) എന്നിവരേക്കാൾ മികച്ച റൺ ശരാശരിയുള്ള താരമാണ് ഗംഭീർ. രണ്ടാമതു ബാറ്റു ചെയ്യുമ്പോൾ ഗംഭീറിന്റെ ശരാശരി 45.48 ആണ്. വിരാട് കോഹ്‍ലി, മഹേന്ദ്ര സിങ് ധോണി, സുനിൽ ഗാവസ്കർ, രോഹിത് ശർമ, ശിഖർ ധവാൻ എന്നിവർക്കുശേഷം ഏറ്റവും മികച്ച ശരാശരിയിലും ഗംഭീറിനു തന്നെ.

∙ ട്വന്റി20 ഫോർമാറ്റിലും മികച്ച റെക്കോർഡുള്ള താരമാണ് ഗംഭീർ. ഇന്ത്യയ്ക്കായി 36 ട്വന്റി20 ഇന്നിങ്സുകളിൽനിന്ന് 27.41 റൺസ് ശരാശരിയിൽ 932 റൺസാണ് സമ്പാദ്യം. അതിൽത്തന്നെ, ട്വന്റി20 ലോകകപ്പിന്റെ ആദ്യ പതിപ്പിൽ (2007) പുറത്തെടുത്ത പ്രകടനം തന്നെ ഹൈലൈറ്റ്. അന്ന് ഓസീസ് താരം മാത്യു ഹെയ്ഡനു ശേഷം ഏറ്റവും ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ഗംഭീറായിരുന്നു. ആറ് ഇന്നിങ്സുകളിൽനിന്ന് 37.83 റൺസ് ശരാശരിയിൽ 227 റണ്‍സാണ് ഗംഭീർ അടിച്ചുകൂട്ടിയത്. ഫൈനലിൽ പാക്കിസ്ഥാനെതിരെ വെറും 54 പന്തുകളിൽനിന്നു നേടിയ 75 റൺസും ഇതിൽ ഉള്‍പ്പെടുന്നു. ഇതുൾപ്പെടെ ആകെ മൂന്ന് അർധസെഞ്ചുറികളും ഗംഭീർ നേടി.

∙ ഐപിഎല്ലിലും ഗംഭീറിന്റേത് സമാനതകൾ അധികമില്ലാത്ത റെക്കോർഡുകളാണ്. 2012, 2014 വർഷങ്ങളിൽ ഗംഭീറിന്റെ നേതൃത്വത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ ചാംപ്യൻമാരായി. കൊൽക്കത്തയ്ക്കായി 121 ഇന്നിങ്സുകളിൽനിന്ന് 31.26 റൺസ് ശരാശരിയിൽ 3345 റൺസാണ് ഗംഭീറിന്റെ സമ്പാദ്യം. ക്ലബ്ബിനായി ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള താരം ഗംഭീർ തന്നെ. ഗംഭീർ കൊൽക്കത്തയ്ക്കായി നേടിയ 30 അർധസെഞ്ചുറികളുടെ സമീപത്തുപോലുമില്ല ആരും. 2008, 2012, 2016 വർഷങ്ങളിൽ ഗംഭീർ ഐപിഎല്ലിൽ 500 റൺസ് പിന്നിട്ടു. ആകെ 152 ഇന്നിങ്സുകളിൽനിന്ന് 4217 റണ്‍സാണ് ഐപിഎല്ലിൽ ഗംഭീറിന്റെ സമ്പാദ്യം. സുരേഷ് റെയ്ന, വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ഗംഭീർ തന്നെ. ഡേവിഡ് വാർണർ, വിരാട് കോഹ്‍ലി എന്നിവർ കഴിഞ്ഞാൽ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ (36) എന്ന റെക്കോർഡും സുരേഷ് റെയ്നയ്ക്കൊപ്പം ഗംഭീർ പങ്കിടുന്നു.