നെറ്റ്സിൽ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറിനും പന്തെറിഞ്ഞുള്ളഓസ്ട്രേലിയൻ പേസർമാരുടെ പടയൊരുക്കത്തിലുണ്ട് ടൂർ ഡൗൺ അണ്ടർ പരമ്പരയുടെ നേർചിത്രം. ഇതാദ്യമായി സ്വന്തം നാട്ടിൽ ‘സംശയങ്ങളോടെ’ ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ്. ഇന്ത്യൻക്രിക്കറ്റ് ഇനിയും കീഴടക്കാത്ത മണ്ണിൽ ചരിത്രവിജയം സ്വപ്നം കണ്ടാണ് വിരാട് കോഹ്‌ലിയുടെയും സംഘത്തിന്റെയും പോരാട്ടം.
സച്ചിനും ദ്രാവിഡിനും ഗാംഗുലിക്കും കുംബ്ലെയ്ക്കും ധോണിക്കുമൊന്നും കൈൈവരിക്കാനാകാത്ത സ്വപ്നത്തിനരികിലേയ്ക്കാണ് അഡ്‌ലെയ്ഡ് ഓവലിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ടോസിന് ഇറങ്ങുന്നത്. കോഹ്‌ലിയുടെ ബാറ്റും സ്റ്റാർക്കിന്റെ പന്തും തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന പതിവ് പ്രയോഗത്തിനുമപ്പുറമാണ് ഇത്തവണ ബോർഡർ - ഗവാസ്കർ ട്രോഫിക്കു വേണ്ടിയുള്ള അഭിമാനപ്പോര്. ഓവലിൽ നിന്നു സിഡ്നി വരെ നീളുന്ന, പതിവു സമവാക്യം വിട്ടുള്ള ഈ കൊമ്പുകോർക്കൽ തന്നെയാണ് സന്ദർശകരുടെ സാധ്യതയേറ്റുന്നതും. ബാറ്റിലും പന്തിലും ഊർജം സംഭരിച്ചെത്തുന്ന ഇന്ത്യയ്ക്കു മുന്നിൽ ബാറ്റിങ് നിരയിൽ കരുത്ത് ചോർന്ന നിലയിലാണ് ഓസീസ്.
∙ ബാറ്റിങ് v/s ബാറ്റിങ്
ആതിഥേയ ബാറ്റിങ് നിരയുമായി ചേർത്തു വയ്ക്കുമ്പോൾ ഒരു പടി ഉയരെയാണ് ഇന്ത്യയുടെ ലൈനപ്പ്. പരമ്പരയുടെ തന്നെ എക്സ് ഫാക്ടറായ കോഹ്‌ലി ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ 60 റൺസിലേറെ ശരാശരിയുമായാണു മൂന്നാമൂഴത്തിനെത്തുന്നത്. ആദ്യ മൽസരത്തിനു വേദിയായ അഡ്‌ലെയ്ഡ് കോഹ്‌ലിയുടെ ഇഷ്ടമൈതാനം കൂടിയാണ്. ശതകങ്ങൾ തീർത്ത ഇന്നിങ്സുകളുടെ പിൻബലമുണ്ട് ഇന്ത്യൻ നായകന് ഈ വേദിയിൽ.
ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും കുഴക്കിയ സീം മൂവ്‌മെന്റും ഓസ്ട്രേലിയൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ കാത്തിരിക്കുന്നില്ല. അജിൻക്യ രഹാനെയും ചേതേശ്വർ പൂജാരയും ലോകേഷ് രാഹുലും പോലുള്ള താരങ്ങൾക്കു യോജിച്ച സാഹചര്യം ഇന്ത്യൻ പ്രതീക്ഷയേറ്റുന്ന ഘടകങ്ങളിലൊന്നാണ്. വിരാട് കോഹ്‌ലി പതിവു ഫോമിൽ തുടരുകയും ഇംഗ്ലണ്ട്, പ്രോട്ടിയാസ് പരമ്പരകളിൽ നിന്നു വിഭിന്നമായി മറ്റു ബാറ്റ്സ്മാൻമാരിൽ നിന്നു കൂട്ടുകെട്ടുകളുടെ രൂപത്തിൽ പിന്തുണയെത്തുകയും ചെയ്താൽ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് റബറും നേടി ഇന്ത്യയ്ക്കു മടങ്ങാനാകും.
ബാറ്റിങ് ഓർഡറിൽ ഒന്നും മുൻകൂട്ടി ഉറപ്പിക്കാനാകാത്ത നിലയിൽ ഓസ്ട്രേലിയ സ്വന്തം നാട്ടിലൊരു പരമ്പരയ്ക്ക് ഇറങ്ങുന്നതു തന്നെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവമാകും. ബാറ്റിങ് നിരയുടെ നട്ടെല്ലായി നിന്ന സ്മിത്തിനും വാർണർക്കും പകരം വയ്ക്കാൻ പോന്ന താരങ്ങളില്ലാതെയാണ് ഓസ്ട്രേലിയയുടെ പരീക്ഷണം. ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും ഷോൺ മാർഷും പോലുള്ള താരങ്ങളെ മുന്നിൽ നിർത്തിയെത്തുന്ന ഓസീസ് ഓർഡറിൽ പരിചയസമ്പത്തിന്റെ അഭാവം പ്രകടം. ടീമെന്ന നിലയിലും എതിരാളികളോളം സന്തുലിതമാർന്നൊരു നിരയുമായല്ല ഇത്തവണ ഓസ്ട്രേലിയയുടെ വരവ്.
∙ ബോളിങ് v/s ബോളിങ്
ഇന്ത്യൻ ബാറ്റിങ്ങും ഓസീസ് ബോളിങ്ങും തമ്മിലുള്ള ഏറ്റുമുട്ടലെന്നവിശേഷണവുമായാണ് ഇതുവരെയുള്ള ബോർഡർ–ഗാവസ്കർ പോരാട്ടങ്ങളെങ്കിൽ ഇക്കുറി കഥ മാറുകയാണ്. മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ജോഷ് ഹെയ്സൽവുഡും പുതുമുഖം ട്രെമെയ്നും നിരക്കുന്ന ആതിഥേയ വേഗക്കൂട്ടത്തിന്റേതു മാത്രമായി ഒതുങ്ങിനിൽക്കില്ല ഈപരമ്പര. ദുർബലമെന്നു തോന്നിപ്പിക്കുന്ന ബാറ്റിങ് നിരയുമായെത്തുന്നഓസ്ട്രേലിയയ്ക്കു നേരിടേണ്ടിവരുക ഭുവനേശ്വറും ഉമേഷും ഇഷാന്തും ബുമ്രയും ഷമിയും ചേർന്ന, ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബോളിങ് യൂണിറ്റിനെയാണ്.
24.18 റൺസ് ശരാശരിയിൽ 132 വിക്കറ്റ് കൊയ്തുകൂട്ടിയ (സ്ട്രൈക്ക് റേറ്റ് 46.7) വിസ്മയ സീസൺ കളിച്ചാണ് ഇന്ത്യയുടെ പേസ് സംഘമെത്തുന്നത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പേസ് ബോളർമാരുടെ വിലാസത്തിലാണു ഇന്ത്യ പോരാട്ടത്തിന്റെ പുതിയ മുഖം കാണിച്ചത്. ടീമിനു മിന്നുന്ന തുടക്കം നൽകാനായെങ്കിലും എതിരാളികളുടെ ഇന്നിങ്സ് ചുരുട്ടിക്കെട്ടാൻ കഴിയാതെ പോയതാണു ഇംഗ്ലിഷ് പരമ്പരയിൽ അനുകൂലഫലം അകന്നുപോയതിനു കാരണം. ബാറ്റിങ്ങിൽ നിന്നു വേണ്ടത്ര പിന്തുണ കിട്ടാത്തതിനു ബോളർമാരുടെ മിന്നും പ്രകടനത്തിനു വിജയത്തിളക്കം ലഭിക്കാത്തതിനു കാരണമായി. മിച്ചൽ സ്റ്റാർക്കിന്റെ നേതൃത്വത്തിലുള്ള എതിരാളികളെ അത്ര വില കുറച്ചു കാണാനാകില്ലെങ്കിലും സമീപകാല പ്രകടനങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ നിരയ്ക്കു പിന്നിലെയുള്ളൂ സ്ഥാനം. മൽസരം ജയിപ്പിക്കാൻ പോന്ന 20 വിക്കറ്റ് എന്ന മാന്ത്രിക സംഖ്യ തികയ്ക്കാനാകാതെ കിതയ്ക്കുന്ന മൽസരങ്ങളും പോയ സീസണിലെ ഓസീസ് കാഴ്ചകളായുണ്ട്.
സ്പിൻ വിഭാഗത്തിലും താരതമ്യത്തിലും മേലെ തന്നെയാണ് ഇരുടീമുകളും തമ്മിലുള്ള അന്തരം. നഥാൻ ലിയോണിന്റെ ഒറ്റയാൻ സ്പിൻ ആക്രമണത്തിലും പ്രതീക്ഷയുടെ ഒരു കണ്ണ് വയ്ക്കുന്ന ഓസ്ട്രേലിയയ്ക്കു അശ്വിനും രവീന്ദ്ര ജഡേജയും കുൽദീപ് യാദവും ചേർന്ന സ്പിൻ ത്രയത്തിലൂടെയാണ് ഇന്ത്യൻ മറുപടി. കഴിഞ്ഞ മൂന്നു വർഷത്തെ ടെസ്റ്റ് പ്രകടനം പരിശോധിച്ചാൽ സ്പിൻ വിഭാഗമാണ് ഇരുടീമിന്റെയും മുഖ്യവേട്ടക്കാർ. ഇന്ത്യൻ വിക്കറ്റ് കൊയ്ത്തിൽ 32 മൽസരങ്ങളിൽ നിന്നു 160 വിക്കറ്റുകൾ പിഴുത അശ്വിനും 23 മൽസരങ്ങളിൽ നിന്നു 117 വിക്കറ്റെടുത്ത ജഡേജയുമാണ് ആദ്യ സ്ഥാനങ്ങളിൽ. ഓസ്ട്രേലിയൻ നിരയിൽ 29 മൽസരങ്ങളിൽ നിന്നു 136 വിക്കറ്റ് സ്വന്തമാക്കിയ ലിയോണിനു പിന്നിലാണു സ്റ്റാർക് ഉൾപ്പെടെയുള്ള പേസ് ബോളർമാരുടെ വിക്കറ്റ് ശേഖരം.
∙ ടീം ഫോം v/s ടീം ഫോം
വെസ്റ്റിൻഡീസിനെതിരായ പരമ്പര അല്ല, ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നടത്തിയ പര്യടനങ്ങളുമായി താരതമ്യപ്പെടുത്തി വേണം ഓസ്ട്രേലിയയിൽ ഇറങ്ങിയിട്ടുള്ള ഇന്ത്യയുടെ കരുത്ത് അളക്കാൻ. പരമ്പര നേട്ടംഅകന്നുവെങ്കിലും പ്രതികൂല സാഹചര്യങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞില്ല ഇന്ത്യ. ലോർഡ്സ് ഒഴികെയുള്ള ടെസ്റ്റുകളിൽ ഏതു ഭാഗത്തേയ്ക്കും തിരിയാമെന്നു തോന്നിപ്പിച്ച പോരാട്ടങ്ങൾക്കൊടുവിലാണു വിധി നിർണയിക്കപ്പെട്ടത്.
നേർവിപരീതമാണ് ഓസ്ട്രേലിയൻ പ്രകടനം. ടെസ്റ്റിൽ അജയ്യരെന്നു പേരെടുത്ത ‘ബാഗി ഗ്രീൻ’ സംഘത്തിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം കാലഘട്ടമെന്നു പറയേണ്ടിവരും ഈ സീസൺ. ഈ വർഷം 7 മൽസരം മാത്രം കളിച്ച ഓസീസ് വിജയം കണ്ടുമടങ്ങിയത് 2 തവണ മാത്രം. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വിജയപരാജയ അനുപാതത്തിന്റെ നാണക്കേേടിനു കീഴിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയുടെ വർത്തമാനകാലം. എന്നാൽ കഴിഞ്ഞ 5 സീസണുകളിലായി സ്വന്തം നാട്ടിൽ നടന്ന 2 ടെസ്റ്റുകളിൽ മാത്രമേ പരാജയം അറിഞ്ഞിട്ടുള്ളൂ എന്നത് ഓസീസിന്റെ അനുകൂല ഘടകവും പ്രതീക്ഷയുമാകും.
നാട്ടിൽ നടന്ന മൽസരങ്ങളിലെ സ്ഥിതിവിവരക്കണക്കുകളിൽ തന്നെ തെളിയുന്നുണ്ട് ആതിഥേയരുടെ ആശങ്കയും പോരായ്മയും. സ്റ്റീവൻ സ്മിത്തിന്റെയും (5 സീസണിലെ ഹോം ടെസ്റ്റുകളിൽ നിന്നു 2931 റൺസ്) ഡേവിഡ് വാർണറിന്റെയും (2886 റൺസ്) അസാന്നിധ്യത്തിന്റെ ആഴം കൂടി വരച്ചുകാട്ടുന്നതാണ് ഈ കണക്കുകൾ. നാട്ടിലെ മൽസരങ്ങളിൽ ഇരുവരുടെയും സംഭാവനയുടെ പകുതിയെങ്കിലും സ്കോർ ചെയ്തിട്ടുള്ള ഒരു ബാറ്റ്സ്മാൻ പോലുമില്ലാതെയാണു ടിം പെയ്നിന്റെ ടീം സുസജ്ജരായ ഇന്ത്യൻ നിരയ്ക്കെതിരായ പരമ്പരയ്ക്കിറങ്ങുക.
റൺ മെഷീൻ (2016–18)
ഇന്ത്യ
ബാറ്റ്സ്മാൻ മൽസരം റൺസ് ശരാശരി സെഞ്ചുറി
വിരാട് കോഹ്‌ലി 32 3337 69.52 13
ചേതേശ്വർ പൂജാര 32 2485 51.77 8
അജിൻക്യ രഹാനെ 30 1652 38.41 3
ലോകേഷ് രാഹുൽ 26 1592 40.82 3
ഓസ്ട്രേലിയ
ബാറ്റ്സ്മാൻ മൽസരം റൺസ് ശരാശരി സെഞ്ചുറി
ഉസ്മാൻ ഖവാജ 23 1574 42.54 4
ഷോൺ മാർഷ് 17 988 32.93 3
ഹൻഡ്സ്കോംബ് 13 829 43.63 2
മിച്ചൽ മാർഷ് 18 802 26.73 2
സ്പീഡ് മീറ്റർ
ഇന്ത്യ
ബോളർ മൽസരം വിക്കറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ്
മുഹമ്മദ് ഷമി 24 81 26.37 50.1
ഉമേഷ് യാദവ് 23 64 30.20 56.4
ഇഷാന്ത് ശർമ 19 55 26.83 57.4
ഭുവനേശ്വർ 9 34 18.50 42.2
ഓസ്ട്രേലിയ
ബോളർ മൽസരം വിക്കറ്റ് ശരാശരി സ്ട്രൈക്ക് റേറ്റ്
മിച്ചൽ സ്റ്റാർക് 20 95 26.54 46.9
ഹെയ്സൽവുഡ് 26 91 28.63 63.3
പാറ്റ് കമ്മിൻസ് 13 59 24.66 50.1
മിച്ചൽ മാർഷ് 18 14 59.78 97.9