3000, 4000, 5000 റൺസ് പിന്നിടുമ്പോൾ പൂജാരയും ദ്രാവിഡും ‘ഒപ്പത്തിനൊപ്പം’; ഇനി 6000?

അഡ്‌ലെയ്ഡ്∙ ഇന്ത്യൻ മുൻനിര ചീട്ടുകൊട്ടാരം കണക്കെ തകർന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ പൊരുതിനേടിയ സെഞ്ചുറിയിലൂടെയാണ് ചേതേശ്വർ പൂജാരയെന്ന സൗരാഷ്ട്രക്കാരൻ ആരാധകരുടെ കണ്ണിലുണ്ണിയായത്. വിരാട് കോഹ്‍ലിയും രഹാനെയും ലോകേഷ് രാഹുലും ഉൾപ്പെടെയുള്ളവർ നിരുത്തരവാദിത്തപരമായ ഷോട്ടുകളിലൂടെ വിക്കറ്റുകൾ വലിച്ചെറിഞ്ഞപ്പോൾ പോരാട്ടവീര്യത്തിന്റെ മറുവാക്കായി ക്രീസിൽ നിന്നാണ് പൂജാര ഇന്ത്യയെ രക്ഷപ്പെടുത്തിയെടുത്തത്. ഒടുവിൽ തകർപ്പനൊരു സെഞ്ചുറിയും നേടി അദ്ദേഹം. ടെസ്റ്റ് കരിയറിൽ 16–ാം സെഞ്ചുറി.

അഡ്‌ലെയ്ഡിലെ ഐതിഹാസിക ഇന്നിങ്സിനിടെ ടെസ്റ്റ് കരിയറിൽ 5,000 റൺസെന്ന നാഴികക്കല്ലും പിന്നിട്ടു, പൂജാര. 108 ഇന്നിങ്സുകളിൽനിന്ന് 16 സെഞ്ചുറിയും 19 അർധസെഞ്ചുറിയും സഹിതമാണ് പൂജാര 5,000 കടന്നത്. അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു വൻമതിൽ രാഹുൽ ദ്രാവിഡും ഇത്രതന്നെ ഇന്നിങ്സുകളിൽനിന്നാണ് 5,000 റൺസ് പിന്നിട്ടതെന്ന കൗതുകവുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ ദ്രാവിഡ് ഒഴിച്ചിട്ടുപോയ മഹാസിംഹാസനത്തിൽ കുറച്ചെങ്കിലും ചേർത്തുവയ്ക്കാവുന്ന താരമാണ് പൂജാരയെന്നിരിക്കെ, ഇരുവരുടെയും കരിയറിലെ ആകസ്മികമായ ചില സമാനതകൾ ഇവിടെയും അവസാനിക്കുന്നില്ല.

ടെസ്റ്റിൽ 3,000 റൺസ് എന്ന നാഴികക്കല്ല് പിന്നിടാൻ പൂജാരയ്ക്ക് വേണ്ടിവന്നത് 67 ഇന്നിങ്സുകളാണ്. ഇതേ നാഴികക്കല്ലിലേക്ക് ദ്രാവിഡിനു വേണ്ടിവന്നതും 67 ഇന്നിങ്സുകൾ തന്നെ!. 84 ഇന്നിങ്സുകളിൽനിന്നാണ് പൂജാര ടെസ്റ്റിൽ 4,000 റൺസ് പിന്നിട്ടത്. ഇതേ നാഴികക്കല്ലിലേക്ക് ദ്രാവിഡിനു വേണ്ടിവന്നതും ഇത്രതന്നെ ഇന്നിങ്സുകളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എങ്കിൽ അതാണു സത്യം!

അതേസമയം, ടെസ്റ്റിൽ 1000 റൺസ് തികയ്ക്കുന്നതിൽ ദ്രാവിഡിനേക്കാൾ മുന്നിൽ പൂജാരയാണ്. വെറും 18 ഇന്നിങ്സുകളിൽനിന്നാണ് പൂജാര ടെസ്റ്റിൽ 1000 റൺസ് തികച്ചത്. ദ്രാവിഡ് ആകട്ടെ 23 ഇന്നിങ്സുകളിൽനിന്നാണ് 1,000 റണ്‍സ് കടന്നത്. എന്നാൽ, കൂടുതൽ വേഗത്തിൽ 2000 റൺ‌സ് പൂർത്തിയാക്കിയത് ദ്രാവിഡാണ്. അദ്ദേഹം 40 ഇന്നിങ്സുകളിൽനിന്ന് 2,000 കടന്നപ്പോൾ പൂജാരയ്ക്ക് ഇതേ നാഴികക്കല്ലിലേക്ക് 46 ഇന്നിങ്സുകൾ വേണ്ടിവന്നു.

ഇനി അടുത്ത നാഴികക്കല്ലോ? 125 ഇന്നിങ്സുകളിൽനിന്നാണ് ദ്രാവിഡ് 6,000 റൺസ് തികച്ചത്. ഇക്കാര്യത്തിലും ദ്രാവിഡിനൊപ്പം തുല്യത പാലിക്കണമെങ്കിൽ 17 ഇന്നിങ്സുകളിൽനിന്ന് പൂജാര അടുത്ത 1,000 റൺസ് അടിക്കണം. ഇക്കാര്യത്തിലും ഇരുവരും സമൻമാരാകുമോ? കാത്തിരിക്കാം....