ധോണിയെ വെല്ലും പന്ത്; ഓസീസ് മണ്ണിൽ പുതിയ റെക്കോർഡ് കുറിച്ച് ഋഷഭ് പന്ത്!

അഡ്‌ലെയ്ഡ്∙ വിക്കറ്റിനു മുന്നിലും പിന്നിലും മഹേന്ദ്രസിങ് ധോണിക്കു പകരം നിൽക്കാനാകുമോ എന്നു സംശയിക്കുന്നവർ ഇതു കേൾക്കുക! ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് ഇനി ഈ യുവതാരത്തിന്. അഡ്‌ലെയ്‍ഡ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസീസിന്റെ ആറു ക്യാച്ചുകൾ കയ്യിലൊതുക്കിയാണ് ഇരുപത്തൊന്നുകാരനായ പന്ത് റെക്കോർഡിട്ടത്.

ഓസീസ് നിരയിൽ ഉസ്മാൻ ഖവാജ, പീറ്റർ ഹാൻഡ്സ്കോംബ്, ട്രാവിസ് ഹെഡ്, ടിം പെയ്ൻ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് പന്തിന് ക്യാച്ചു സമ്മാനിച്ച് പുറത്തായത്. ഇതിൽ രണ്ടു പേർ മുഹമ്മദ് ഷമിയുടെ പന്തിലും രണ്ടു പേർ ജസ്പ്രീത് ബുമ്രയുടെ പന്തിലുമാണ് പന്തിനു ക്യാച്ച് നൽകിയത്. ഓരോ താരങ്ങൾ വീതം ഇഷാന്ത് ശർമയുടെയും രവിചന്ദ്രൻ അശ്വിന്റെയും പന്തിൽ പന്തിനു ക്യാച്ച് നൽകി.

ഇതോടെ, ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുക്കുന്ന താരങ്ങളിൽ രണ്ടാം സ്ഥാനവും പന്തു നേടി. ആറു ക്യാച്ചു വീതം നേടിയിട്ടുള്ള ഡെന്നിസ് ലിൻഡ്സേ (ദക്ഷിണാഫ്രിക്ക), ജാക്ക് റസ്സൽ (ഇംഗ്ലണ്ട്), അലെക് സ്റ്റുവാർട്ട് (ഇംഗ്ലണ്ട്), ക്രിസ് റീഡ് (ഇംഗ്ലണ്ട്), മാറ്റ് പ്രയർ (ഇംഗ്ലണ്ട്) എന്നിവർക്കൊപ്പമാണ് പന്തിന്റെയും സ്ഥാനം.

അതേസമയം, ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത റെക്കോർഡ് വെസ്റ്റ് ഇൻഡീസ് താരം റിഡ്‌ലി ജേക്കബ്സിന്റെ പേരിലാണ്. 2000ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ടെസ്റ്റിൽ ഒരു ഇന്നിങ്സിൽ മാത്രം ഏഴു ക്യാച്ചുകളാണ് ജേക്കബ്സ് സ്വന്തമാക്കിയത്.

അതേസമയം, പന്തിനു പുറമെ ഒരു ടെസ്റ്റ് ഇന്നിങ്സിൽ ആറു ക്യാച്ചു നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണിയാണ്. 2009ൽ ന്യൂസീലൻഡിനെതിരെ വെല്ലിങ്ടണിലാണ് ധോണി ഒരു ഇന്നിങ്സിൽ ആറു ക്യാച്ചു സ്വന്തമാക്കിയത്. അതേസമയം, റിഡ്‌ലി ജേക്കബ്സിനു പുറമെ പാക്കിസ്ഥാന്റെ വസിം ബാരി, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്‌ലർ, ന്യൂസീലൻഡിന്റെ ഇയാൻ സ്മിത്ത് എന്നിവർ ഒരു ഇന്നിങ്സിൽ ഏഴു ക്യാച്ച് സ്വന്തമാക്കിയിട്ടുണ്ട്.