അഡ്‌ലെയ്ഡ്∙ ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസീസ് താരങ്ങൾ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോൾ, പന്തു കൊണ്ടു മാത്രമായിരുന്നില്ല ഇന്ത്യയുടെ ആക്രമണം. ബോളർമാർ പന്തുകൊണ്ട് നടത്തിയ ആക്രമണത്തിനൊപ്പം വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് വാക്കുകൾ കൊണ്ടും നടത്തിയ ‘ആക്രമണമാണ്’ സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ഓസീസ് താരങ്ങൾ ബാറ്റു ചെയ്യുമ്പോൾ അവരുടെ ശ്രദ്ധ തിരിക്കാനായിരുന്നു പന്തിന്റെ ‘വാക്കു കൊണ്ടുള്ള ആക്രമണം’.
പരമ്പരയുടെ താരമാകുമെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാൻ ഖവാജ ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാൻ പന്ത് നടത്തിയ ഒരു പരാമർശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്. നിലയുറപ്പിക്കാൻ ഖവാജയും വിക്കറ്റ് വീഴ്ത്താൻ രവിചന്ദ്രൻ അശ്വിനും ശ്രമം തുടരുന്നതിനിടെ വിക്കറ്റിനു പിന്നിൽ പന്തിന്റെ പരാമർശം ഇങ്ങനെ:
‘ഇവിടെ എല്ലാവർക്കും ചേതേശ്വർ പൂജാരയാകാനാവില്ല.’
ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോഴും ഒരറ്റം കാത്തുസൂക്ഷിച്ച് സെഞ്ചുറിയിലേക്കെത്തിയ ചേതേശ്വർ പൂജാരയുടെ പ്രകടനം ആവർത്തിക്കാൻ ഖവാജയ്ക്കാവില്ലെന്ന് പറഞ്ഞ് താരത്തിന്റെ മനസ്സിടിക്കാനായിരുന്നു പന്തിന്റെ ശ്രമമെന്നു വ്യക്തം. എന്തായാലും 125 പന്തിൽ 28 റൺസുമായി അശ്വിനു തന്നെ വിക്കറ്റ് സമ്മാനിച്ച് ഖവാജ പുറത്താകുകയും ചെയ്തു.
ഇതിനിടെ, ഓസീസ് നായകൻ ടിം പെയ്ൻ ക്രീസിൽ നിൽക്കുമ്പോൾ സ്ലിപ്പിൽ ഫീൽഡ് ചെയ്തിരുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി ചില പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതെ പെയ്നും പെട്ടെന്നു തന്നെ പുറത്തായിരുന്നു. അതിനിടെ, ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി കളത്തിൽ കാട്ടുന്ന ആവേശവും വാക്കുകൾ കൊണ്ടുള്ള ആക്രമണവും ഓസീസ് താരങ്ങൾ ഏറ്റുപിടിച്ചാൽ, ലോകത്തിലെ ഏറ്റവും മോശപ്പെട്ട ടീമായി തങ്ങൾ വിലയിരുത്തപ്പെടുമെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ ചൂണ്ടിക്കാട്ടി.