അഡ്‌ലെയ്ഡ്∙ ഇന്ത്യ തകര്‍പ്പൻ വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വാർത്തകളിൽ നിറഞ്ഞ് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. മൽസരത്തിലാകെ 11 ക്യാച്ചുകൾ സ്വന്തമാക്കി നിലവിലെ ലോക റെക്കോർഡിന് ഒപ്പമെത്തിയ പന്ത്, വിക്കറ്റിനു പിന്നിൽ ഓസീസ് താരങ്ങള്‍ക്കെതിരെ ‘കമന്റു’കൾ പറഞ്ഞും വാർത്തകളിൽ ഇടംപിടിച്ചു. സ്റ്റംപിൽ ഘടിപ്പിച്ചിരിക്കുന്ന മൈക്കിലൂടെയാണ് പന്തു നടത്തിയ പരാമർശങ്ങൾ പരസ്യമായത്. ഒരുവേള ആവേശം മൂത്ത് പന്ത് കമന്റുകളുമായി കളം നിറഞ്ഞതോടെ, മൽസരം സംപ്രേക്ഷണം ചെയ്തിരുന്ന ചാനൽ, ഔദ്യോഗിക കമന്ററി നിർത്തിവച്ച് പന്തിന് ‘അവസരം’ നൽകുകയും ചെയ്തു!
ഓസ്ട്രേലിയ തോൽവിയിലേക്കു നീങ്ങുമ്പോഴും ഒരറ്റത്ത് ക്ഷമയുടെ ആൾരൂപമായി പ്രതിരോധം ചമച്ച പാറ്റ് കമ്മിൻസിനെതിരെ പന്ത് നടത്തിയ പരാമർശങ്ങളാണ് കമന്ററിക്കു പകരം ചാനൽ കേൾപ്പിച്ചത്. കമ്മിൻസിനെതിരെ രവിചന്ദ്രൻ അശ്വിൻ ബോൾ ചെയ്ത ഒരു ഓവറിലാണ് പന്ത് ‘കമന്റേറ്റർ’ കൂടിയായത്.
ക്ഷമയോടെ ക്രീസിൽ നിലയുറപ്പിച്ചിരുന്ന കമ്മിൻസിന്റെ ശ്രദ്ധ തിരിക്കാൻ വലിയ ഷോട്ടുകൾ കളിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന പരാമർശങ്ങളാണ് വിക്കറ്റിനു പിന്നിൽ പന്ത് നടത്തിയത്. ‘ഇവിടെ ബാറ്റു ചെയ്യാൻ അത്ര എളുപ്പമല്ല, പാറ്റി (പാറ്റ് കമ്മിൻസ്)’, ‘ഇവിടെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്’ തുടങ്ങിയ പരാമർശങ്ങൾ കമ്മിൻസിന്റെ ശ്രദ്ധ തിരിക്കാനായി പന്ത് ആവർത്തിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. ‘ഇവിടെ സിക്സ് നേടാൻ ബുദ്ധിമുട്ടാണ്, പാറ്റ്’ തുടങ്ങിയ പ്രകോപിപ്പിക്കുന്ന പരാമർശങ്ങളുമുണ്ട്. ഇടയ്ക്ക് ആവേശം മൂത്ത് ‘ആഷ്’ എന്ന അഭിസംബോധനയോടെ രവിചന്ദ്രൻ അശ്വിനെയും പന്ത് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ‘അതേ സ്ഥലത്ത് ബോൾ ചെയ്ത് പാഡ് ലക്ഷ്യം വയ്ക്കൂ’ തുടങ്ങിയ പരാമർശങ്ങളും വിഡിയോയിൽ വ്യക്തം.
പന്തിന്റെ ‘കമന്ററി’ സമൂഹമാധ്യമങ്ങളും ആരാധകരും ഏറ്റെടുത്തെങ്കിലും പ്രശസ്ത കമന്റേറ്റർ കൂടിയായ സുനിൽ ഗാവസ്കറിന് അത് അത്ര ദഹിച്ച മട്ടില്ല. വിക്കറ്റിനു പിന്നിൽനിന്ന് സ്വന്തം ടീമംഗങ്ങളോട് സംസാരിക്കുന്നതിൽ തെറ്റില്ലെങ്കിലും ബാറ്റു ചെയ്യുന്ന എതിർ ടീം താരത്തോട് അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. പേസ് ബോളർമാരെ തുണയ്ക്കുന്ന പെർത്തിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കാനിരിക്കെ, ഓസീസ് ബോളിങ് ആക്രമണത്തിന്റെ കുന്തമുനയായ കമ്മിൻസിനെ പ്രകോപിപ്പിക്കുന്നത് അപകടകരമായേക്കാമെന്നും ഗാവസ്കർ മുന്നറിയിപ്പു നൽകി.
∙ ഒന്നാം ഇന്നിങ്സിൽ ‘ഇര’ ഖവാജ
അതേസമയം, ഓസീസ് താരങ്ങൾ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോൾ ഉസ്മാൻ ഖവാജയായിരുന്നു പന്തിന്റെ ‘ഇര’. ബോളർമാർ പന്തുകൊണ്ട് നടത്തിയ ആക്രമണത്തിനൊപ്പം വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് വാക്കുകൾ കൊണ്ടും നടത്തിയ ‘ആക്രമണമാണ്’ സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു. പരമ്പരയുടെ താരമാകുമെന്ന് മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പ്രവചിച്ച ഉസ്മാൻ ഖവാജ ക്രീസിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാൻ പന്ത് നടത്തിയ ഒരു പരാമർശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തതോടെയാണ് സംഭവം വൈറലായത്. നിലയുറപ്പിക്കാൻ ഖവാജയും വിക്കറ്റ് വീഴ്ത്താൻ രവിചന്ദ്രൻ അശ്വിനും ശ്രമം തുടരുന്നതിനിടെ വിക്കറ്റിനു പിന്നിൽ പന്തിന്റെ പരാമർശം ഇങ്ങനെ:
‘ഇവിടെ എല്ലാവർക്കും ചേതേശ്വർ പൂജാരയാകാനാവില്ല.’
ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോഴും ഒരറ്റം കാത്തുസൂക്ഷിച്ച് സെഞ്ചുറിയിലേക്കെത്തിയ ചേതേശ്വർ പൂജാരയുടെ പ്രകടനം ആവർത്തിക്കാൻ ഖവാജയ്ക്കാവില്ലെന്ന് പറഞ്ഞ് താരത്തിന്റെ മനസ്സിടിക്കാനായിരുന്നു പന്തിന്റെ ശ്രമമെന്നു വ്യക്തം. എന്തായാലും 125 പന്തിൽ 28 റൺസുമായി അശ്വിനു തന്നെ വിക്കറ്റ് സമ്മാനിച്ച് ഖവാജ പുറത്താകുകയും ചെയ്തു.