ലക്ഷ്മണിനെ ലോകകപ്പിൽ കളിപ്പിക്കാതിരുന്നത് തെറ്റ്, എന്റെ കരിയർ രക്ഷിച്ചത് അദ്ദേഹം: ഗാംഗുലി

വി.വി.എസ്. ലക്ഷ്മണിന്റെ ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ കൊൽക്കത്തയിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിൽ ലക്ഷ്മൺ, സഹീർ ഖാൻ, സൗരവ് ഗാംഗുലി തുടങ്ങിയവർ.

കൊൽക്കത്ത∙ ഈഡൻ ഗാർഡൻസിലെ വിഖ്യാത സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ വി.വി.എസ്. ലക്ഷ്മൺ നേടിയ 281 റൺസാണ് തന്റെ കരിയർ തന്നെ രക്ഷിച്ചതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈ ടെസ്റ്റിൽ ഫോളോ ഓൺ ചെയ്തിട്ടും ലക്ഷ്മണിന്റെ ഇരട്ടസെഞ്ചുറിയുടെയും രാഹുൽ ദ്രാവിഡിന്റെ സെഞ്ചുറിയുടെയും കരുത്തിൽ ഇന്ത്യ ഉജ്വല വിജയം നേടിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഈ ഇന്നിങ്സ്, തന്റെ കരിയർ രക്ഷിച്ചുവെന്നാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.

ഇന്ത്യൻ ക്രിക്കറ്റിന്റെ ആകെ ഉലച്ചുകളഞ്ഞ ഒത്തുകളി ആരോപണത്തിനു പിന്നാലെയാണ് സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായി അവരോധിക്കപ്പെടുന്നത്. തിരിച്ചുവരവു മോഹിച്ച് ഓസ്ട്രേലിയയ്ക്കെതിരെ കളത്തിലിറങ്ങിയ ഇന്ത്യയെ ഞെട്ടിച്ച് ഓസ്ട്രേലിയ മുംബൈയിൽ നടന്ന ഒന്നാം ടെസ്റ്റ് വിജയിച്ചിരുന്നു. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റിലും ബാറ്റിങ്ങിൽ തകർന്ന ഇന്ത്യ ഫോളോ ഓൺ ചെയ്തു. ഇതിനു പിന്നാലെയാണ് ഇതിഹാസ തുല്യമായ ഇന്നിങ്സുമായി ലക്ഷ്മൺ–ദ്രാവിഡ് സഖ്യം അവതരിച്ചതും ഇന്ത്യ വിജയം പിടിച്ചുവാങ്ങിയതും.

തുടർച്ചയായി 16 ടെസ്റ്റുകൾ ജയിച്ച് ലോക റെക്കോർഡ് കുറിച്ച ഓസ്ട്രേലിയയുടെ അജയ്യക്കുതിപ്പിനും  കൊൽക്കത്തയിലെ തോൽവി നിമിത്തമായിരുന്നു. ഈ ടെസ്റ്റിൽ നേടിയ വിജയം ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഉണർത്തുപാട്ടായി മാറുകയും ചെയ്തു. അടുത്തിടെ ലക്ഷ്മൺ ആത്മകഥ എഴുതിയപ്പോഴും അതിന്റെ പേര് ‘281 ആൻഡ് ബിയോണ്ട്’ എന്നായിരുന്നു.

എന്നാൽ, ലക്ഷ്മണിന്റെ ആത്മകഥയ്ക്ക് ഈ പേരു പോരെന്നായിരുന്നു കൊൽക്കത്തയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ തമാശരൂപേണയുള്ള ഗാംഗുലിയുടെ പരാമർശം. പുസ്തകത്തിന്റെ പേരിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ ലക്ഷ്മണിന് മെസേജ് അയച്ചിരുന്നു. എന്നാൽ മറുപടി ലഭിച്ചില്ല. അദ്ദേഹത്തിന്റെ പുസ്തകത്തിന് ഈ പേരിനേക്കാൾ നല്ലത് ‘281 ആൻഡ് ബിയോണ്ട് ആൻഡ് ദാറ്റ് സേവ്ഡ് സൗരവ് ഗാംഗുലി’സ് കരിയർ’ എന്നായിരുന്നുവെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

‘ഈ തലക്കെട്ടിനെ എല്ലാം കൊണ്ടും ഞാൻ എതിർക്കുന്നു. അന്ന് ലക്ഷ്മൺ 281 റൺസ് നേടിയിരുന്നില്ലെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നില്ലെന്നു മാത്രമല്ല, എന്റെ ക്യാപ്റ്റൻ സ്ഥാനവും നഷ്ടപ്പെടുമായിരുന്നു’ – ഗാംഗുലി പറഞ്ഞു.

ടെസ്റ്റിൽ മികച്ച പ്രകടനങ്ങളുമായി കളം നിറ‍ഞ്ഞെങ്കിലും ലിമിറ്റഡ് ഓവർ പതിപ്പിൽ ലക്ഷ്മണിന്റെ പ്രകടനം അത്ര ആശാവഹമായിരുന്നില്ല. കരിയറിൽ ആകെ 86 രാജ്യാന്തര ഏകദിനങ്ങൾ മാത്രമാണ് ലക്ഷ്മൺ കളിച്ചത്. 2003ലെ ഏകദിന ലോകകപ്പ് ടീമിൽനിന്ന് ലക്ഷ്മണിനെ തഴയുകയും ചെയ്തിരുന്നു. അന്ന് ലക്ഷ്മണിനെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്നും ഗാംഗുലി പറഞ്ഞു.

‘എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനം നടത്താൻ ശേഷിയുള്ള താരമായിരുന്നു ലക്ഷ്മൺ. ലോകകപ്പ് ടീമിൽനിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് തെറ്റായിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ എടുക്കേണ്ടി വരുന്ന എല്ലാ തീരുമാനങ്ങളും ശരിയാകണമെന്നില്ലെന്നും ഗാംഗുലി പറഞ്ഞു.

അതേസമയം, തന്റെ കരിയറിലെ ഇരുണ്ട കാലഘട്ടമാണ് അതെന്ന് ലക്ഷ്മൺ പറഞ്ഞു. അന്ന് യുഎസിൽ അവധിക്കാലം ചെലവഴിക്കാൻ പോയപ്പോൾ ക്രിക്കറ്റിൽനിന്നു വിരമിക്കുന്ന കാര്യം പോലും ആലോചിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. എങ്കിലും ലോകകപ്പ് കളിക്കാനല്ല ഞാൻ ക്രിക്കറ്റ് താരമായതെന്ന് സ്വയം ആശ്വസിച്ചതായും ലക്ഷ്മൺ വെളിപ്പെടുത്തി.