കോഹ്‍ലി ഔട്ടോ നോട്ടൗട്ടോ?; ഓസീസ് താരങ്ങൾ ചതിയൻമാരെന്ന് ആരാധകർ

പെർത്ത്∙ ഓസ്ട്രേലിയ–ഇന്ത്യ ക്രിക്കറ്റ് പരമ്പരയിൽ വിവാദങ്ങൾ അവസാനിക്കുന്നില്ല. ടെസ്റ്റ് സെഞ്ചുറികളിൽ ‘കാൽ സെഞ്ചുറി’ പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ പുറത്താകലുമായി ബന്ധപ്പെട്ടാണ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. സെഞ്ചുറി നേട്ടവുമായി ഋഷഭ് പന്തിനൊപ്പം ഇന്ത്യൻ ഇന്നിങ്സിനെ കോഹ്‍ലി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് പാറ്റ് കമ്മിൻസിന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ പീറ്റർ ഹാൻഡ്സ്കോംബിനു ക്യാച്ചു സമ്മാനിച്ച് കോഹ്‍ലി പുറത്തായത്.

എന്നാൽ, കോഹ്‍ലിയുടെ ബാറ്റിൽത്തട്ടി നിലം പറ്റെ സ്ലിപ്പിലേക്ക് പാഞ്ഞെത്തിയ പന്ത് പീറ്റർ ഹാൻഡ്സ്കോംബ് കയ്യിലൊതുക്കും മുൻപ് നിലത്തു തട്ടിയിരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അംപയർ ഔട്ട് നൽകിക്കഴിഞ്ഞ് ടിവി അംപയറും ഈ ഔട്ട് പുനഃപരിശോധിച്ചിരുന്നു. എന്നാൽ, ഫീൽഡ് അംപയറിന്റെ തീരുമാനം തിരുത്താതെ അത് ഔട്ടാണെന്ന തീരുമാനത്തോടൊപ്പം നിൽക്കുകയാണ് ടിവി അംപയർ ചെയ്തത്.

എന്നാൽ, യഥാർഥത്തിൽ പന്തു ഹാൻഡ്സ്കോംബിന്റെ കയ്യിലെത്തും മുൻപ് നിലത്തു തട്ടിയിരുന്നുവെന്നു തോന്നിപ്പിക്കുന്നതാണ് റീപ്ലേകളും ക്യാച്ചിന്റെ ചിത്രങ്ങളുമെല്ലാം. എന്നാൽ, പന്തു നിലത്തു തട്ടുന്നില്ലെന്നും ഹാൻഡ്സ്കോംബിന്റെ കൈവിരലുകൾ അതിനടിയിൽ ഉണ്ടായിരുന്നുവെന്നുമുള്ള നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് ടിവി അംപയറും കോഹ്‍ലി ഔട്ടാണെന്ന തീരുമാനത്തിൽ ഉറച്ചുനിന്നത്. ഈ തീരുമാനത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ പവലിയനിലേക്കു മടങ്ങിയത്.

ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലും കോഹ്‍ലിയുടെ ശരിക്കും ഔട്ടായിരുന്നോ എന്നതിനെച്ചൊല്ലി ചർച്ച ഉടലെടുക്കുകയും ചെയ്തു. പന്തു കയ്യിലൊതുക്കിയതിനു പിന്നാലെ ഔട്ടാണെന്ന അർഥത്തിൽ പീറ്റർ ഹാൻഡ്സ്കോംബ് ചൂണ്ടുവിരൽ ഉയർത്തിക്കാട്ടിയിരുന്നു. ഓസ്ട്രേലിയക്കാർ എന്നും അവരുടെ ‘തനി സ്വഭാവം’ കാണിക്കുമെന്നായിരുന്നു ഇതേക്കുറിച്ച് ആരാധകരുടെ കമന്റ്.

257 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 123 റൺസുമായി ആറാമനായി കോഹ്‍ലി പുറത്താകുമ്പോൾ 251 റൺസായിരുന്നു ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. അപ്പോഴും ഓസീസ് സ്കോറിനേക്കാൾ 75 റൺസ് പിന്നിലായിരുന്നു ഇന്ത്യ.