പെർത്തിൽ ജയിക്കാൻ ഇനി ഒരേയൊരു വഴി; വിഹാരി ദ്രാവിഡാകണം, പന്ത് ലക്ഷ്മണും!

പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ കോഹ്‍ലി പുറത്തായി മടങ്ങുമ്പോൾ ഓസീസ് താരങ്ങളുടെ ആഹ്ലാദം.

പെർത്ത്∙ ഇന്ന് ഹനുമാൻ ആകുമോ ഹനുമ ?  ഇന്ത്യയ്ക്കു പുതുജീവൻ നൽകാൻ റൺമലയൊന്നാകെ ഹനുമ വിഹാരി ബാറ്റിലേന്തിയില്ലെങ്കിൽ രണ്ടാം ടെസ്റ്റിൽ വിജയം ഓസ്ട്രേലിയയ്ക്ക്; സുനിശ്ചിതം. അല്ലെങ്കിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അവസാന ടെസ്റ്റിൽ കാഴ്ചവച്ച പോലെ പന്ത് അടിച്ചു പറത്തി ഋഷഭ് പന്ത് രക്ഷയ്ക്കെത്തണം.

ബാറ്റിങ് അറിയാവുന്ന അവസാന ജോടി ക്രീസിലുള്ളപ്പോൾ പ്രതീക്ഷകൾ നേർത്തതാണ്. പന്ത് മൂളിപ്പറന്നും കുത്തിത്തിരിഞ്ഞും ബാറ്റ്സ്മാനെ വെള്ളംകുടിപ്പിക്കുന്ന പിച്ചിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 175 റൺസ് കൂടി വേണം. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിട്ടുണ്ട്. ഹനുമ വിഹാരിയും(24), ഋഷഭ് പന്തും(9) ക്രീസിൽ.  20–ാം ഓവറിൽ 17 റൺസുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി മടങ്ങിയതോടെ ഇനി ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച അത്ഭുത പ്രകടനങ്ങളിലൊന്നിനു മാത്രമേ വിജയം കൊണ്ടുവരാൻ കഴിയൂ. 

സ്കോർ: ഓസ്ട്രേലിയ 326, 243

ഇന്ത്യ 283, അഞ്ചിന് 112 

56 റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും മറ്റു ബോളർമാരും കാഴ്ചവച്ച ആവേശം ബാറ്റിങ്ങിൽ ആവാഹിക്കാൻ കഴിയാതിരുന്ന ബാറ്റ്സ്മാൻ ഒന്നൊന്നായി മടങ്ങുകയായിരുന്നു. 

∙ ഒന്നൊന്നായി മടക്കം 

നാലോവറിനുള്ളിൽത്തന്നെ ഇന്ത്യ പൂർണമായും പ്രതിരോധത്തിലായി. ആദ്യ ഓവറിൽ രാഹുലും(0) പിന്നാലെ ചേതേശ്വർ പൂജാരയും(4) പുറത്ത്. മൂന്നാം വിക്കറ്റിൽ 35 റൺസ് കൂട്ടുകെട്ടുമായി മുരളി വിജയ്– കോഹ്‌ലി സഖ്യം അൽപനേരം പിടിച്ചുനിന്നു. നേഥൻ ലയണിനു മുന്നിൽ ഇരുവരും കീഴടങ്ങി. അജിങ്ക്യ രഹാനെ 47 പന്തുകളിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സറുമായി 30 റൺസെടുത്തു. ഹെയ്സൽവുഡിന്റെ ട്രാവിസ് ഹെഡിനു ക്യാച്ച് നൽകി രഹാനെ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ അഞ്ചു വിക്കറ്റിന് 98 റൺസ്. 

പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചാം വിക്കറ്റ് നേടിയപ്പോൾ ഷമിയെ മറ്റ് ഇന്ത്യൻ താരങ്ങൾ അഭിനന്ദിക്കുന്നു

∙ സൂപ്പർ ഷമി

നേരത്തെ, ആദ്യ സെഷൻ മുഴുവൻ വിക്കറ്റു നഷ്ടപ്പെടുത്താതെ പിടിച്ചുനിന്ന ഓസ്ട്രേലിയയെ 283 റൺസിനെങ്കിലും പുറത്താക്കിയത് ഷമിയുടെ മിടുക്ക്. നാലിനു 132 റൺസിൽ നാലാം ദിവസം തുടങ്ങിയ അവർ നാലിനു 190 റൺസിലാണ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. ഉച്ചഭക്ഷണത്തിനു ശേഷം 15 റൺസിനിടെ ഓസ്ട്രേലിയയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഇതിൽ ഷമിയുടെ മാത്രം സംഭാവന 4 വിക്കറ്റ്. വിട്ടുകൊടുത്തത് 26 റൺസ് മാത്രം. പേസും ബൗൺസും സമം ചേർത്തു ഷമി തൊടുത്ത തീപ്പന്തുകൾക്കു മുന്നിൽ ഓസീസ് ബാറ്റ്സ്മാൻമാർ ചൂളിപ്പോയി. എങ്കിലും അവസാന വിക്കറ്റിൽ മിച്ചൽ സ്റ്റാർക്കും(14) ജോഷ് ഹെയ്സൽവുഡും(17) ചേർന്നെടുത്തതു 36 റൺസ്. 

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിൽ ആറു വിക്കറ്റെടുത്ത ഷമി ഈ വർഷം ഇന്ത്യയ്ക്കു പുറത്തു നടന്ന ടെസ്റ്റുകളിൽ നേടിയത് 42 വിക്കറ്റുകൾ. ഒരു വർഷം 41 വിക്കറ്റെടുത്ത അനിൽ കുംബ്ലെയുടെ റെക്കോർഡ് ഷമി മറികടന്നു.  

സ്കോർ ബോർഡ്

ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ്– 326

ഇന്ത്യ ആദ്യ ഇന്നിങ്സ്– 283

ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സ് 

മാർക്കസ് ഹാരിസ് ബി ബുമ്ര– 20, ആരോൺ ഫിഞ്ച് സി പന്ത് ബി ഷമി– 25, ഉസ്മാൻ ഖവാജ സി പന്ത് ബി ഷമി– 72, ഷോൺ മാർഷ് സി പന്ത് ബി ഷമി– 5, പീറ്റർ ഹാൻഡ്സ്കോംബ് എൽബി ബി ഇഷാന്ത്– 13, ട്രാവിസ് ഹെഡ് സി ഇഷാന്ത് ബി ഷമി– 19, ടിം പെയ്ൻ സി കോഹ്‌ലി ബി ഷമി– 37, പാറ്റ് കമ്മിൻസ് ബി ബുമ്ര–1, മിച്ചൽ സ്റ്റാർക് ബി ബുമ– 14, നേഥൻ ലയൺ സി വിഹാര ബി ഷമി– 5, ഹെയ്സൽവുഡ് നോട്ടൗട്ട്– 17

എക്സ്ട്രാസ്–15

ആകെ 93.2 ഓവറൽ 243 ഓൾഔട്ട് 

വിക്കറ്റുവീഴ്ച– 1–59, 2–64, 3–85, 4–120, 5–192, 6–192, 7–98, 8–198, 9–207, 10–243

ബോളിങ്–ഷാന്ത് ശർമ 16–1–45–1, ബുമ്ര 25.2–10–9–3, ഷമി 24–8–56–6, ഉമേഷ് യാദവ് 14–0–61–0, ഹനുമ വിഹാരി 14–4–31–0 

ഇന്ത്യ രണ്ടാം ഇന്നിങ്സ് 

ലോകേഷ് രാഹുൽ ബി മിച്ചൽ സ്റ്റാർക് – 0, മുരളി വിജയ ബി നേഥൻ ലയൺ– 20, പൂജാര സി ടിം പെയ്ൻ ബി ഹെയ്സൽവുഡ്– 4, കോഹ്‌ലി സി ഉസ്മാൻ ഖവാജ ബി നേഥൻ ലയൺ –17, രഹാനെ സി ട്രാവിസ് ഹെഡ് ബി ഹെയ്സൽവുഡ്– 30, ഹനുമ വിഹാരി നോട്ടൗട്ട്– 24, ഋഷഭ് പന്ത് നോട്ടൗട്ട്– 9. 

എക്സ്ട്രാസ്– 8

ആകെ 41 ഓവറിൽ അഞ്ചിന് 112

വിക്കറ്റുവീഴ്ച– 1–0, 2–13, 3–48, 4–55, 5–98

ബോളിങ്: മിച്ചൽ സ്റ്റാർക് 10–2–28–1, ഹെയ്സൽവുഡ് 11–3–24–2, പാറ്റ് കമ്മിൻസ് 8–0–24–0, നേഥൻ ലയൺ 12–2–30–2