പെർത്ത്∙ എത്ര അവസരങ്ങൾ കിട്ടിയാലാണ് ഈ ലോകേഷ് രാഹുലൊന്ന് ഫോമിലെത്തുക! സമകാലീന ഇന്ത്യൻ ക്രിക്കറ്റിൽ തുടർച്ചയായി പരാജയപ്പെട്ടിട്ടും ഇത്രയേറെ അവസരങ്ങൾ ലഭിച്ച മറ്റൊരു താരമുണ്ടാകുമോ? സംശയമാണ്. എന്തായാലും ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സം‘പൂജ്യ’നായി മടങ്ങിയതോടെ രാഹുലിന്റെ ടെസ്റ്റ് ഭാവി ഏതാണ്ട് അനിശ്ചിതത്വത്തിലായി. പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യയ്ക്ക് മികച്ച തുടക്കം അനിവാര്യമാണെന്നിരിക്കെയാണ് ആദ്യ ഓവറിൽത്തന്നെ തീർത്തും നിരുത്തരവാദിത്തപരമായ ഷോട്ടു കളിച്ച് രാഹുൽ പുറത്തായത്.
എന്തായാലും ഒരിക്കൽക്കൂടി രാഹുൽ പരാജയപ്പെട്ടതോടെ ട്രോളൻമാർക്കും ഒരു ‘പ്രിയ വിഭവം’ കിട്ടിയ സന്തോഷമാണ്. രാഹുൽ പുറത്തായതിനു പിന്നാലെ ‘ഇന്ത്യയ്ക്കായി ഇതുവരെ ചെയ്ത സേവനങ്ങൾക്കു നന്ദി’ എന്ന വാചകത്തോടെ ട്രോളുകൾ പെരുകുകയാണ്. ഇത് രാഹുലിന്റെ അവസാന ടെസ്റ്റ് ഇന്നിങ്സാണെന്ന സൂചനകളോടെയാണ് ട്രോളൻമാർ അരങ്ങു തകർക്കുന്നത്.
വിരമിക്കുന്ന താരങ്ങളെ സഹതാരങ്ങൾ തോളിലേറ്റി മൈതാനം വലം വയ്ക്കുന്നതിനു സമാനമായി രാഹുലിനെ സഹതാരങ്ങൾ തോളിലേറ്റി നടക്കുന്ന ‘ഫോട്ടോഷോപ്പ്’ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ സുലഭം. ശിഖർ ധവാൻ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ ചേർന്ന് രാഹുലിനു ‘യാത്രാമൊഴി’യേകുന്ന ചിത്രങ്ങൾ ട്വിറ്ററിൽ ഉൾപ്പെടെ വൈറലാണ്.
‘രാഹുൽ ദ്രാവിഡിനു പോലും വിരമിക്കൽ ടെസ്റ്റ് കളിക്കാൻ അവസരം ലഭിച്ചില്ല. ഇന്ന് ലോകേഷ് രാഹുലിന് അതു ലഭിച്ചു’ തുടങ്ങിയ കുത്തുവാക്കുകളും ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ‘ഗുഡ് ബൈ രാഹുൽ, ഇനി ഇൻസ്റ്റഗ്രാമിൽ കാണാം’ തുടങ്ങിയ വാചകങ്ങളും ഒട്ടേറെ.
‘രാഹുൽ എന്നു പേരുള്ളവർ രാഹുൽ ദ്രാവിഡിനെ പിന്തുടരുക, യാതൊരു ഉപയോഗവുമില്ലാത്ത കെ.എൽ. രാഹുലിന്റെ പിന്നാലെ പോകരുത്’ തുടങ്ങിയ ഉപദേശങ്ങളുമുണ്ട്. ‘പന്ത് എങ്ങനെ ലീവ് ചെയ്യണമെന്ന് രാഹുലിന് അറിയില്ല. രാഹുലിനെ എങ്ങനെ ഒഴിവാക്കണമെന്ന് ബിസിസിഐയ്ക്കും അറിയില്ല’ തുടങ്ങിയ പരിഹാസങ്ങളുമുണ്ട്, അനവധി. പരുക്കേറ്റു പുറത്തിരിക്കുന്ന പൃഥ്വി ഷായെ എത്രയും പെട്ടെന്നു തിരികെ കൊണ്ടുവരണമെന്ന അഭ്യർഥനകളും കുറവല്ല.
∙ ‘കുറ്റി തെറിച്ച്’ രാഹുൽ ഗാവസ്കറിനൊപ്പം
പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ക്ലീൻ ബൗൾഡായതോടെ നാണക്കേടിന്റെ മറ്റൊരു റെക്കോർഡും രാഹുലിനെ തേടിയെത്തി. കഴിഞ്ഞ 11 ഇന്നിങ്സുകളിൽ രാഹുൽ കുറ്റി തെറിച്ച് പുറത്താകുന്നത് ഇത് ഏഴാം തവണയാണ്! ഇതോടെ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ഏറ്റവും കൂടുതൽ തവണ ബൗൾഡായ ഇന്ത്യൻ ഓപ്പണർമാരിൽ രാഹുൽ ഗാവസ്കറിനൊപ്പമെത്തി. മൂന്നു തവണയാണ് ഇരുവരും രണ്ട് ഇന്നിങ്സിലും ബൗൾഡായിട്ടുള്ളത്. ഗാവസ്കർ 125 ടെസ്റ്റുകളിൽനിന്നാണ് ഈ ‘നേട്ടം’ സ്വന്തമാക്കിയതെങ്കിലും വെറും 33 ടെസ്റ്റകളിൽനിന്നാണ് രാഹുലിന്റെ ‘അതുല്യ നേട്ടം’.