പെർത്ത്∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആരാധക ശ്രദ്ധ കവർന്നത് ബാറ്റും ബോളും തമ്മിലുള്ള പോരാട്ടമെന്നതിലുപരി ഇരു ടീമുകളിലെയും താരങ്ങൾ തമ്മിലുള്ള വാക്പോരുകൾ കൊണ്ടുകൂടിയാണ്. ഇന്ത്യൻ നിരയിൽ പതിവുപോലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി തന്നെയാണ് വാക്പോരിന് നേതൃത്വം നൽകിയത്. മറുവശത്ത് ഓസീസ് ക്യാപ്റ്റൻ ടിം പെയ്നും മോശമാക്കിയില്ല. വാക്കുകൾകൊണ്ടുള്ള പോരാട്ടത്തിൽ പെയ്ൻ കോഹ്‍ലിയുമായി ഒപ്പത്തിനൊപ്പം നിന്നതോടെ ഇരു ക്യാപ്റ്റൻമാരും കളത്തിൽ നേർക്കുനേർ വരുന്നതിനും മൽസരം സാക്ഷ്യം വഹിച്ചു. ഒടുവിൽ അംപയർമാർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
എന്നാൽ, പെർത്ത് ടെസ്റ്റിലെ വാക്പോര് ഇവരിൽ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് പുതിയ വിശേഷം. ഇന്ത്യൻ നിരയിൽനിന്ന് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഓസീസ് നിരയിൽ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന മാർക്കസ് ഹാരിസ്, പേസ് ബോളർ പാറ്റ് കമ്മിൻസ് തുടങ്ങിയവരും വാക്പോരിൽ പങ്കാളികളായി. പെർത്ത് ടെസ്റ്റിലെ വാക്പോരുകളിലൂടെ:
കോഹ്‍ലി X പെയ്ൻ
ക്യാപ്റ്റൻമാർ തമ്മിലുള്ള പോരാട്ടമെന്ന നിലയിൽത്തന്നെയാണ് ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പ്രധാനമായും രേഖപ്പെടുത്തപ്പെടുക. മൽസരത്തിന്റെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലുമാണ് ക്യാപ്റ്റൻമാർ തമ്മിൽ ഉരസിയത്.
∙ മൽസരത്തിന്റെ മൂന്നാം ദിനമായ ഞായറാഴ്ച അവസാന ഓവറിൽ പെയ്നെ പുറത്താക്കാൻ ഇന്ത്യൻ ടീം ഒന്നാകെ അപ്പീൽ ചെയ്തതിനു പിന്നാലെയായിരുന്നു ആദ്യത്തെ ഇടയൽ. അംപയർ ഔട്ട് നിഷേധിച്ചെങ്കിലും ഇന്ത്യ അദ്ദേഹത്തിന്റെ തീരുമാനം റിവ്യൂ ചെയ്തിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇരുവരും തമ്മിൽ ഇടഞ്ഞത്.
‘ഈ ഔട്ട് അംപയർ അനുവദിച്ചിരുന്നെങ്കിൽ പരമ്പര 2–0 ആയേനെ’ എന്നായിരുന്നു കോഹ്‍ലിയുടെ പരാമർശം. ആദ്യ െടസ്റ്റ് ജയിച്ച ഇന്ത്യ, ഈ മൽസരവും ജയിക്കും എന്നാണ് കോഹ്‍ലി ഉദ്ദേശിച്ചതെന്നു വ്യക്തം.
ഇതിനോട് പെയ്നിന്റെ പ്രതികരണം ഇങ്ങനെ:
‘അതിനു മുൻപ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം, വിരാട്’.
∙ രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖവാജയ്ക്കൊപ്പം ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ ടിം പെയ്ൻ, നാലാം ദിനം റൺ പൂർത്തിയാക്കാൻ ഓടുന്നതിനിടെയാണ് കോഹ്‍ലി വീണ്ടും പ്രകോപനവുമായി എത്തിയത്. എന്താണ് കോഹ്‍ലി പറഞ്ഞതെന്ന് അന്നു വ്യക്തമായിരുന്നില്ല. എങ്കിലും, ‘ഞാൻ ലോകത്തിലെ ഒന്നാം നമ്പർ താരമാണ്, നിങ്ങൾ ടീമിന്റെ താൽക്കാലിക ക്യാപ്റ്റനും’ എന്നായിരുന്നു കോഹ്‍ലി നടത്തിയ പരാമർശമെന്നാണ് പിന്നീട് സംഭവത്തെക്കുറിച്ച് അറിയാവുന്നവർ വ്യക്തമാക്കിയത്.
എന്തായാലും സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ഇരുവരെയും ശാസിച്ചു: ‘ഇതു മതി. ഇനി കളിക്കാൻ നോക്കൂ’ എന്നായിരുന്നു അംപയറിന്റെ നിർദ്ദേശം. പെയ്ൻ തന്നെത്തന്നെ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ‘നിങ്ങൾ ടീമിന്റെ ക്യാപ്റ്റനാണ് ടിം’ എന്ന് അംപയർ ജെഫാനി ഓർമിപ്പിച്ചു. ഇതിനു പിന്നാലെ ‘ശാന്തനാകൂ, വിരാട്’ എന്ന് പെയ്ൻ പറയുന്നതും വിഡിയോയിൽ വ്യക്തമാണ്. ഇതിനിടെ സ്ക്വയർ ലെഗ് അംപയറായ കുമാർ ധർമസേനയോട് കോഹ്‍ലി പരാതി പറയുന്നതും കാണാമായിരുന്നു.
∙ കോഹ്‍ലിയുമായുള്ള നേർക്കുനേർ പോരിനു പുറമെ, രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ മുരളി വിജയ് ബാറ്റു ചെയ്യുമ്പോഴും ടിം പെയ്ൻ പ്രകോപനവുമായെത്തി. കോഹ്‍ലി നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുമ്പോഴായിരുന്നു ഇത്. കോഹ്‍ലിയെ ഉന്നമിട്ട് വിജയിനോടായി പെയ്നിന്റെ പരാമർശമിങ്ങനെ:
‘കോഹ്‍ലി നിങ്ങളുടെ ക്യാപ്റ്റനായിരിക്കാം. എങ്കിലും, അദ്ദേഹത്തെ ഇഷ്ടപ്പെടാനും വലിയ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം.’
വിരാട് കോഹ്‍ലി X പാറ്റ് കമ്മിൻസ്
പെർത്തിൽ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുമ്പോഴാണ് കോഹ്‍ലിയും കമ്മിൻസും നേർക്കുനേർ എത്തിയത്. ഇന്ത്യൻ ബാറ്റിങ് നിര ഒരു വശത്ത് തകർന്നടിയുമ്പോഴും മറുവശത്ത് കോഹ്‍ലി സെഞ്ചുറിയിലേക്കു കുതിക്കുമ്പോഴാണ് പ്രകോപനപരമായ പരാമർശവുമായി കമ്മിൻസ് എത്തിയത്. കോഹ്‍ലി സെഞ്ചുറിക്ക് അരികെ നിൽക്കെ കമ്മിൻസിന്റെ പരാമർശമിങ്ങനെ:
‘കോഹ്‍ലി ഇവിടെ സെഞ്ചുറി പൂർത്തിയാക്കുമെന്നു ഞാൻ കരുതുന്നില്ല.’.
അപ്പോൾ വാക്കുകൊണ്ടു പ്രതികരിച്ചില്ലെങ്കിലും സെഞ്ചുറി പൂർത്തിയാക്കിക്കഴിഞ്ഞുള്ള കോഹ്‍ലിയുടെ ആഘോഷത്തിൽ എല്ലാത്തിനുമുള്ള മറുപടി അടങ്ങിയിരുന്നു. ബാറ്റ് മുന്നോട്ടു നീട്ടിപ്പിടിച്ച് കൈകൊണ്ടുള്ള ആക്ഷനിലൂടെ കോഹ്‍ലി പറയാതെ പറഞ്ഞതിങ്ങനെ:
‘എനിക്കായി ഞാനല്ല, എന്റെ ബാറ്റു സംസാരിക്കും.’
ഋഷഭ് പന്ത് X മാർക്കസ് ഹാരിസ്
അഡ്‌ലെയ്ഡിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോഹ്‍ലി പോലും താരതമ്യേന ശാന്തനായിരുന്നെങ്കിലും വിക്കറ്റിനു പിന്നിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരുന്നു സ്ലെഡ്ജിങ്ങിലെ താരം. ഉസ്മാൻ ഖവാജ, പാറ്റ് കമ്മിൻസ് എന്നിവർ അഡ്‌ലെയ്ഡിൽ ബാറ്റു ചെയ്യുമ്പോൾ വിക്കറ്റിനു പിന്നിൽ പന്തു നടത്തിയ പരാമർശങ്ങൾ ശ്രദ്ധ കവർന്നിരുന്നു.
‘എല്ലാവർക്കും ചേതേശ്വർ പൂജാരയാകാനാകില്ല’ എന്നായിരുന്നു അഡ്‌ലെയ്ഡിൽ ഖവാജയെ ഉന്നമിട്ട് പന്തിന്റെ പരാമർശം. പൂജാര ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയതുപോലെ എല്ലാവർക്കും സാധിക്കില്ല എന്നു ചുരുക്കം. ഖവാജ ഇവിടെ ചെറിയ സ്കോറിനു പുറത്താവുകയും ചെയ്തു. പിന്നീട് കമ്മിൻസ് ബാറ്റു ചെയ്യുമ്പോൾ, ‘ഇവിടെ സിക്സ് നേടാൻ വലിയ ബുദ്ധിമുട്ടാണ് പാറ്റി’ തുടങ്ങിയ പ്രകോപനപരമായ പ്രസ്താവനകളിലൂടെ പന്ത് കളം പിടിച്ചു. ഒരുവേള മൽസരം സംപ്രേക്ഷണം ചെയ്യുന്ന ചാനൽ ഔദ്യോഗിക കമന്ററി നിർത്തിവച്ച് പന്തിന്റെ പരാമർശങ്ങൾ പകരം കേൾപ്പിക്കുക പോലും ചെയ്തു.
പെർത്തിൽ പക്ഷേ പന്തിനു കണക്കിനു കിട്ടി. 287 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ തോൽവി ഉറപ്പാക്കിയ ഘട്ടത്തിൽ അഞ്ചാം ദിനത്തിലെ അവസാന ഓവറിലാണ് പന്തിനുള്ള ‘പണി’ കിട്ടിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ മാർക്കസ് ഹാരിസായിരുന്നു പന്തിനെതിരെ തിരിഞ്ഞത്. ഏതുവിധേനയും ഒരു വിക്കറ്റ് കൂടി വീഴ്ത്തി കളം പിടിക്കാനുള്ള ഓസീസ് ബോളർമാരുടെ ശ്രമത്തിനിടെ പന്തിനോടായി ഹാരിസിന്റെ നിർദ്ദേശമിങ്ങനെ:
‘പെട്ടെന്ന് പുറത്തായാൽ നിങ്ങൾക്ക് ഇന്നു രാത്രി ഡിസ്കോ കാണാൻ പോകാം. പെർത്തിലെ തിങ്കളാഴ്ച രാത്രികൾ അതിനു പറ്റിയതാണ്.’
ഇനിയെന്ത്?
മെൽബണിലും സിഡ്നിയിലുമായി രണ്ടു ടെസ്റ്റുകൾ കൂടി ശേഷിക്കെ ഇരു ടീമുകളും 1–1 എന്ന നിലയിലായതിനാൽ ആധിപത്യം ഉറപ്പാക്കാൻ വാക്പോരു കൂടാനെ വഴിയുള്ളൂ എന്നു നൂറുവട്ടം. അങ്ങനെയെങ്കിൽ ക്രിക്കറ്റ് ആരാധകരെ ഈ പരമ്പരയിൽ കാത്തിരിക്കുന്നത് ആവേശത്തിന്റെ മൽസര ദിനങ്ങളാകുമെന്നും ഉറപ്പ്!