പെർത്ത്∙ അഡ്‌ലെയ്ഡ് ടെസ്റ്റിലെ ചരിത്രവിജയത്തോടെ ആവേശത്തിന്റെ കൊടുമുടി കയറിയ ഇന്ത്യൻ ടീം പെർത്തിലെ തോൽവിയോടെ ഭൂമിയിലേക്കു തിരിച്ചിറങ്ങി. ബാറ്റ്സ്മാൻമാരോടു മുഖം തിരിച്ച വിക്കറ്റിൽ അഞ്ചാം ദിവസം 28 റൺസ് കൂടി ചേർക്കുന്നതിനിടെ ഇന്ത്യയെ ഓസീസ് പേസർമാർ എറിഞ്ഞൊതുക്കി.
140 റൺസിന് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് അവസാനിച്ചപ്പോൾ 140 റൺസിന്റെ തകർപ്പൻ വിജത്തോടെ 4 മൽസരങ്ങളുടെ പരമ്പരയിൽ ഓസീസ് ഒപ്പമെത്തി (1–1). ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റെടുത്ത ഓഫ് സ്പിന്നർ നേഥൻ ലയണാണ് രണ്ടാം ഇന്നിങ്സിലെ 3 വിക്കറ്റ് നേട്ടത്തോടെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കിയത്. ഋഷഭ് പന്ത്(30), വിഹാരി(28), ഉമേഷ് യാദവ്(2), ഇഷാന്ത്(0), ബുമ്ര(0) എന്നിവരാണ് ഇന്നലെ പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.
∙ പോരടി, തമ്മിലടി
പരമ്പരയിലെ ഇനിയുള്ള മൽസരങ്ങളിൽ കോഹ്‌ലി പ്രകോപിതനാക്കാൻ ശ്രമിച്ചാൽ കേട്ടിരിക്കില്ലെന്നും അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും പെയ്ൻ പ്രതികരിച്ചു. പരമ്പരയ്ക്കു ശേഷം ബിയർ നുകരാൻ ഇന്ത്യൻ ടീം അംഗങ്ങളെ ക്ഷണിക്കുമെന്നും പെയ്ൻ കൂട്ടിച്ചേർത്തു. ആദ്യ ടെസ്റ്റിൽ ഓസീസ് താരങ്ങളെ കളിയാക്കിയ ഋഷഭ് പന്തിനെ ഇന്നലെ ചൊടിപ്പിച്ചത് മാർക്കസ് ഹാരിസാണ്. പെട്ടെന്നു പുറത്തായാൻ ഉടൻതന്നെ ഡിസ്കോയ്ക്കു പോകാം എന്നാണു ഫീൽഡിങ്ങിനിടെ ഹാരിസ് പന്തിനോടു പറഞ്ഞത്. പന്തിന് അവധിക്കാലം ചെലവിടാൻ സ്ഥലങ്ങളുടെ പട്ടികയുമായി ലയണും ഒപ്പം കൂടി.
നാലാം ദിവസത്തെ ബ്രേക്കിനിടെ ഇഷാന്ത് ശർമയും രവീന്ദ്ര ജഡേജയും തമ്മിൽ വാക്കേറ്റമുണ്ടായതും ഇന്ത്യയ്ക്കു ക്ഷീണമായി. മുഹമ്മദ് ഷമിയാണ് താരങ്ങളെ പിന്തിരിപ്പിച്ചത്.
സ്കോർ
ഓസീസ്: ഒന്നാം ഇന്നിങ്സ് 326;
രണ്ടാം ഇന്നിങ്സ് 243
ഇന്ത്യ : ഒന്നാം ഇന്നിങ്സ് 283 ;
രണ്ടാം ഇന്നിങ്സ് 140.