പെർത്ത്∙ പെർത്ത് എന്നു കേട്ടപ്പോൾത്തന്നെ പേസ് ബോളിങ്ങിന് അനുകൂലമായ വിക്കറ്റെന്നു വിധിയെഴുതിയ ഇന്ത്യൻ ടീം മാനേജ്മന്റിന്റെ തന്ത്രങ്ങളിൽ സംഭവിച്ച പിഴവിന്റെ കൂടി വിലയാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോൽവി. ടീമിലെ മുഖ്യ സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ പരുക്കുമൂലം പുറത്തിരുന്ന മൽസരത്തിൽ, രണ്ടാം സ്പിന്നറായ രവീന്ദ്ര ജഡേജയെയും കരയ്ക്കിരുത്തിയാണ് ഇന്ത്യ പെർത്ത് ടെസ്റ്റിന് ഇറങ്ങിയത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ അത്ര പതിവില്ലാത്തവിധം നാലു പേസ് ബോളർമാരുമായാണ് ഇന്ത്യ പോരാടാൻ ഇറങ്ങിയത്.
മറുവശത്ത് ആതിഥേയരായ ഓസ്ട്രേലിയ ആകട്ടെ, മുഖ്യ സ്പിന്നറായ നേഥൻ ലയണിനെ ടീമിൽ നിലനിർത്തുകയും ചെയ്തു. പേസ് ബോളിങ്ങിന് അനുകൂലമായ വിക്കറ്റെന്ന് വിലയിരുത്തപ്പെട്ടിട്ടും അവർ ജോഷ് ഹെയ്സൽവുഡ്–പാറ്റ് കമ്മിൻസ്–മിച്ചൽ സ്റ്റാർക്ക് ത്രയത്തെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേൽപ്പിച്ചത്. ബാറ്റിങ്ങിലും മികച്ച പ്രകടനങ്ങൾക്ക് സാധിക്കുമെന്ന് ആദ്യ ടെസ്റ്റിൽ തെളിയിച്ച ലയൺ ഇവരുടെ പിന്തുണക്കാരന്റെ റോളിലുമെത്തി.
കളത്തിൽ സംഭവിച്ചതോ? ഒന്നാം ഇന്നിങ്സിൽ ഇന്ത്യയുടെ അഞ്ചു വിക്കറ്റുകളാണ് ലയൺ പിഴുതത്. അർധസെഞ്ചുറിയുമായി പടനയിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, വമ്പൻ അടികൾക്കു ശേഷിയുള്ള വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളും ഇതിലുൾപ്പെടുന്നു. ഇവർക്കു പുറമെ വാലറ്റം കൂടി തുടച്ചുനീക്കാനുള്ള ഉത്തരവാദിത്തം ലയൺ ഏറ്റെടുത്തതോടെയാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ലീഡു വഴങ്ങേണ്ടി വന്നത്. ഒന്നാം ഇന്നിങ്സിൽ ഓസീസ് നിരയിൽ ഏറ്റവും കൂടുതൽ ഓവർ ബോൾ ചെയ്ത ലയൺ, 34.5 ഓവറിൽ ഏഴു മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 67 റൺസ് മാത്രം വഴങ്ങിയാണ് അഞ്ചു വിക്കറ്റെടുത്തത്.
രണ്ടാം ഇന്നിങ്സിൽ വിക്കറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും ‘കനം’ കൂടി. ഇന്ത്യയുടെ സമീപകാല ടെസ്റ്റ് വിജയങ്ങളിൽ നിർണായക സാന്നിധ്യം വഹിച്ചിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ സുവർണ വിക്കറ്റാണ് അതിൽ ഏറ്റവും പ്രധാനം. അതിനൊപ്പം, രണ്ടാം ഇന്നിങ്സിൽ ഫോമിലേക്കു മടങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാട്ടി മുരളി വിജയിനെയും ലയൺ തന്നെ പുറത്താക്കി. ഇവർക്കൊപ്പം തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ഋഷഭ് പന്തിനെയും പുറത്താക്കിയ ലയൺ, കളിയിലെ കേമൻ പട്ടവുമായാണ് തിരിച്ചുകയറിയത്.
ഫലത്തിൽ, ടോസ് നഷ്ടമായതിനൊപ്പം സ്പിന്നറെ പുറത്തിരുത്താനുള്ള ഇന്ത്യയുടെ തീരുമാനവും ഈ മൽസരത്തിൽ തിരിച്ചടിച്ചുവെന്നു വ്യക്തം. ഇന്ത്യൻ നിരയിൽ പാർട് ടൈം സ്പിന്നറായി കളിച്ച ഹനുമ വിഹാരി ആദ്യ ഇന്നിങ്സിൽ രണ്ടു നിർണായക വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും രണ്ടാം ഇന്നിങ്സിൽ അദ്ദേഹം ഫലപ്രദമായില്ല. മറ്റൊരു പാർട് ടൈം സ്പിന്നറായ മുരളി വിജയിന് ഒന്നും ചെയ്യാൻ സാധിച്ചുമില്ല.
പെർത്തിലെ പിച്ചു കണ്ടപ്പോൾ സ്പിന്നറെ കളിപ്പിക്കുന്ന കാര്യം ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ലെന്നാണ് മൽസരം തോറ്റ ശേഷം കോഹ്‍ലി വ്യക്തമാക്കിയത്. ‘പിച്ചു കണ്ടപ്പോൾ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്ന കാര്യം മനസ്സിൽപ്പോലും ഉണ്ടായിരുന്നില്ല. പേസ് ബോളർമാർ മാത്രം മതിയാകുമെന്നായിരുന്നു എന്റെ ചിന്ത’ – കോഹ്‍ലി പറഞ്ഞു.
‘പെർത്തിൽ നേഥൻ ലയൺ മികച്ച രീതിയിൽ പന്തെറിഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ സ്പിന്നറെ കളിപ്പിക്കുന്ന കാര്യം ചിന്തയിൽപ്പോലും ഉണ്ടായിരുന്നില്ല’ – കോഹ്‍ലി പറഞ്ഞു.