ജയ്പുർ∙ ഐപിഎൽ താരലേലം ജയ്പുരിൽ പുരോഗമിക്കുമ്പോൾ ക്രിക്കറ്റ് വൃത്തങ്ങളിലെ ഇപ്പോഴത്തെ ചർച്ച വരുൺ ചക്രവർത്തി എന്ന താരത്തെക്കുറിച്ചാണ്. താരലേലത്തിൽ വെറും 20 ലക്ഷം അടിസ്ഥാന വിലയുമായി വന്ന് ഈ സീസണിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുകയായ 8.4 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ച താരം. അപ്പോഴും, ആരാണ് വരുൺ ചക്രവർത്തി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല.
നമ്മുടെ തൊട്ടടുത്തുള്ള തമിഴ്നാട്ടിൽനിന്നുള്ള അപ്രതീക്ഷിത താരോദയമാണ് വരുൺ ചക്രവർത്തി. ‘മിസ്റ്ററി സ്പിന്നർ’ എന്നു വിശേഷണം. 13–ാം വയസ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളി തുടങ്ങിയ വരുൺ, പതുക്കെ എതിരാളികളെ കറക്കിവീഴ്ത്തുന്ന അപകടകാരിയായ ബോളറായി രൂപാന്തരം പ്രാപിക്കുകയായിരുന്നു.
സ്കൂൾ കാലത്ത് ക്രിക്കറ്റിൽ സജീവമായിരുന്നെങ്കിലും പിന്നീട് കോളജിലെത്തിയതോടെ കളിക്കളത്തോട് വിടപറഞ്ഞു. ചെന്നൈയിലെ എസ്ആർഎം സർവകലാശാലയിൽ ആർകിടെക്ചർ വിദ്യാർഥിയായി ചേർന്നു. പഠനം പൂർത്തിയാക്കി രണ്ടു വർഷം ജോലിയും ചെയ്തുകഴിഞ്ഞാണ് വീണ്ടും കളിക്കളത്തിലേക്ക് എത്തുന്നത്. ഇക്കുറി പേസ് ബോളറായിട്ടായിരുന്നു വരവ്.
നാട്ടിലെ വിവിധ ക്ലബ്ബുകൾക്ക് കളിക്കുന്നതിനിടെ പരുക്കു പിടികൂടി. കാൽമുട്ടിലായിരുന്നു പരുക്കിന്റെ കളി. പരുക്കുമൂലം പേസ് ബോളിങ്് സാധ്യമാകാതെ പോയതോടെയാണ് സ്പിൻ ബോളിങ്ങിലേക്ക് വരുൺ തിരിയുന്നത്. അതു വഴിത്തിരിവായി. എതിരാളികളെ വെള്ളം കുടിപ്പിക്കുന്ന സ്പിൻ ബോളിങ്ങുമായി രാജ്യാന്തര ശ്രദ്ധയിലുമെത്തിയിരിക്കുന്നു ഈ യുവാവ്.
അങ്ങനെ പരുക്കിൽനിന്ന് രക്ഷപ്പെടാൻ സ്പിന്നറായി മാറിയ കഥയാണ് വരുണിന്റേത്. ഏഴോളം വ്യത്യസ്ത രീതികളിലുള്ള പന്തുകളാണ് വരുണിന്റെ ബോളിങ്ങിലെ മുഖ്യ സവിശേഷത. പ്രാദേശിക തലത്തിൽ ശ്രദ്ധേയനായതോടെ ചെന്നൈ സൂപ്പർ കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകൾ നെറ്റ്സിൽ പന്തെറിയാൻ താരത്തെ കൂടെക്കൂട്ടി. ലോകോത്തര താരങ്ങൾക്കു ബോൾ ചെയ്ത് സ്വന്തം ബോളിങ്ങിന്റെ മൂർച്ച കൂട്ടിയ വരുൺ, ഇക്കഴിഞ്ഞ തമിഴ്നാട് പ്രീമിയർ ലീഗിൽ മധുരൈ പാന്തേഴ്സിനായി പുറത്തെടുത്ത പ്രകടനം ദേശീയ ശ്രദ്ധയിലെത്തി.
ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ തമിഴ്നാടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നു വരുൺ. ടീമിലെ മറ്റ് അംഗങ്ങൾ ഫോം കണ്ടെത്താനാകാതെ ഉഴറുമ്പോഴായിരുന്നു വരുണിന്റെ ഉജ്വല പ്രകടനം. തമിഴ്നാട് പ്രീമിയർ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും പുറത്തെടുത്ത പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഐപിഎൽ താരലേലത്തിൽ മിന്നും താരമായി വരുൺ. ബാക്കി കളത്തിൽ!