ഇന്ത്യൻ വനിതാ ടീം പരിശീലകനാകാൻ കിർസ്റ്റൻ, ഗിബ്സ്, പൊവാർ; വാട്മോർ പുറത്ത്

ഗാരി കിർസ്റ്റൺ, രമേഷ് പൊവാർ, ഹെർഷേൽ ഗിബ്സ്.

മുംബൈ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ പുരുഷ ടീമിനെ വെല്ലുന്ന ‘മൽസരം’. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചവരിൽനിന്ന് അഭിമുഖത്തിനായി തയാറാക്കിയ പത്തംഗ ചുരുക്കപ്പട്ടിക ബിസിസിഐ പുറത്തുവിട്ടു. പരിശീലക സ്ഥാനത്തേക്ക് താൽപര്യമറിയിച്ച് അപേക്ഷ സമർപ്പിച്ച 28 പേരിൽനിന്നാണ് ചുരുക്കപ്പട്ടിക തയാറാക്കിയത്.

ബിസിസിഐ ഇടക്കാല ഭരണസമിതി നിയോഗിച്ച അഡ്ഹോക് കമ്മിറ്റിയാണ് അഭിമുഖ നടപടികൾക്കു ചുക്കാന‍് പിടിക്കുക. മുൻ ഇന്ത്യൻ താരങ്ങളായ കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. വ്യാഴാഴ്ച മുംബൈയിൽ ബിസിസിഐ ആസ്ഥാനത്താണ് അഭിമുഖം. ഇതിൽ വിദേശത്തുള്ള അപേക്ഷകർ സ്കൈപ്പ് വഴിയാകും അഭിമുഖത്തിനു ഹാജരാവുക എന്നാണു വിവരം.

∙ ചുരുക്കപ്പട്ടികയിൽ ഇവർ

2011ൽ ഇന്ത്യൻ പുരുഷ ടീം ഏകദിന ലോകകപ്പ് നേടുമ്പോൾ പരിശീലകനായിരുന്ന ദക്ഷിണാഫ്രിക്കയുടെ ഗാരി കിർസ്റ്റനാണ് ചുരുക്കപ്പട്ടികയിലെ പ്രധാനി. കിർസ്റ്റനു പുറമെ മുൻ ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഹെർഷേൽ ഗിബ്സ്, ട്രെന്റ് ജോൺസൻ, മാർക്ക് കോൾസ്, ദിമിത്രി മസ്കരാനസ്, ബ്രാഡ് ഹോഗ് എന്നിവരാണ് പരിശീലകനാകാൻ രംഗത്തുള്ള വിദേശികൾ.

ടീമിലെ സൂപ്പർതാരം മിതാലി രാജുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ പരിശീലക സ്ഥാനത്ത് തുടരാനുള്ള അവസരം നഷ്ടമാക്കിയ ഇടക്കാല പരിശീലകൻ രമേഷ് പൊവാറാണ് രംഗത്തുള്ള ഇന്ത്യക്കാരിൽ പ്രധാനി. കരാർ നീട്ടിക്കൊടുക്കാൻ ബിസിസിഐ വിസമ്മതിച്ചതോടെ അപേക്ഷ നൽകില്ലെന്നു വ്യക്തമാക്കിയിരുന്ന പൊവാർ പിന്നീടു നിലപാടു മാറ്റുകയായിരുന്നു. പൊവാറിനു പുറമെ മുൻ ഇന്ത്യൻ താരങ്ങളായ ഡബ്ല്യു.വി. രാമൻ, വെങ്കടേഷ് പ്രസാദ്, മനോജ് പ്രഭാകർ എന്നിവരാണ് ഇന്ത്യക്കാരായ മറ്റ് അപേക്ഷകർ.

∙ തള്ളപ്പെട്ടവരിൽ വാട്മോറും

ശ്രീലങ്കൻ പുരുഷ ടീമിന് 1996ൽ ഏകദിന ലോകകപ്പ് സമ്മാനിച്ച ഡേവ് വാട്മോറും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും ചുരുക്കപ്പട്ടികയിൽ ഇടം പിടിക്കാനായില്ല. നിലവിൽ കേരള രഞ്ജി ടീമിന്റെ പരിശീലകനാണ് വാട്മോർ.

വാട്മോറിനു പുറമെ മുൻ ഇംഗ്ലണ്ട് താരം ഒവൈസ് ഷാ, കോളിൻ സില്ലെർ, ഡൊമിനിക് തോൺലി തുടങ്ങിയവർക്കും ചുരുക്കപ്പട്ടികയിൽ എത്താനായില്ല. ഇന്ത്യൻ വനിതാ ടീമിൽ അംഗങ്ങളായിരുന്ന ഗാർഗി ബാനർജി, ആരതി വൈദ്യ തുടങ്ങിയവരും അപേക്ഷ അയച്ചിരുന്നു. എന്നാൽ, അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടവരിൽ ഇവര്‍ക്കും ഇടമില്ല.

∙ പുതിയ പരിശീലകനെ തേടാനുള്ള കാരണം?

അടുത്തിടെ വെസ്റ്റ് ഇൻഡീസിൽ സമാപിച്ച ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ സെമിയിലേക്കു നയിച്ച രമേഷ് പൊവാറിന്റെ കരാർ അവസാനിച്ച സാഹചര്യത്തിലാണ് ബിസിസിഐ വനിതാ ടീമിനു പുതിയ പരിശീലകനെ തേടുന്നത്. ലോകകപ്പ് സെമിയിൽ സൂപ്പർതാരം മിതാലി രാജിനെ പുറത്തിരുത്തിരുത്തിയതുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൊവാറിന്റെ കരാർ നീട്ടിനൽകേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു.

അതേസമയം, മികച്ച പാക്കേജാണ് പുതിയ പരിശീലകനായി ബിസിസിഐ കാത്തുവച്ചിട്ടുള്ളതെന്നാണ് സൂചന. വനിതാ ക്രിക്കറ്റ് ജനപ്രീതിയിൽ ശ്രദ്ധേയ മുന്നേറ്റം നടത്തിയതും വനിതാ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാൻ പ്രമുഖ പരിശീലകരെ നിർബന്ധിക്കുന്നു. ഇന്ത്യൻ വനിതാ ടീമിന്റെ പുതിയ പരിശീലകന് മൂന്നു കോടി മുതൽ നാലു കോടി രൂപ വരെ ബിസിസിഐ പ്രതിഫലം നൽകുമെന്നാണ് വിവരം.

∙ പരിശീലകനു ബിസിസിഐ നിഷ്കർഷിക്കുന്ന യോഗ്യതകൾ

∙ ലെവൽ സി യോഗ്യതയുള്ള പരിശീലകനായിരിക്കണം.

∙ രാജ്യാന്തര തലത്തിൽ കളിച്ചിട്ടുള്ള താരമാകണം / ഒരു രാജ്യാന്തര ടീമിനെയെങ്കിലും കുറഞ്ഞത് ഒരു വർഷമെങ്കിലും പരിശീലിപ്പിച്ച പരിചയം വേണം / ഏതെങ്കിലും ട്വന്റി20 ലീഗിൽ രണ്ടു വർഷമെങ്കിലും പരിശീലകനായുള്ള അനുഭവസമ്പത്ത് വേണം / കുറഞ്ഞത് 50 ഫസ്റ്റ് ക്ലാസ് മൽസരമെങ്കിലും കളിച്ചിരിക്കണം.