ബോൾ ചെയ്തത് 99.2 ഓവർ, 35 എണ്ണം മെയ്ഡൻ; ബുംമ്രയെ ‘നമിച്ച്’ ഓസീസ് താരങ്ങൾ

ബുമ്രയുടെ പന്തു നേരിടുന്നതിനിടെ ഓസീസ് താരം അടിതെറ്റി നിലംപതിച്ചപ്പോൾ.

പെർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു മൽസരങ്ങൾ പൂർത്തിയാകുമ്പോൾ ഇരു ടീമുകളും ഓരോ മൽസരം ജയിച്ച് സമാസമത്തിലാണ്. അഡ്‌‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ പെർത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ വിജയം ആതിഥേയരായ ഓസ്ട്രേലിയയ്ക്കൊപ്പമായിരുന്നു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതുന്ന ഈ പരമ്പരയിൽ, ബോളിങ് വിഭാഗത്തിൽ തകർപ്പൻ പ്രകടനവുമായി കളം നിറയുന്നൊരു താരമുണ്ട്. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര! കരിയറിൽ ഇതുവരെ എട്ടു ടെസ്റ്റുകള്‍ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ഓസ്ട്രേലിയയിൽ ബുമ്രയുടേത് ശ്രദ്ധേയമായ പ്രകടനമാണ്. അതിന്റെ പ്രതിഫലനം ഐസിസി റാങ്കിങ്ങിലും കണ്ടു. ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് സ്വന്തമാക്കിയ ബുമ്ര നിലവിൽ 28–ാം സ്ഥാനത്താണ്.

ഈ പരമ്പരയിൽ ഇതുവരെ ബുമ്ര ബോൾ ചെയ്തത് 99.2 ഓവറാണ്. അതിൽ 35 ഓവറിലും ഓസീസ് താരങ്ങൾക്ക് റൺസ് നേടാനായില്ല! ഈ പരമ്പരയിൽ ഇതുവരെ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവറുകൾ എറിഞ്ഞ താരവും ബുമ്ര തന്നെ. മാത്രമല്ല, ബുമ്രയുടെ പന്തുകൾക്കു മുന്നിൽ ഓസീസ് താരങ്ങൾ പകച്ചു പോകുന്ന കാഴ്ച പരമ്പരയിൽ, പ്രത്യേകിച്ചും പെർത്തിൽ ആവോളം കണ്ടു.

ഈ പരമ്പരയിലെ രണ്ടു ടെസ്റ്റു കളിച്ച താരങ്ങളിൽ റൺസ് വിട്ടുകൊടുക്കുന്നതിൽ ഏറ്റവും പിശുക്കുള്ള താരവും ബുമ്രയാണ്. രണ്ട് ടെസ്റ്റ് പിന്നിടുമ്പോൾ ബുമ്ര ഒരു ഓവറിൽ ശരാശരി വിട്ടുകൊടുക്കുന്നത് 2.08 റൺസ് മാത്രമാണ്. ഓവറിൽ ശരാശരി 1.72 റൺസ് വിട്ടുകൊടുത്ത് രവിചന്ദ്രൻ അശ്വിൻ മുന്നിലുണ്ടെങ്കിൽ അദ്ദേഹം അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ മാത്രമേ കളിച്ചിരുന്നുള്ളൂ. ഓവറിൽ 2.40 റൺസ് വിട്ടുകൊടുക്കുന്ന ഇഷാന്ത് ശർമയാണ് മൂന്നാം സ്ഥാനത്ത്. രണ്ടു ടെസ്റ്റു കളിച്ച പ്രധാന ബോളർമാരിൽ ഏറ്റവും ‘ദാനശീലൻ’ ഇന്ത്യയുടെ മുഹമ്മദ് ഷമിയാണ്. ഓവറിൽ ശരാശരി 3.06 റൺസാണ് ഷമി വിട്ടുകൊടുക്കുന്നത്. ഉമേഷ് യാദവ് 3.76 റൺസ് വിട്ടുകൊടുക്കുന്നുണ്ടെങ്കിലും അദ്ദേഹം ഒരു ടെസ്റ്റിലേ കളിച്ചുള്ളൂ. ഓസീസ് താരങ്ങളിൽ ജോഷ് ഹെയ്സൽവുഡാണ് ഏറ്റവും പിശുക്കൻ. ഓവറിൽ ശരാശരി 2.47 റൺസാണ് ഹെയ്സൽവുഡ് വിട്ടുനൽകുന്നത്. നേഥൻ ലയോൺ ശരാശരി 2.51 റൺസും വിട്ടുകൊടുക്കുന്നു.

ആകെ കളിച്ച നാല് ഇന്നിങ്സുകളിലും ബുമ്രയുടെ ഓവറുകളിൽ ശരാശരി 2.40 റൺസിലധികം നേടാൻ ഓസീസ് താരങ്ങൾക്കായില്ല. 18.82 ശരാശരിയുമായി ബോളർമാരിൽ മുന്നിൽ ബുമ്ര തന്നെ. മികച്ച പേസും കൃത്യതയും നിലനിർത്തുന്ന ബുമ്ര, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ആവനാഴിയിലെ പ്രധാന ആയുധമാണ്. ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ ഓവർ ബോൾ ചെയ്യുന്ന പേസ് ബോളർ കൂടിയാണ് ബുമ്ര. താരതമ്യേന ചെറിയ റണ്ണപ്പായതിനാൽ കൂടുതൽ നേരം ബോൾ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ബുമ്രയുടെ നേട്ടം.

ഈ പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരങ്ങളിലും ബുമ്ര മുന്നിൽത്തന്നെയുണ്ട്. രണ്ടു ടെസ്റ്റുകളിൽനിന്ന് 16 വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം നേഥൻ ലയൺ മുന്നിൽ നിൽക്കുന്ന പട്ടികയിൽ 11 വിക്കറ്റുമായി രണ്ടാം സ്ഥാനം പങ്കിടുകയാണ് ബുമ്ര. ഒപ്പമുള്ളത് മറ്റൊരു ഇന്ത്യൻ താരം മുഹമ്മദ് ഷമിയാണ്. ഇതുവരെ 596 പന്തുകൾ ബോൾ ചെയ്ത ബുമ്ര 207 റൺസ് മാത്രം വിട്ടുകൊടുത്താണ് 11 വിക്കറ്റെടുത്തത്. 743 പന്തുകൾ ബോൾ ചെയ്ത ലയണാകട്ടെ, 311 റൺസ് വിട്ടുകൊടുത്താണ് 16 വിക്കറ്റ് പോക്കറ്റിലാക്കിയത്. 10 വിക്കറ്റുമായി മിച്ചൽ  സ്റ്റാർ‌ക്ക് മൂന്നാമതും എട്ടു വിക്കറ്റുമായി ഇഷാന്ത് ശർമ, ജോഷ് ഹെയ്സൽവുഡ് എന്നിവർ നാലാം സ്ഥാനത്തുമുണ്ട്.