വരുണിനെ 8.4 കോടിക്ക് എടുത്തതുകൊള്ളാം; മുജീബും അശ്വിനുമുള്ള ടീമിൽ എവിടെ കളിപ്പിക്കും?

മുജീബുർ റഹ്‌മാൻ, രവിചന്ദ്രൻ അശ്വിൻ

ജയ്പുരിൽ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ താരലേലത്തിൽ ഈ സീസണിലെ ഏറ്റവും കൂടിയ വിലയ്ക്ക് തമിഴ്നാട് താരം വരുൺ ചക്രവർത്തിയെ ടീമിലെത്തിച്ചിരിക്കുകയാണ് കിങ്സ് ഇലവൻ പഞ്ചാബ്. 20 ലക്ഷം രൂപ മാത്രം വിലയുണ്ടായിരുന്ന വരുണിനെ 8.4 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. തമിഴ്നാട് പ്രീമിയർ ലീഗിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് ‘മിസ്റ്ററി സ്പിന്നർ’ എന്നു വിശേഷണമുള്ള വരുണിനെ പഞ്ചാബ് സ്വന്തമാക്കിയത്.

എന്നാൽ, ഇപ്പോൾത്തന്നെ സ്പിന്നർമാരുടെ ആധിക്യമുള്ള പഞ്ചാബ് ടീമിലേക്ക് വരുണും കൂടിയെത്തുമ്പോൾ നെറ്റി ചുളിയുന്നത് ക്രിക്കറ്റ് നിരീക്ഷകരുടെയും ആരാധകരുടെയുമാണ്. പഞ്ചാബ് ടീമിന്റെ ക്യാപ്റ്റൻ തന്നെ രാജ്യാന്തര ക്രിക്കറ്റിലെ മിന്നും താരമാണ്. ഇന്ത്യക്കാരനായ രവിചന്ദ്രൻ അശ്വിൻ. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നർമാരിലൊരാളും രാജ്യാന്തര ട്വന്റി20യിൽ ശ്രദ്ധേയനുമായ അഫ്ഗാൻ താരം മുജീബുർ റഹ്മാനും പഞ്ചാബ് ടീമിലുണ്ട്. ഇവർക്കു പുറമെ തമിഴ്നാട്ടിൽനിന്നു തന്നെയുള്ള മുരുകൻ അശ്വിൻ എന്ന സ്പിന്നറും പഞ്ചാബിനു സ്വന്തം!

ഇവരിൽ മുരുകൻ അശ്വിനെ പുറത്തിരുത്താമെന്നു കരുതിയാൽത്തന്നെ ക്യാപ്റ്റനായ രവിചന്ദ്രൻ അശ്വിനെയും യുവ വിസ്മയം മുജീബുർ റഹ്മാനെയും പുറത്തിരുത്താനാകുമോ? പ്ലേയിങ് ഇലവനിൽ സ്ഥാനം ഉറപ്പുള്ള രണ്ടു സ്പിന്നർമാർ നിലവിൽ ടീമിലുള്ളപ്പോൾ മറ്റൊരു സ്പിന്നറെ, അതും അത്രയൊന്നും ശ്രദ്ധേയനല്ലാത്ത താരത്തെ സീസണിലെ ഏറ്റവും കൂടിയ തുകയ്ക്ക് ടീമിലെത്തിച്ചതിന്റെ സാംഗത്യമെന്താണ്? ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും തല പുകയ്ക്കുകയാണ്. സൂപ്പർ താരങ്ങൾ ഏറെയുള്ള ടീമിൽ 8.4 കോടി മുടക്കിയ വരുണിനെ പഞ്ചാബ് എവിടെ ഉൾക്കൊള്ളിക്കും?

വരുണിനെപ്പോലൊരു താരത്തിനായി 8.4 കോടി മുടക്കിയ പഞ്ചാബ് ടീമിന്റെ ബാറ്റിങ് നിരയെക്കുറിച്ചും ആരാധകർക്ക് ആശങ്കയേറെയാണ്. ക്രിസ് ഗെയ്‌ൽ‌, ഡേവിഡ് മില്ലർ, മായങ്ക് അഗർവാൾ, ലോകേഷ് രാഹുൽ, കരുൺ നായർ, സർഫറാസ് ഖാൻ, മോയ്സസ് ഹെൻറിക്വസ്, നിക്കോളാസ് പുരാൻ തുടങ്ങിയവരാണ് പഞ്ചാബ് ടീമിലെ ശ്രദ്ധേയരായ ബാറ്റ്സ്മാൻമാർ.

എന്നാൽ, ഇപ്പോഴത്തെ നിലയിൽ ഇവരാരും വ്യക്തിഗത മികവിൽ അത്ര നല്ല ഫോമിലല്ലെന്ന് പരസ്യമായ രഹസ്യമാണ്. ക്രിസ് ഗെയ്‍ൽ ഇപ്പോൾ പഴയ ഗെയ്‍ലിന്റെ നിഴൽ മാത്രമാണ്. ഡേവിഡ് മില്ലറിന്റെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ സീസണൽ പഞ്ചാബിന്റെ മുന്നേറ്റങ്ങൾക്കു ചുക്കാൻ പിടിച്ച ഇന്ത്യൻ താരം ലോകേഷ് രാഹുലിന്റെ കാര്യം പറയാനുമില്ല. ഫോം കണ്ടെത്താനാകാതെ ഉഴറുന്ന രാഹുൽ ദേശീയ ടീമിൽനിന്നും പുറത്താകലിന്റെ വക്കിലാണ്.

ഇടക്കാലത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കടന്നുവന്ന സർഫറാസ് ഖാനും പിന്നീടു വിസ്മൃതിയിലേക്കു പോയി. കരുൺ നായർ അന്നും ഇന്നും ട്വന്റി20യിൽ അത്ര ശ്രദ്ധേയ സാന്നിധ്യമല്ല. മായങ്ക് അഗർവാളിന്റെ കാര്യത്തിലും അത്ര ഉറപ്പു പോരാ. നിക്കോളാസ് പുരാൻ, സാം കറൻ തുടങ്ങിയ ഓൾറൗണ്ടർമാരുണ്ടെങ്കിലും ബാറ്റിങ്ങിനെക്കുറിച്ച് ആശ്വാസം പകരാൻ ഇവർക്കുമാകുന്നില്ല. അണ്ടർ 17 ലോകകപ്പിലെ അർധസെഞ്ചുറി പ്രകടനത്തിന്റെ മികവിൽ 4.8 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച പ്രഭ്സിമ്രൻ സിങ്ങെന്ന കൗമാരക്കാരനും ഇനിയും കഴിവു തെളിയിക്കേണ്ടിയിരിക്കുന്നു.

ബാറ്റിങ്ങിലെ ഈ പോരായ്മകളും വെല്ലുവിളികളും ഒരു വശത്തു നിലനിൽക്കുമ്പോഴാണ് വരുൺ ചക്രവർത്തിയെപ്പോലെ താരതമ്യേന ഒരു പുതുമുഖ താരത്തിനായി കോടികൾ എറിഞ്ഞ് പഞ്ചാബ് ചൂതാട്ടത്തിനു തുനിഞ്ഞത്. കളത്തിൽ കളി മാറാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുമ്പോഴും കളിക്കു മുൻപേ പഞ്ചാബ് നടത്തിയ ചൂതാട്ടങ്ങൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നതാണ്. വസ്തുതകൾ ഇതായിരിക്കെ, സീസൺ തുടങ്ങുമ്പോഴേയ്ക്കും പഞ്ചാബ് എന്തെങ്കിലും അദ്ഭുതങ്ങൾ കാത്തുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാക്കി കളത്തിൽ.