ബെംഗളൂരു∙ ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഓസ്ട്രേലിയയ്ക്കെതിരെ ഫോളോ ഓൺ ചെയ്ത ശേഷം ഇന്ത്യ വീണ്ടും ബാറ്റു ചെയ്യുമ്പോൾ വി.വി.എസ്. ലക്ഷ്മൺ നേടിയ 281 റൺസ് ആണെന്ന് രാഹുൽ ദ്രാവിഡ്. ചരിത്രത്തിൽ ഇടം പിടിച്ച ഈ ഇന്നിങ്സ് ഏറ്റവും അടുത്തുനിന്ന് കാണാൻ സാധിച്ചത് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവിസ്മരണീയ നിമിഷമാണെന്നും ദ്രാവിഡ് പറഞ്ഞു.
ലക്ഷ്മണിന്റെ ആത്മകഥയായ ‘281 ആൻഡ് ബിയോണ്ട്’ ബെംഗളൂരുവിൽ പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ദ്രാവിഡ് ആ ചരിത്ര നിമിഷത്തെ ഓർത്തെടുത്തത്. ലക്ഷ്മണിനും ദ്രാവിഡിനും പുറമെ ജവഗൽ ശ്രീനാഥ്, അനിൽ കുംബ്ലെ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
‘ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സ് തൊട്ടടുത്തുനിന്ന് കാണാൻ സാധിച്ച വ്യക്തിയാണ് ഞാനെന്ന് പലരോടും പറയാറുണ്ട്. ഏറ്റവും സന്തോഷം തരുന്ന ഒരു കാഴ്ചയായിരുന്നു അത്. അന്ന് ലക്ഷ്മൺ കളിച്ച ചില ഷോട്ടുകൾ അസാധ്യങ്ങളായിരുന്നു. ലെഗ് സ്റ്റംപിന് ഏറെ പുറത്തുകുത്തിയ ഷെയ്ൻ വോണിന്റെ ഒരു പന്തിനെ പുറത്തേക്കു ചാടിയിറങ്ങി ലക്ഷ്മൺ കവറിലൂടെ പായിച്ചത് ഇപ്പോഴും മനസ്സിൽനിന്ന് മാഞ്ഞിട്ടില്ല. സ്പിന്നിന് അനുകൂലമായ പിച്ചിൽ വോണിനെ ഫ്ലിക്ക് ചെയ്തു നേടിയ ബൗണ്ടറികളും മറക്കാനാകില്ല. ഗ്ലെൻ മഗ്രാത്തിനെയും ജേസൺ ഗില്ലെസ്പിയേയും ഡ്രൈവിലൂടെ എതിരേറ്റതും ഇപ്പോഴും മനസ്സിലുണ്ട്.’
ലക്ഷ്മണിന്റെ ആ ഇന്നിങ്സിന് സാക്ഷ്യം വഹിച്ചത് വിവരിക്കാനാകാത്ത ഒരു അനുഭവം തന്നെയായിരുന്നു. അന്ന് ഞാൻ ബാറ്റിങ്ങിന് ഇറങ്ങുമ്പോഴേയ്ക്കും ലക്ഷ്മൺ 90 റൺസ് പിന്നിട്ടിരുന്നു. ഷോർട്ട് ഫൈൻ ലെഗ്ഗിലേക്ക് തട്ടിയിട്ട ഒരു പന്തിൽ സിംഗിൾ ഓടിയാണ് ലക്ഷ്മൺ സെഞ്ചുറി പൂർത്തിയാക്കിയതെന്നാണ് ഓർമ. ആ പരമ്പരയിൽ എന്റെ പ്രകടനം അത്ര മികച്ചതൊന്നുമായിരുന്നില്ല. എന്നാൽ, ഇങ്ങേ അറ്റത്തുനിന്ന് ലക്ഷ്മണിന്റെ കളി കണ്ടതോടെ എന്റെ ആത്മവിശ്വാസവും വർധിച്ചു. എല്ലാം കൊണ്ട് ഒരു മാന്ത്രിക ദിനമായിരുന്നു അത്.’ – ദ്രാവിഡ് ഓർത്തെടുത്തു.
ചടങ്ങിൽ പങ്കെടുത്ത അനിൽ കുംബ്ലെയും ലക്ഷ്മണിന്റെ ഇന്നിങ്സിനെക്കുറിച്ച് ഓർത്തെടുത്തു:
‘തോളിനു പരുക്കേറ്റതിനാൽ ആ പരമ്പരയിൽ എനിക്കു കളിക്കാൻ സാധിച്ചിരുന്നില്ല. അന്ന് ചികിത്സയുടെ ഭാഗമായി ഞാൻ ദക്ഷിണാഫ്രിക്കയിലായിരുന്നു. ഫിസിയോതെറാപ്പിസ്റ്റിന്റെ മുറിയിൽ ചികിത്സയിലിരിക്കെയാണ് ആ ഇന്നിങ്സ് സംഭവിക്കുന്നത്. പിന്നീട് ഇന്ത്യൻ ഫിസിയോയും നിലവിൽ ഐപിഎല്ലിൽ ആർസിബിയുടെ ഫിസിയോയുമായ ഇവാൻ സ്പീച്ച്‌ലി അവിടെയുണ്ടായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ തൂത്തെറിയപ്പെട്ടതിനു പിന്നാലെ രണ്ടാം ഇന്നിങ്സിൽ മൂന്നാം നമ്പറിൽ ലക്ഷ്മൺ ബാറ്റിങ്ങിന് എത്തി. എന്നാൽ, ആ രാത്രിയിൽ എനിക്ക് ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കു മടങ്ങേണ്ടിയിരുന്നു. ഇന്ത്യയുടെ കളി കണ്ട ഇവാൻ എന്നോടു ചോദിച്ചു.
‘എന്താണ് ഈ സംഭവിക്കുന്നത്. എങ്ങനെയാണ് ഇന്ത്യയ്ക്ക് ഓസ്ട്രേലിയയോടു തോൽക്കാനാകുക?’
‘ഞാൻ മറുപടി പറഞ്ഞു. ഇല്ല. ഒരിക്കലുമില്ല. ഈ മൽസരം ഉറപ്പായും ഞങ്ങൾ ജയിക്കും’
അതും പറഞ്ഞ് ഞാൻ പുറത്തേക്കു നടന്നു. അന്ന് ലക്ഷ്മണും ദ്രാവിഡും ക്രീസിൽ ഒരുമിക്കുമ്പോൾ ഞാൻ ഇന്ത്യയിലേക്കു മടങ്ങാൻ വിമാനത്തിലായിരുന്നു. പുലർച്ചെ രണ്ടു മണിയോടെ മുംബൈയിൽ എത്തിയപ്പോൾ ഞാൻ ആദ്യം അന്വേഷിച്ചത് സ്കോർ എന്തായി എന്നാണ്. ‘നാലു വിക്കറ്റു നഷ്ടത്തിൽ 500 കടന്നു’ എന്നായിരുന്നു ഇമിഗ്രേഷനിൽനിന്നുള്ള മറുപടി. ആ മൽസരം ലൈവായി കാണാനുള്ള അവസരം എനിക്കു ലഭിച്ചതേയില്ല. എന്നാലും ഇത്തരമൊരു ഇന്നിങ്സ് ഇനിയും സംഭവിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. അതു തെറ്റിയില്ല. 2003ൽ അഡ്‌ലെയ്ഡിൽ വീണ്ടും ഇവർ സമാന പ്രകടനം നടത്തി. കൊൽക്കത്തയിലേതു പോലൊരു കൂട്ടുകെട്ടാണ് സംഭവിക്കാൻ പോകുന്നത് എന്നായിരുന്നു എന്റെ മനസ്സിൽ. അന്ന് ഇരുവരും ചേർന്ന് ഒരിക്കൽക്കൂടി 300നു മുകളിൽ റൺസ് നേടി’.