അഗർവാളും അശ്വിനും ഓപ്പണർമാരാകട്ടെയെന്ന് തരൂർ; ‘ട്രോളൻമാർക്കും’ ആവേശം

ശശി തരൂർ, ആർ.അശ്വിൻ

തിരുവനന്തപുരം∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ടു മൽസരങ്ങൾ പിന്നിടുമ്പോഴും മികച്ച ഓപ്പണിങ് ജോഡിയെ കണ്ടെത്താനാകാതെ ഉഴറുന്ന ഇന്ത്യൻ ടീമിന് സഹായവുമായി ശശി തരൂർ എംപി. മെൽബണിൽ ഡിസംബർ 26ന് ആരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പുതുമുഖ താരം മായങ്ക് അഗർവാളും ഓള്‍റൗണ്ടർ രവിചന്ദ്രൻ അശ്വിനും ഓപ്പൺ ചെയ്യണമെന്നാണ് തരൂരിന്റെ നിർദ്ദേശം. ഇതുവരെ കേട്ടിട്ടില്ലാത്ത പുത്തൻ ആശയം, സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി. ക്രിക്കറ്റ് ‘ട്രോളൻ’മാരും പുതിയ വിഷയം കിട്ടിയ സന്തോഷത്തിലാണ്.

സ്ഥിരം ഓപ്പണർമാരായ ലോകേഷ് രാഹുലും മുരളി വിജയും രണ്ടു ടെസ്റ്റുകളിലും പരാജയപ്പെടുകയും പകരക്കാരനാകേണ്ട പൃഥ്വി ഷായ്ക്കു പരുക്കു മൂലം പരമ്പര തന്നെ നഷ്ടമാകുകയും ചെയ്തതോടെയാണ് ഓപ്പണർമാരെ തിരഞ്ഞെടുക്കുന്നത് ഇന്ത്യൻ ടീം മാനേജ്മെന്റിന് തലവേദനയായത്. ഈ സാഹചര്യത്തിൽ ടീമിലുള്ള മായങ്ക് അഗർവാളിനൊപ്പം അശ്വിനെ ഓപ്പണിങ്ങിനു നിയോഗിക്കുകയാണ് ഏറ്റവും ഉചിതമെന്ന തരൂരിന്റെ നിർദ്ദേശം.

ഇതുമായി ബന്ധപ്പെട്ട് തരൂർ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:

‘ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ് തോറ്റതിനേക്കാൾ വലിയ തിരിച്ചടിയാണ് പൃഥ്വി ഷായുടെ പരുക്കും പിൻമാറ്റവും. ഈ സാഹചര്യത്തിൽ മായങ്ക് അഗർവാളിനൊപ്പം രവിചന്ദ്രൻ അശ്വിനെ ഓപ്പൺ ചെയ്യിക്കാവുന്നതല്ലേ? മികച്ച പ്രതിരോധവും ശാന്തമായ കളിയുമാണ് അശ്വിന്റെ പ്രത്യേകത. മാത്രമല്ല, അങ്ങനെ വരുമ്പോൾ മധ്യനിരയിൽ ഒരു ഓള്‍റൗണ്ടറെ കൂടുതൽ ഉൾപ്പെടുത്തുകയും ചെയ്യാം.’

എന്തായാലും തരൂരിന്റെ നിർദ്ദേശത്തോട് സമ്മിശ്ര പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽനിന്ന് ഉയരുന്നത്. തരൂരിന്റെ നിർദ്ദേശത്തെ ചിലർ പിന്താങ്ങുമ്പോൾ പരിഹസിക്കുന്നവരും കുറവല്ല. ട്രോളൻമാരും ‘ചാകര’ കിട്ടിയ സന്തോഷത്തിലാണ്.

‘അശ്വിൻ ബാറ്റിങ്ങിൽ ഓപ്പൺ ചെയ്യുമ്പോൾ ചേതേശ്വർ പൂജാരയും ലോകേഷ് രാഹുലും ബോളിങ് ഓപ്പൺ ചെയ്യട്ടെ’ എന്നാണ് ഒരു ട്രോൾ. എന്തായാലും തരൂരിന്റെ നിർദ്ദേശം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു.