പരുക്കുമായാണ് ജഡേജ ഓസ്ട്രേലിയയിൽ എത്തിയതെന്ന് ശാസ്ത്രി; പുതിയ വിവാദം

മെൽബൺ∙ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീം സിലക്ഷനെച്ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ വിമർശങ്ങൾ രൂക്ഷമാക്കി കൂടുതൽ വെളിപ്പെടുത്തലുമായി പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പരുക്കുമായാണ് ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയതെന്നാണ് വെളിപ്പെടുത്തൽ. ടീം സിലക്ഷനുമായി ബന്ധപ്പെട്ട് തന്നെത്തന്നെ ന്യായീകരിക്കുമ്പോഴാണ് ജഡേജയുടെ പരുക്കിനെക്കുറിച്ചുള്ള ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. പരുക്കുമൂലമാണ് ജഡേജയെ ടീമിലേക്കു പരിഗണിക്കാതിരുന്നതെന്നാണ് ശാസ്ത്രിയുടെ ന്യായീകരണം.

ഇതോടെ, പുതിയ വെളിപ്പെടുത്തൽ കൂടുതൽ വിവാദങ്ങൾക്കു വഴിമരുന്നിട്ടു. പരുക്കേറ്റ താരത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലിയാണ് തർക്കം. മാത്രമല്ല, പെർത്ത് ടെസ്റ്റിനു മുന്നോടിയായി 13 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ജഡേജയെയും ഉൾപ്പെടുത്തിയിരുന്നു. മാത്രമല്ല, പെർത്ത് ടെസ്റ്റിലെ തോൽവിക്കുശഷം ക്യാപ്റ്റൻ വിരാട് കോഹ്‍ലി മാധ്യമങ്ങളോടു പറഞ്ഞതിനു വിരുദ്ധമായ കാര്യങ്ങളാണ് ശാസ്ത്രി ഇപ്പോൾ പറയുന്നതും.

ആർ.അശ്വിനു പരുക്കില്ലായിരുന്നെങ്കിൽപ്പോലും നാലു പേസ് ബോളർമാരുമായി കളിക്കാനായിരുന്നു ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മൽസരത്തിനുശേഷം കോഹ്‍ലിയുടെ പ്രഖ്യാപനം. സ്പിന്നർമാരെ ടീമിലേക്കു പരിഗണിച്ചിട്ടു പോലുമില്ലെന്നും കോഹ്‍ലി വ്യക്തമാക്കിയിരുന്നു. എന്നാൽ, പരുക്കു മൂലമാണ് ജഡേജയെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോൾ ശാസ്ത്രി പറയുന്നത്.

നാലു പേസ് ബോളർമാരുമായി പെർത്ത് ടെസ്റ്റിൽ കളിച്ച കോഹ്‍ലിയുടെയും സംഘത്തിന്റെയും തീരുമാനത്തെ സുനിൽ ഗാവസ്കർ ഉള്‍പ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തോറ്റാൽ അതിന്റെ ഉത്തരവാദികൾ ശാസ്ത്രിയും കോഹ്‍ലിയും ആയിരിക്കുമെന്നും ഗാവസ്കർ വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സ്പിന്നർമാരെ പൂർണമായും തഴഞ്ഞ മൽസരത്തിൽ ഓസീസ് സ്പിന്നർ നേഥൻ ലയണാണ് കളിയിലെ കേമൻ പട്ടം നേടിയത്. ഇതോടെ ടീം സിലക്ഷനുമായി ബന്ധപ്പെട്ട വിമർശനം കടുത്തു. പിന്നാലെ, ബാറ്റിങ്ങിൽ കാര്യമായ സംഭാവനകൾ നൽകാൻ ശേഷിയുള്ള ഭുവനേശ്വർ കുമാറിനെ പുറത്തിരുത്തി ഉമേഷ് യാദവിനെ കളിപ്പിച്ച തീരുമാനവും ചോദ്യം ചെയ്യപ്പെട്ടു.

എന്നാൽ, ജഡേജ പൂർണമായും ഫിറ്റായിരുന്നെങ്കിൽ പെർത്തിൽ ടീമിലുണ്ടാകുമായിരുന്നു എന്നാണ് ശാസ്ത്രി പറയുന്നത്. അശ്വിൻ ടീമിലേക്കു തിരിച്ചെത്തിയില്ലെങ്കിൽ 80 ശതമാനം ഫിറ്റാണെങ്കിൽപ്പോലും ജഡേജയെ മെൽബണിൽ ടീമിലുൾപ്പെടുത്തുമെന്നും ശാസ്ത്രി വ്യക്തമാക്കി. പെർത്ത് ടെസ്റ്റിനിടെ പകരക്കാരനായി ജഡേജ ഇടയ്ക്ക് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നു.

മൈലുകൾ അപ്പുറത്തിരുന്ന് കണ്ണുമടച്ച് വിമർശിക്കാൻ എളുപ്പമാണെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു. ഓസ്ട്രേലിയയിലേക്കു വരുന്നതിന് നാലു ദിവസം മുൻപ് തോളിലെ പരുക്കിന് ജ‍ഡേജ കുത്തിവയ്പ് എടുത്തിരുന്നു. പെർത്ത് ടെസ്റ്റ് ആകുമ്പോഴേയ്ക്കും ജഡേജ 70 ശതമാനം മാത്രമേ കായികക്ഷമത വീണ്ടെടുത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജഡേജയെ ടീമിലുൾപ്പെടുത്തി റിസ്ക് എടുക്കേണ്ടെന്നു ടീം കരുതിയെന്നും ശാസ്ത്രി പറഞ്ഞു.