പെർത്ത്∙ ഓസ്ട്രേലിയ–ഇന്ത്യ ടെസ്റ്റ് പരമ്പരയിൽ ക്രിക്കറ്റിനോളം തന്നെ വലിയ ചർച്ചാ വിഷയമാണ് ഇരു ടീമുകളിലെയും താരങ്ങളുടെ പെരുമാറ്റ രീതികളും. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, ഓസീസ് ക്യാപ്റ്റൻ ടിം പെയ്ൻ തുടങ്ങിയവരെല്ലാം ഈ ചർച്ചകളിലെ ‘പ്രധാന താരങ്ങൾ’ തന്നെ. ഇരു ടീമുകളിലെയും താരങ്ങളുടെ പെരുമാറ്റത്തെ ന്യായീകരിച്ചും വിമർശിച്ചുമെല്ലാം മുൻ താരങ്ങളും ആരാധകരും രംഗത്തുണ്ട്. അതിൽത്തന്നെ ഏറ്റവും കൂടുതൽ വിമർശനത്തിന് പാത്രമാകുന്ന താരം ഇന്ത്യൻ നായകനാണ്.
പെർത്തിലെ രണ്ടാം ടെസ്റ്റിലെ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും ഓസീസ് നായകൻ ടിം പെയ്നുമായി കോഹ്‌ലി കൊമ്പുകോർത്തത് കനത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. നാലാം ദിനത്തിൽ നായകൻമാരുടെ പെരുമാറ്റം അതിരുവിട്ടതോടെ രൂക്ഷ പരമാർശങ്ങളുമായി അംപയർ ക്രിസ് ജെഫാനിക്കു തന്നെ ഇടപെടേണ്ടി വന്നു. നിങ്ങൾ നായകൻമാരാണെന്ന കാര്യം മറക്കരുതെന്നായിരുന്നു ക്രിസ് ജെഫാനിയുടെ താക്കീത്.
കളിക്കളത്തിൽ നായകൻമാർ ഏറ്റുമുട്ടിയ സംഭവം ഓസീസ് മാധ്യമങ്ങൾ ആഘോഷമാക്കുകയും െചയ്തു. ഇതിനു പിന്നാലെ ഇന്ത്യൻ നായകനെ പരിഹസിക്കുന്ന ഒരു വിഡിയോയുമായി രംഗത്തെത്തിയിരിക്കുകാണ് ഓസീസ് മാധ്യമപ്രവർത്തകനായ ഡെന്നിസ് ഫ്രീഡ്മാൻ. ട്വിറ്ററിലൂടെയാണ് കോഹ്‍ലിയെ രൂക്ഷമായി പരിഹസിച്ച് ഫ്രീഡ്മാന്റെ വരവ്.
‘മൈതാനത്ത് താൻ വിചാരിച്ചതു പോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ കോഹ്‌ലി മറ്റുളളവരോട് കാണിക്കുന്നത് ഇതാണ്’ എന്ന ശീർഷകത്തോടെയാണ് വിഡിയോ ഡെന്നിസ് പോസ്റ്റ് െചയ്തത്. വിഡിയോ ഏതാണ്ട് ഇങ്ങനെ:
ബോൾ ചെയ്യാനായി എത്തിയ ബോളർ നോൺ സ്ട്രൈക്കഴ്സ് എൻഡിൽ നിൽക്കുന്ന ബാറ്റ്സ്മാൻ ക്രീസിനു വെളിയിലാണെന്ന് മനസിലാക്കിയതോടെ ബൗൾ ചെയ്യാതെ സ്റ്റംപു ചെയ്യുന്നു. അംപയർ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി പുറത്തായതിന്റെ അരിശത്തിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുന്ന താരം ബാറ്റ് നിലത്തടിച്ചു പൊട്ടിക്കുന്നു. അതിനുശേഷം പവലിയനിൽ ചെന്ന് കസേര ചവിട്ടിത്തെറിപ്പിക്കുന്നതും വിഡിയോയിലുണ്ട്.