ന്യൂഡൽഹി∙ ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യയുടെ ട്വന്റി20 ടീമിലും ഉൾപ്പെടുത്തിയപ്പോൾ ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നന്ന് ഋഷഭ് പന്തിനെ ഒഴിവാക്കി. കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ധോണിയുടെ തിരിച്ചുവരവ് അപ്രതീക്ഷിതമായിരുന്നു. അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ ഋഷഭ് പന്തിനെ കളിപ്പിക്കാൻ സിലക്ടർമാർക്കു പരിപാടിയില്ലെന്ന് ഒഴിവാക്കലിൽ നിന്നു വ്യക്തമാവുകയും ചെയ്യുന്നു. അതേ സമയം പരിചയ സമ്പന്നനായ ദിനേഷ് കാർത്തിക് രണ്ടാം വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് ടീമിലെത്തി.
ഓസ്ട്രേലിയയ്ക്കെതിരെ മൂന്നും ന്യൂസീലൻഡിനെതിരെ അഞ്ചും ഏകദിനങ്ങളാണ് ലോകകപ്പിനു മുൻപു ശേഷിക്കുന്നത്. കൂടാതെ മൂന്ന് ട്വന്റി20 മൽസരങ്ങളും. ധോണിയെ ലോകകപ്പിനു മുൻപു പരമാവധി മൽസരങ്ങളിൽ കളിപ്പിക്കാനാണു സിലക്ടർമാരുടെ ശ്രമമെന്നു ക്രിക്കറ്റ് ബോർഡിലെ ഒരു ഉന്നതൻ വ്യക്തമാക്കി. അതുകൊണ്ടാണു ട്വന്റി20 ടീമിലും ഉൾപ്പെടുത്തിയത്. ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനും എതിരെ കളിക്കുന്നവർ തന്നെയാവും ഇംഗ്ലണ്ടിൽ മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പ് ടീമിലും സ്ഥാനം പിടിക്കുക.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, അമ്പാട്ടി റായുഡു, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഖലീൽ അഹമ്മദ്, മുഹമ്മദ് ഷമി.
ട്വന്റി20 ടീം: വിരാട് കോഹ്‌ലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഖലീൽ അഹമ്മദ്.