ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി, നിലവിലെ ക്യാപ്റ്റൻ വിരാട് കോഹ്‍ലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ പ്രത്യേകതകൾ വിവരിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ധോണി അധികം സംസാരിക്കാത്ത ആളാണെന്നും നമ്മള്‍ ഇഷ്ടപ്പെടുന്നതു ചെയ്യാൻ അനുവദിക്കുന്നയാളാണെന്നും പാണ്ഡ്യ പറഞ്ഞു. ധോണി ഞാൻ കളിക്കുന്നത് മാറ്റിയിട്ടില്ല. എന്നാൽ കളി പഠിക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു പ്രധാന സ്ഥാനമുണ്ട്. എന്റെ പ്രാധാന്യം എന്തെന്നു മനസ്സിലാക്കാനുള്ള സമയം ധോണി എനിക്കു തന്നു– ഒരു ദേശീയ മാധ്യമത്തോട് ഹാർദിക് പാണ്ഡ്യ പറഞ്ഞു.
പക്ഷേ വിരാട് കോഹ്‍ലി ഇതിൽനിന്നു വ്യത്യസ്തനാണ്. ഗ്രൗണ്ടിൽ എന്റെ പ്രകടനം മികച്ചതല്ലാതിരുന്നിട്ടും വിരാട് കോഹ്‍ലി എന്നെ പിന്തുണച്ചു. രോഹിത് ശർമ ഒന്നാന്തരം ക്യാപ്റ്റനാണ്. എന്നാൽ കളിക്കളത്തിൽ അദ്ദേഹം ക്യാപ്റ്റനാണെന്നു തോന്നുകയേ ഇല്ല. ഞങ്ങൾക്കു തോന്നുന്നതു ചെയ്യാന്‍ രോഹിത് അനുവദിക്കാറുണ്ട്. മൂന്ന് നായകൻമാരും അവരുടേതായ രീതിയിൽ മികച്ചവരാണ്.
മൂന്ന് താരങ്ങൾക്കുമൊപ്പം കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ക്രിക്കറ്റ് കരിയർ ഞാൻ തുടങ്ങുന്നത് ധോണിക്കൊപ്പമാണ്. എംഎസ് ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം തന്നെ വേറൊന്നാകുമായിരുന്നു. വിരാടിനും രോഹിതിനും തുല്യ പ്രാധാന്യം നൽകുന്നതായും ഹാർദിക് പാണ്ഡ്യ പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ താരം ധോണിയാണെന്നും ഹാർദിക് വ്യക്തമാക്കി. ഇഷ്ടപ്പെട്ട വിദേശതാരം ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സാണ്. അദ്ദേഹം ബാറ്റ് ചെയ്യുന്നയും ഫീൽഡ് ചെയ്യുന്നതുമെല്ലാം കണ്ടുനിൽക്കാൻ തന്നെ ഇഷ്ടമാണെന്നും ഹാർദിക് പറഞ്ഞു.
ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരായ മല്‍സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യയ്ക്കു പരുക്കേറ്റത്. പരുക്കിൽനിന്ന് മുക്തനായ ശേഷം രഞ്ജി ട്രോഫിയിൽ ബറോഡയ്ക്കായി മികച്ച പ്രകടനമാണു താരം പുറത്തെടുത്തത്. 73 റൺസും ഏഴ് വിക്കറ്റുകളും താരം വീഴ്ത്തി. ഓസ്ട്രേലിയയ്ക്കും ന്യൂസീലൻഡിനുമെതിരായ ഏകദിന ടീമിലും ന്യൂസീലൻഡിനെതിരായ ട്വന്റി20യിലും പാണ്ഡ്യ ഇടംനേടിയിട്ടുണ്ട്.