മെൽബൺ∙ ഓസീസ് നായകൻ ടിം പെയ്നെ കളിയാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്. ഇന്ത്യയ്ക്കെതിരെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ കളത്തിലിറങ്ങിയപ്പോഴാണ് പെയ്നെ പ്രകോപിതനാക്കാൻ വിക്കറ്റിന് പിന്നിൽനിന്ന് ഋഷഭ് പന്ത് ശ്രമിച്ചത്. നമുക്കിന്നൊരു പ്രത്യേക അതിഥിയാണുള്ളത്. താൽക്കാലിക നായകൻ എന്നതിനെക്കുറിച്ച് ഇതുവരെ കേട്ടിട്ടുണ്ടോ? എപ്പോഴെങ്കിലും മായങ്ക്?– മായങ്ക് അഗർവാളിനോടു പറയും മട്ടിൽ ഓസീസ് ബാറ്റിങ്ങിനിടെ പന്ത് പറഞ്ഞു.
പിന്നീട് രവീന്ദ്ര ജഡേജയോടായി പന്തിന്റെ വാക്കുകൾ. സംസാരിക്കാൻ മാത്രമാണ് അദ്ദേഹത്തിന് അറിയുന്നത്. പെയ്നിന്റെ വിക്കറ്റ് വീഴ്ത്തുന്നത് അത്ര കാര്യമല്ല. അദ്ദേഹത്തെ പുറത്താക്കാൻ നിനക്കൊന്നും ആവശ്യമില്ല. സംസാരിക്കാൻ മാത്രമാണ് അദ്ദേഹത്തിന് സാധിക്കുന്നത്– പന്ത് പറഞ്ഞു. അതേസമയം പന്തിന്റെ വാക്കുകളോടു പ്രതികരിക്കാൻ ബാറ്റ് ചെയ്യുകയായിരുന്ന ടിം പെയ്ൻ തയാറായില്ല.
എന്നാൽ തൊട്ടുപിന്നാലെ പന്തിനെ അംപയർ ഇയാന്‍ ഗിൽഡ് വിളിച്ച് താക്കീത് ചെയ്തു. ഇന്ത്യയുടെ ബാറ്റിങ് സമയത്ത് താരങ്ങളെ പ്രകോപിപ്പിക്കാൻ ഓസീസ് നായകൻ നിരന്തരം ശ്രമിച്ചിരുന്നു. രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവര്‍ക്കെതിരെയായിരുന്നു പെയ്നിന്റെ വാക്കുകൾ. അതിനു മറുപടിയായാണ് പെയ്നിന്റെ ബാറ്റിങ് സമയത്ത് പന്തും തിരിച്ചടിച്ചത്. രണ്ടാം ഇന്നിങ്സിൽ പെയ്നിനെ ഋഷഭ് പന്ത് തന്നെ ക്യാച്ചെടുത്തു പുറത്താക്കുകയും ചെയ്തു.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ പന്ത് ബാറ്റിങ്ങിനിറങ്ങിയപ്പോൾ ഇന്ത്യൻ ഏകദിന ടീമിൽ എം.എസ്. ധോണിയെ ഉൾപ്പെടുത്തിയ കാര്യം പറഞ്ഞ് ഇനി ഓസീസ് ടി20 ബിഗ്ബാഷ് ലീഗായിരിക്കും പന്തിന് യോജിക്കുക എന്ന് പെയ്ൻ പരിഹസിച്ചിരുന്നു.