മെൽബൺ∙ ഓസ്ട്രേലിയ–ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരം രോഹിത് ശർമയെ പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്ത ഓസീസ് നായകൻ ടിം പെയ്ന് രോഹിതിന്റെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ് വകയും ട്രോൾ. മെൽബൺ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ രോഹിത് ശർമ ബാറ്റു ചെയ്യുമ്പോഴാണ് വിക്കറ്റ് കീപ്പർ കൂടിയായ പെയ്ൻ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.
ഈ ടെസ്റ്റിൽ രോഹിത് സിക്സ് നേടിയാൽ താനും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം ചേരുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു പെയ്നിന്റെ പരാമർശം. ഇതിനെ പരിഹസിച്ചാണ് ട്വിറ്ററിലൂടെ മുംബൈ ഇന്ത്യൻസ് ടീം അധികൃതർ രംഗത്തെത്തിയത്.
ഇന്ത്യൻ ഇന്നിങ്സിൽ സംഭവിച്ചത്:
രോഹിത് സ്ട്രൈക്ക് ചെയ്യുമ്പോഴാണ് ബാറ്റിങ്ങിൽനിന്നു ശ്രദ്ധ തിരിക്കാൻ പെയ്ൻ വെല്ലുവിളിയുമായെത്തിയത്. രോഹിതിനെ ലക്ഷ്യമിട്ട് ആരോൺ ഫിഞ്ചുമായാണ് പെയ്ൻ സംസാരിച്ചത്. മെൽബൺ ടെസ്റ്റിൽ രോഹിത് ശർമ സിക്സ് അടിച്ചാൽ വരാനിരിക്കുന്ന ഐപിഎല്ലിൽ താൻ മുംബൈ ടീമിനൊപ്പം ചേരുമെന്നാണ് പെയ്ൻ പറഞ്ഞത്.
‘രാജസ്ഥാൻ റോയൽസിനു വേണ്ടിയാണോ അതോ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണോ ഞാൻ കളിക്കേണ്ടത്? ഇവിടെ രോഹിത് സിക്സ് അടിച്ചാൽ ഞാൻ മുംബൈയിലേക്കു പോകും’ - ഇതായിരുന്നു ഫിഞ്ചിനോട് പെയ്ൻ പറഞ്ഞത്. ‘ഐപിഎല്ലിൽ എല്ലാ ടീമിനൊപ്പവും നീ കളിച്ചിട്ടുണ്ടല്ലേ’ എന്ന പെയ്നിന്റെ ചോദ്യത്തിന് ‘ബാംഗ്ലൂർ ഒഴികെ’യെന്നും ഫിഞ്ച് മറുപടി നൽകി. ഇരുവരുടെയും സംഭാഷണം സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണു വെല്ലുവിളി പുറത്തുവന്നത്. എന്നാൽ ടിം പെയിനിനോട് രോഹിത് പ്രതികരിക്കാൻ നിന്നില്ല. ആദ്യ ഇന്നിങ്സിൽ രോഹിത് പുറത്താവാതെ 63 റൺസെടുത്തിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴിന് 443 എന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
രോഹിതിന്റെ പ്രതികരണം
മൽസരത്തിന്റെ മൂന്നാം ദിനം കളി ആരംഭിക്കും മുൻപ് സംഭവത്തെക്കുറിച്ച് രോഹിത് പ്രതികരിച്ചിരുന്നു. വിക്കറ്റിനു പിന്നിൽ നിന്ന് പെയ്ൻ പറഞ്ഞതെല്ലാം താൻ കേട്ടിരുന്നുവെന്നായിരുന്നു രോഹിതിന്റെ പ്രതികരണം. ഇതേക്കുറിച്ച് രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ അജിങ്ക്യ രഹാനെയുമായി താൻ സംസാരിക്കുകയും ചെയ്തിരുന്നു. മെൽബണിൽ പെയ്ൻ സെഞ്ചുറി നേടിയാൽ അദ്ദേഹത്തെ മുംബൈ ഇന്ത്യൻസിൽ എടുക്കുമെന്നായിരുന്നു രഹാനെയോടു താൻ പറഞ്ഞത്.
മുംബൈ ഇന്ത്യൻസ് വക ട്രോൾ
മെൽബൺ ടെസ്റ്റിൽ ഓസീസിന്റെ രണ്ട് ഇന്നിങ്സും പൂർത്തിയായതിനു പിന്നാലെ ഉഗ്രനൊരു ട്രോളുമായി മുംബൈ ഇന്ത്യൻസ് ടീം അധികൃതർ തന്നെ രംഗത്തെത്തി. ട്വിറ്ററിലൂടെയായിരുന്നു മുംബൈ വക ട്രോൾ. മെൽബണിൽ സെഞ്ചുറി നേടിയാൽ പെയ്നിനെ ടീമിലെടുക്കുമെന്ന രോഹിതിന്റെ പരാമർശത്തിന്റെ ചുവടുപിടിച്ചായിരുന്നു മുംബൈയുടെ ട്രോൾ.
ടിം പെയ്നിന്റെ ചിത്രവും അദ്ദേഹത്തിന്റെ രണ്ടാം ഇന്നിങ്സ് സ്കോറായ 26 റൺസും സഹിതം മുംബൈ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ:
ദൗത്യം: സെഞ്ചുറി നേടുക, മുംബൈ ഇന്ത്യൻസിൽ ചേരുക
ടിം പെയ്ൻ: 26 %
‘മിഷൻ ഫെയിൽഡ്’ (ദൗത്യം പരാജയപ്പെട്ടു)