ദുബായ്∙ ഈ വർഷത്തെ ഏറ്റവും മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള ഐസിസിയുടെ റേച്ചൽ ഹേഹൂ–ഫ്ലിന്റ് പുരസ്കാരം ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥനയ്ക്ക്. ഈ വർഷത്തെ ഏറ്റവും മികച്ച ഏകദിന വനിതാ താരവും സ്മൃതിയാണ്. ഓസ്ട്രേലിയയുടെ അലീസ ഹീലിയാണ് മികച്ച ട്വന്റി20 താരം. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിലെ മികച്ച പ്രകടനമാണ് സ്മൃതിയെ പുരസ്കാരത്തിന് അർഹയാക്കിയത്.
2018ൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ വനിതാ താരം സ്മൃതി മന്ഥനയാണ്. 66.90 റൺസ് ശരാശരിയിൽ 669 റൺസാണ് ഏകദിനത്തിൽ സ്മൃതിയുടെ സമ്പാദ്യം. ട്വന്റി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ താരവും സ്മൃതി തന്നെ. 130.67 റൺസ് സട്രൈക്ക് റേറ്റിൽ 622 റൺസാണ് ട്വന്റി20യിൽ സ്മൃതിയുടെ സമ്പാദ്യം.
ഈ വർഷത്തെ ഐസിസിയുടെ ഏകദിന, ട്വന്റി20 ടീമുകളിലും സ്മൃതി ഇടംപിടിച്ചിട്ടുണ്ട്. സ്മൃതിക്കു പുറമെ ബോളർ പൂനം യാദവും ഇരു ടീമുകളിലുമുണ്ട്. ഇന്ത്യൻ നായികയായ ഹർമൻപ്രീത് കൗറാണ് ഐസിസിയുടെ ട്വന്റി20 ടീമിന്റെയും ക്യാപ്റ്റൻ.
വെസ്റ്റ് ഇൻഡീസിൽ സമാപിച്ച ട്വന്റി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ വ്യക്തിയാണ് ട്വന്റി20യിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അലീസ ഹീലി. 56.25 റൺ ശരാശരിയിലും 144.23 റൺസ് സ്ട്രൈക്ക് റേറ്റിലും ഹീലി നേടിയ 225 റൺസ് ഓസീസിനെ ലോകചാംപ്യൻമാരാക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ഐസിസിയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് സ്മൃതി. 2007ൽ പേസ് ബോളർ ജുലൻ ഗോസ്വാമിയും ഈ പുരസ്കാരത്തിന് അർഹയായിരുന്നു. അതേസമയം, മികച്ച താരത്തിന് റേച്ചൽ ഹേഹൂ–ഫ്ലിന്റ് പുരസ്കാരം നൽകാൻ തുടങ്ങിയ ശേഷം ജേതാവാകുന്ന രണ്ടാമത്തെ താരമാണ് സ്മൃതി. കഴിഞ്ഞ വർഷം ഓസീസ് ഓൾറൗണ്ടർ എല്ലിസ് പെറിയായിരുന്നു മികച്ച താരം.