നിർഭാഗ്യമേ നിന്റെ പേരോ അനന്തപത്മനാഭൻ? വിനയായത് കുംബ്ലെയുടെ വരവോ സിലക്ടർമാരോ?
കരുമാനശേരി നാരായണയ്യർ അനന്തപത്മനാഭൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്നിനെ അങ്ങനെ വിളിക്കാം. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മത്സരങ്ങൾ നിയന്ത്രിക്കുന്ന അംപയറാണ് കെ.എൻ. അനന്തപത്മനാഭൻ. ഇന്ത്യയുടെ ഐസിസി പാനൽ അംപയർമാരുടെ പട്ടികയിലെ തിളങ്ങുന്ന നാമം. ആഴ്ചകൾക്കു മുൻപ്
കരുമാനശേരി നാരായണയ്യർ അനന്തപത്മനാഭൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്നിനെ അങ്ങനെ വിളിക്കാം. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മത്സരങ്ങൾ നിയന്ത്രിക്കുന്ന അംപയറാണ് കെ.എൻ. അനന്തപത്മനാഭൻ. ഇന്ത്യയുടെ ഐസിസി പാനൽ അംപയർമാരുടെ പട്ടികയിലെ തിളങ്ങുന്ന നാമം. ആഴ്ചകൾക്കു മുൻപ്
കരുമാനശേരി നാരായണയ്യർ അനന്തപത്മനാഭൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്നിനെ അങ്ങനെ വിളിക്കാം. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മത്സരങ്ങൾ നിയന്ത്രിക്കുന്ന അംപയറാണ് കെ.എൻ. അനന്തപത്മനാഭൻ. ഇന്ത്യയുടെ ഐസിസി പാനൽ അംപയർമാരുടെ പട്ടികയിലെ തിളങ്ങുന്ന നാമം. ആഴ്ചകൾക്കു മുൻപ്
കരുമാനശേരി നാരായണയ്യർ അനന്തപത്മനാഭൻ. ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്നിനെ അങ്ങനെ വിളിക്കാം. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മത്സരങ്ങൾ നിയന്ത്രിക്കുന്ന അംപയറാണ് കെ.എൻ. അനന്തപത്മനാഭൻ. ഇന്ത്യയുടെ ഐസിസി പാനൽ അംപയർമാരുടെ പട്ടികയിലെ തിളങ്ങുന്ന നാമം. ആഴ്ചകൾക്കു മുൻപ് ഇന്ത്യ–ഇംഗ്ലണ്ട് പരമ്പരയിലും ഏതാനും വർഷങ്ങളായി ഐപിഎല്ലിലും രഞ്ജി ട്രോഫിയടക്കമുള്ള ഒന്നാം ക്ലാസ് ക്രിക്കറ്റിലുമെല്ലാം ഈ തിരുവനന്തപുരം സ്വദേശി മത്സരങ്ങൾ പ്രശംസാർഹമായി നിയന്ത്രിച്ചു ശ്രദ്ധ നേടുന്നു. ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറും ഹർഷ ഭോഗ്‍ലെയുമടക്കമുള്ള കമന്റേറ്റർമാരെല്ലാം അനന്തന്റെ തീരുമാനങ്ങളിലെ കൃത്യതയെ വാഴ്ത്തുന്നു.
ആരാണ് അനന്തപത്മനാഭൻ? പുതിയ തലമുറയിലെ ക്രിക്കറ്റ് ആരാധകരും കളിക്കാരും തീർച്ചയായും അദ്ദേഹത്തെ അറിയണം. ക്രിക്കറ്റ് കമന്റേറ്റർമാരുടെ നാക്ക് ഉളുക്കുന്നുണ്ട് അനന്തന്റെ പേരു പറയുമ്പോൾ. ഇന്ത്യൻ കമന്റേറ്റർമാർപോലും ആ പേരു ശരിയായി ഉച്ചരിക്കാൻ പ്രയാസപ്പെടുന്നു. ഏതാനും വർഷങ്ങൾക്കു മുൻപു ഹർഷ ഭോഗ‌്‌ലെ കമന്ററിയിൽ അനന്തനെ പരിചയപ്പെടുത്തിയത് 1990ൽ വിശാഖപട്ടണത്തെ ഇന്ദിരാ പ്രിയദർശിനി സ്റ്റേഡിയത്തിൽ നടന്ന കേരള–ആന്ധ്ര രഞ്ജി ട്രോഫി മത്സര സ്കോർ ബോർഡിൽ വന്ന എൻട്രി പരാമർശിച്ചാണ്. ചെന്നൈ സൂപ്പർ കിങ്സും–കൊൽക്കട്ട നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം നിയന്ത്രിക്കുമ്പോഴായിരുന്നു ആ പരിചയപ്പെടുത്തൽ. കേരള–ആന്ധ്ര മത്സരത്തിലെ ആ എൻട്രി ഇതാണ്:
‘വി.ചാമുണ്ഡേശ്വരനാഥ് സി കെ.എൻ. ബാലസുബ്രഹ്മണ്യം ബി കെ.എൻ.അനന്തപത്മനാഭൻ’!
ഒരുപക്ഷേ, ക്രിക്കറ്റ് സ്കോർ കാർഡിൽ ഇന്നേവരെ വന്ന നീളമേറിയ എൻട്രികളിലൊന്ന്. ഇതിലെ കെ.എൻ.ബാലസുബ്രഹ്മണ്യം അനന്തപത്മനാഭന്റെ മൂത്തസഹോദരനും കേരള രഞ്ജി ടീമിന്റെ മുൻ ഓപ്പണിങ് ബാറ്റ്സ്മാനുമാണെന്നതു ഹർഷയ്ക്ക് അറിയില്ലായിരിക്കാം. എന്തായാലും 3 പേരുകളിലെയും നീളമായിരുന്നു ആ പരിചയപ്പെടുത്തലിലെ തമാശ. എന്നാൽ, ഹർഷ ഭോഗ്‌ലെ ശരിക്കും അന്നു പഠിച്ചിരുന്നോ അനന്തപത്മനാഭൻ എന്ന കായിക പ്രതിഭയെക്കുറിച്ച്? സാധ്യത വിരളം. കാരണം, അറിയുമായിരുന്നെങ്കിൽ ഹർഷ ഒരുപക്ഷേ പറയുമായിരുന്നു, ഇന്ത്യൻ ക്രിക്കറ്റിലെ നിർഭാഗ്യമാണ് ഇയാളെന്ന്.
∙ എന്തുകൊണ്ടു നിർഭാഗ്യം?
ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുക. അതും ഒരിക്കലല്ല, പല തവണ. ബാറ്റുകൊണ്ടും പന്തുകൊണ്ടുമെല്ലാമുള്ള ഓവറോൾ മികവ്. ശകതവും ഇരട്ടശതകവുമെല്ലാം സ്കോർ ചെയ്യുക. സ്ഥിരതയാർന്ന ബോളിങ് പ്രകടനങ്ങൾ. എത്ര ശക്തരായ ടീമുകൾക്കെതിരെയുമുള്ള കളിമികവ്. ഓസ്ട്രേലിയയെയും അന്നത്തെ പാക്കിസ്ഥാനെയും പോലെ ഇന്ത്യയിലെത്തിയ കൊലകൊമ്പൻ രാജ്യാന്തര ടീമുകള്‍ക്കെതിരെ പോലും അസാമാന്യ മികവ്. എന്നിട്ടും തുടർച്ചയായി തഴയപ്പെടുക. അതാണ് അനന്തപദ്മനാഭനേക്കുറിച്ചുള്ള ഏകദേശ ചിത്രം.
1988ൽ കേരള രഞ്ജി ടീമിനു വേണ്ടി ആദ്യമായിറങ്ങി. 2004 വരെ രഞ്ജി ടീമംഗം. ഇതിൽ 1991 മുതൽ 1999 വരെ എല്ലാ വർഷവും ഇന്ത്യൻ ടീമിലേക്കു സിലക്ടർമാരുടെ പരിഗണനയിലുണ്ടായിരുന്ന താരമാണ് അനന്തനെന്നതുതന്നെ ആ പ്രതിഭയുടെയും മികവിന്റെയും തെളിവാണ്. എന്നിട്ടും ഇന്ത്യൻ കുപ്പായമണിയാനായില്ല. നിർഭാഗ്യമെന്ന് അനന്തനെ വിശേഷിപ്പിച്ചതിന്റെ കാരണം അതാണ്.
∙ ക്രിക്കറ്റിലെ നേട്ടങ്ങൾ
ക്രിക്കറ്റിലെ അനന്തന്റെ പ്രകടനങ്ങളെ മനസ്സിലാക്കുന്നതിനായി ഇങ്ങനെ ചുരുക്കി വിവരിക്കാം. വിശദാംശങ്ങളും സംഭവങ്ങളും വിശകലനം ചെയ്യുന്നത് അതിനുശേഷമാകാം.
∙ 1969ൽ തിരുവനന്തപുരത്ത് ജനിച്ച അനന്തന് ഇന്ന് 51 വയസ്
∙ രഞ്ജി ട്രോഫിയിൽ ആദ്യ മത്സരം 1988 നവംബറിൽ ൈഹദരാബാദിനെതിരെ. അവസാന മത്സരം 2004 ഡിസംബറിൽ ജമ്മു കശ്മീരിനെതിരെ.
∙ ഇറാനി ട്രോഫിയിലും ദുലീപ് ട്രോഫിയിലും ദേവ്ധർ ട്രോഫിയിലും രഞ്ജി ട്രോഫിയിലും പെപ്സി ഏകദിനങ്ങളിലുമെല്ലാം പതിവായി കളിച്ചു. റെസ്റ്റ് ഓഫ് ഇന്ത്യ, ബോർഡ് പ്രസിഡന്റ്സ് ഇലവൻ, ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണമേഖല, കേരളം തുടങ്ങി വിവിധ ടീമുകളിൽ അംഗം.
∙ 105 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 27.54 റൺശരാശരിയിൽ 344 വിക്കറ്റുകൾ. ഒരു ഇന്നിങ്സിൽ 5 വിക്കറ്റ് നേട്ടം 25 തവണ. മത്സരത്തിൽ 10 വിക്കറ്റ് നേട്ടം 5 തവണ. മികച്ച ബോളിങ് 57ന് 8 വിക്കറ്റ്. ഇത്രതന്നെ മത്സരത്തിൽ 21.90 ശരാശരിയിൽ 2,891 റൺസ്. ഒരു ഇരട്ട സെഞ്ചുറി, 3 സെഞ്ചുറി, 8 അർധശതകങ്ങൾ. മികച്ച സ്കോർ 200 റൺസ് (രഞ്ജി ട്രോഫിയിൽ കട്ടക്കിൽ ഒഡീഷയ്ക്കെതിരെ).
∙ റെസ്റ്റ് ഓഫ് ഇന്ത്യ, ബോർഡ് പ്രസിഡന്റ്സ് ഇലവൻ, ഇന്ത്യ എ, ഇന്ത്യ ബി തുടങ്ങിയ ടീമുകൾക്കായി കളിക്കുന്ന ലിസ്റ്റ്–എ മത്സരങ്ങളിൽ 54 മത്സരങ്ങൾ. 19.31 റൺ ശരാശരിയിൽ 87 വിക്കറ്റുകൾ, 5 വിക്കറ്റ് നേട്ടം 2 തവണ. മികച്ച പ്രകടനം 38ന് 5, 14.9 എന്ന ശരാശരിയിൽ 493 റൺസ്.
∙ ചാലഞ്ചർ ട്രോഫിയിലെ 5 വിക്കറ്റ്
1997–98 കാലഘട്ടം. ഇന്ത്യ മികച്ചൊരു സ്പിന്നറെക്കൂടി ടീമിലേക്കു പരിഗണിക്കുന്ന കാലം. ടീം സിലക്ഷനു മുന്നോടിയായി ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ സീനിയേഴ്സ്, ഇന്ത്യ എ, ഇന്ത്യ ബി ടീമുകൾ മത്സരിക്കുന്നു. ലെഗ് സ്പിന്നർമാരായ അനിൽ കുംബ്ലെയും അനന്തപത്മനാഭനും ഇന്ത്യ ബിയിലാണ്. സീനിയേഴ്സിനെതിരായ മത്സരത്തില്‍ അനന്തന്റെ മികവുറ്റ ബോളിങ് പ്രകടനം. അമോൽ മജുംദാർ, അജയ് ജഡേജ, റോബിൻ സിങ്, രാജേഷ് ചൗഹാൻ, ഹർവീന്ദർ സിങ് എന്നിവരുടെ വിക്കറ്റുകൾ കീശയിലാക്കിയ 5 വിക്കറ്റ് നേട്ടം. ഇന്ത്യ ബിയെ വിജയിപ്പിച്ച പ്രകടനം.
എന്നാൽ ടീമിലേക്കു കയറിയതു സായ്‌രാജ് ബഹുതുലെയെന്ന മുംബൈ ലെഗ് സ്പിന്നർ. സായ്‍രാജിനു ബാറ്റിങ് മികവുകൂടിയുണ്ടെന്നാണ് അന്നു ദേശീയ ടീം സിലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന രമാകാന്ത് ദേശായി ഈ ലേഖകനോടു മധ്യപ്രദേശിലെ ഇൻഡോറിൽവച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത്. ആ അഭിമുഖത്തിന് ഏതാനും ദിവസം മുൻപാണ് അനന്തപത്മനാഭൻ പുണെയിൽ മഹാരാഷ്ട്രയ്ക്കെതിരെ പുറത്താകാതെ 161 റൺസ് സ്കോർ ചെയ്തത്. ഏതാനും ദിവസത്തിനു ശേഷമാണു കട്ടക്കിൽ ഒറീസയ്ക്കെതിരെ 200 റൺസ് അടിച്ചത്. എന്നിട്ടും അനന്തനു ബാറ്റിങ് മികവില്ലെന്നു സിലക്ഷൻ കമ്മിറ്റി വിലയിരുത്തിയത് ഞെട്ടിക്കുന്നതായിരുന്നു.
∙ പാക്കിസ്ഥാനെതിരെ 5 വിക്കറ്റ്
അനിൽ കുംബ്ലെയ്‌ക്കൊപ്പം മികവുറ്റൊരു സ്പിന്നറെക്കൂടി ഇന്ത്യ തേടുന്ന കാലത്തുതന്നെയാണ് 1999 ഫെബ്രുവരിയിൽ കൊച്ചിയിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ബോർഡ് പ്രസിഡന്റ്സ് ഇലവൻ പാക്കിസ്ഥാനെതിരെ ത്രിദിന മത്സരത്തിനിറങ്ങിയത്. അനന്തനുമുണ്ടായിരുന്നു ടീമിൽ. ബോളിങ് മികവിൽ മിന്നിനിൽക്കുന്ന അനന്തന് അന്ന് ആദ്യ ഇന്നിങ്സിൽ എറിയാൻ കിട്ടിയതു 11 ഓവർ മാത്രം. എന്നിട്ടും പാക്കിസ്ഥാന്റെ ലോകോത്തര താരം യൂസഫ് യൊഹാനയുടെ (പിന്നീട് മുഹമ്മദ് യൂസഫായി) വിക്കറ്റ് അനന്തൻ കീശയിലാക്കി.
രണ്ടാം ഇന്നിങ്സ്. പാക്ക് ഓപ്പണർ സഈദ് അൻവർ അടിച്ചുതകർക്കുന്നു. 99 റൺസിൽ നിൽക്കുന്ന അൻവർ അനന്തന്റെ പന്തിൽ പുറത്ത്. വജാത്തുല്ല വസ്തി (88), ഇൻസമാം ഉൽ ഹഖ്, മോയിൻ ഖാൻ, അസ്ഹർ മഹ്മൂദ് എന്നിവരും അനന്തന്റെ ഇരകളായി. ആ ഇന്നിങ്സിൽ പാക്കിസ്ഥാനു നഷ്ടമായത് 7 വിക്കറ്റുകൾ മാത്രം. അതിൽ അഞ്ചും അനന്തന്. പാക്കിസ്ഥാനെതിരെ സമനില നേടിയ ആ പ്രകടനവും അനന്തന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നുകൊടുത്തില്ല.
1998 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെയും മികച്ച പ്രകടനം കാഴ്ചവച്ചു അനന്തൻ. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ഡാറൻ ലേമാൻ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയായിരുന്നു മികവ്.
∙ 344 വിക്കറ്റ് അത്ര വലിയ കാര്യമോ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 344 വിക്കറ്റ് നേട്ടം അത്ര വലിയ കാര്യമോ എന്നു ചിന്തിക്കുന്നവർ ഇന്നുണ്ടായേക്കാം. കേരളത്തിനായി രഞ്ജി ട്രോഫിയിൽ 200 വിക്കറ്റും 2000 റൺസും തികച്ച ആദ്യ ഓൾറൗണ്ടറാണ് അനന്തൻ. ഈ നേട്ടങ്ങൾ ആർക്കെല്ലാമെതിരാണെന്നറിയുമ്പോഴാണ് അതിന്റെ മഹത്വം മനസ്സിലാക്കാനാകുക. കേരളം ഉൾപ്പെടുന്നത് ഇന്ത്യൻ ക്രിക്കറ്റിലെ കൊമ്പൻമാരായ കർണാടകയും ഹൈദരാബാദും തമിഴ്നാടും ഉൾപ്പെട്ട ദക്ഷിണമേഖലയിലായിരുന്നു.
രാഹുൽ ദ്രാവിഡ്, സുജിത് സോമസുന്ദർ, വിജയ് ഭരദ്വാജ്, ജവഗൽ ശ്രീനാഥ്, അനിൽ കുംബ്ലെ, സുനിൽ ജോഷി, വെങ്കടേഷ് പ്രസാദ്, ദൊഡ്ഡ ഗണേഷ് തുടങ്ങിയ ദേശീയതാരങ്ങളുൾപ്പെട്ട കർണാടക. ശ്രീകാന്ത്, വി.ബി.ചന്ദ്രശേഖർ, ഡബ്ല്യു.വി.രാമൻ, റോബിൻ സിങ്. സദഗോപൻ രമേഷ് തുടങ്ങിയവരുടെ തമിഴ്നാട്. വി.വി.എസ്.ലക്ഷ്മൺ, മുഹമ്മദ് അസ്ഹറുദ്ദീൻ, വെങ്കടപതി രാജു, അർഷദ് അയൂബ്, നോയൽ ഡേവിഡ് തുടങ്ങിയവരുടെ ഹൈദരാബാദ്. അത്തരം ടീമുകൾക്കെതിരായ പ്രകടനമികവിലൂടെ വിയർത്തുണ്ടാക്കിയ നേട്ടമായിരുന്നു അനന്തന്റേത്.
∙ കുംബ്ലെയും ഹിർവാനിയും
നരേന്ദ്ര ഹിർവാനിയും പിന്നീട് അനിൽ കുംബ്ലെയും ഇന്ത്യൻ ടീമിനായി നിറഞ്ഞുകളിച്ച കാലത്താണ് അനന്തപത്മനാഭൻ ദേശീയ സിലക്ഷൻ കമ്മിറ്റിയുടെ പരിഗണനയിൽ വന്നിരുന്നത്. പലപ്പോഴും ആ പേരുകൾക്കു കൂടിയ പരിഗണന ലഭിച്ചു. മാത്രമല്ല, ഇന്ത്യൻ ടീം സിലക്ഷനിൽ പ്രാദേശിക പക്ഷാഭേദങ്ങളും ക്വോട്ട സമ്പ്രദായവും സജീവമെന്ന ആരോപണം അക്കാലത്തു ശക്തമായിരുന്നു. എന്തായാലും അതെല്ലാം അനന്തന്റെ നിർഭാഗ്യങ്ങളായി.
ഒരു ലെഗ് സ്പിന്നർ ഉള്ളപ്പോൾ രണ്ടാമതൊരാൾ വേണ്ടെന്ന തീരുമാനം അന്നു ശക്തമായിരുന്നു. സ്വാഭാവികമായും സിലക്ഷൻ ഒരു ഓഫ് സ്പിന്നർക്കു പോകും. എന്നാൽ ഒരേപോലെ വിക്കറ്റുകളെടുക്കുന്ന രണ്ടു ലെഗ് സ്പിന്നർമാരുണ്ടെങ്കിൽ അതല്ലേ നല്ലത് എന്നൊന്നും അന്നാരും ചോദിച്ചു കാണില്ല. അങ്ങനെയൊരു ചോദ്യമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ, അനന്തനു നറുക്കു വീഴുമായിരുന്നോ? ആർക്കറിയാം.
∙ ആത്മവിശ്വാസത്തിന്റെ കൂട്ടുകാരൻ
അനന്തപത്മനാഭൻ എന്ന പ്രതിഭയിലെ ആത്മവിശ്വാസം ഏറെ അടുത്തുനിന്നു കാണാൻ ഭാഗ്യമുണ്ടായിട്ടുണ്ട് ഒരു ക്രിക്കറ്റ് റിപ്പോർട്ടർ എന്ന നിലയിൽ. പുണെ നെഹ്റു സ്റ്റേഡിയത്തിൽ അനന്തപത്മനാഭൻ മഹാരാഷ്ട്രയ്ക്കെതിരെ പുറത്താകാതെ നേടിയ 161 റൺസും കട്ടക്കിൽ ഒറിസയ്ക്കെതിരെ നേടിയ 200 റൺസും നേരിട്ടു കാണാൻ ഭാഗ്യമുണ്ടായി.
മഹാരാഷ്ട്രയ്ക്കെതിരായ രണ്ടാം ഇന്നിങ്സിലായിരുന്നു 324 പന്തിൽ 17 ബൗണ്ടറിയോടെ അനന്തന്റെ 161 റൺസ് നേട്ടം. ഇടയ്ക്ക് ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള ഇഖ്ബാൽ സിദ്ദീഖി, ഋഷികേശ് കനിത്കർ, മിലിന്ദ് കുൽക്കർണി, സുരേന്ദർ ഭാവെ തുടങ്ങിയവരുൾപ്പെട്ട ബോളിങ് നിര. കേരളം പരാജയം നേരിടുന്ന ഘട്ടം. ഫിറോസ് വി.റഷീദ് ആയിരുന്നു കേരള നായകൻ. സമീപകാലത്ത് അന്തരിച്ച എ.സത്യേന്ദ്രനായിരുന്നു കോച്ച്. രണ്ടാം ഇന്നിങ്സ് കേരളം തുടങ്ങിയപ്പോൾ ഏതാനും ഓവറുകളേ അന്നു ശേഷിച്ചിരുന്നുള്ളൂ.
അന്നു നൈറ്റ് വാച്ച്മാനായി പാഡണിയാൻ സത്യേന്ദ്രൻ അനന്തപത്മനാഭനോടു നിർദേശിച്ചു. അനന്തൻ അന്ന് അതിനൊരു ഉപാധി കോച്ചിനുമുന്നിൽവച്ചു. ‘സർ, ഞാൻ പാഡ് ചെയ്യാം. എന്നാൽ, ഇന്നു കളി തീരും മുൻപു വിക്കറ്റൊന്നും വീണില്ലെങ്കിലും നാളെ രാവിലെ ആദ്യ വിക്കറ്റ് വീഴുമ്പോൾ ഞാൻ തന്നെ ബാറ്റിങ്ങിനിറങ്ങും. സമ്മതമാണെങ്കിൽ ഇപ്പോൾ പാഡ് ചെയ്യാം’– അനന്തന്റെ ആത്മവിശ്വാസത്തിന് ‘യെസ്’ പറയാനേ സത്യേന്ദ്രനു സാധിച്ചുള്ളൂ. സാധാരണ നിലയിൽ നൈറ്റ് വാച്ച്മാൻ തലേന്നു ബാറ്റിങ്ങിനിറങ്ങിയില്ലെങ്കിൽ പിറ്റേന്നു പതിവു ബാറ്റിങ് ഓർഡറിലുള്ളയാൾതന്നെ അടുത്തതായി ബാറ്റിങ്ങിനിറങ്ങും. ആ പതിവിലാണ് അനന്തൻ മാറ്റം ചോദിച്ചത്. അന്ന് അനന്തനു ബാറ്റിങ്ങിനിറങ്ങേണ്ടിവന്നില്ല.
പിറ്റേന്നു രാവിലെ കേരളത്തിന്റെ ഓപ്പണർ എസ്.ശങ്കർ പുറത്തായപ്പോൾ അനന്തൻ വൺഡൗണായി ഇറങ്ങി. സഹോദരൻ കെ.എൻ. ബാലസുബ്രഹ്മണ്യമായിരുന്നു കൂട്ടിന്. 356 എന്ന സ്കോറിൽ രോഹിത് മഹേന്ദ്രയെന്ന പത്താമൻ പുറത്താകുമ്പോഴും അനന്തപത്മനാഭൻ നിശ്ചയദാർഢ്യത്തോടെ പുറത്താകാതെ മറുപുറത്തുണ്ടായിരുന്നു. ടീമിന്റെ പരാജയം വൈകിക്കാനേ അന്ന് അനന്തന്റെ ഇന്നിങ്സിനു സാധിച്ചുള്ളൂ. മഹാരാഷ്ട്ര കേരളത്തിനെതിരെ വിജയം നേടി.
അനന്തനിലുള്ള ‘വണ്‍ഡൗൺ’ വിശ്വാസം ഫിറോസ് വി.റഷീദും സത്യേന്ദ്രനും ഒഡീഷയ്ക്കെതിരെ കട്ടക്കിലും തുടർന്നു. മൂന്നാമനായി ഇറങ്ങിയ അനന്തൻ കരിയറിലെ മികച്ച ബാറ്റിങ് പ്രകടനത്തോടെ 200 റൺസ് നേടി. 483 പന്തിൽ 22 ബൗണ്ടറികൾ നിറംചാർത്തിയ ഇന്നിങ്സ്. കേരളം ദക്ഷിണമേഖലാ ജേതാക്കളായി സൂപ്പർ ലീഗിൽ പ്രവേശിച്ച 1997ലായിരുന്നു ഈ പ്രകടനങ്ങളെല്ലാം. കേരളത്തിനായി ദക്ഷിണമേഖലാ മത്സരങ്ങളിൽ 38 വിക്കറ്റ് നേടിയ പ്രകടനത്തിനും ‘ദേശീയ അംഗീകാരം’ ലഭിക്കാതെ പോയി.
ഇന്ത്യൻ ക്രിക്കറ്റിലെ നവാബ് എന്നറിയപ്പെടുന്ന മൻസൂർ അലി ഖാൻ പട്ടൗഡി ഒരിക്കൽ എഴുതി, ‘ കേരളത്തിൽനിന്നുള്ള ഒരു ബോളിങ് പ്രതിഭയെ ഞാൻ കാണുന്നു. അനന്തപത്മനാഭൻ എന്നാണു പേര്. ശക്തരായ ഹൈദരാബാദിനും തമിഴ്നാടിനുമെല്ലാമെതിരെ വിക്കറ്റ് നേട്ടം കൊയ്യുകയാണ് ആ യുവാവ്’– അംഗീകാരങ്ങൾ അത്തരം പ്രശസ്തരുടെ വാക്കുകളായാണ് അനന്തനെ തേടിയെത്തിയത്.
അനന്തൻ ആത്മാർപ്പണത്തിന്റെ പ്രതീകമാണെന്നു പറയുന്നു കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ സെക്രട്ടറിയും പ്രമുഖ ക്രിക്കറ്റ് സംഘാടകനുമായ എസ്.ഹരിദാസ്. എറിയുന്ന ഓരോ പന്തിലും ആ പ്രതിഭയും ആത്മാർഥതയും ദൃശ്യയിരുന്നു. അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം കിട്ടാതിരുന്നതു നിർഭാഗ്യകരമായിരുന്നു. അനിൽ കുംബ്ലെ ഇന്ത്യൻ ടീമിൽ തിളങ്ങിനിന്നതിനാലാണ് അനന്തന് ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരുന്നത് എന്നൊരു വാദമുണ്ട്. അതിനോടു വ്യക്തിപരമായി എനിക്കു യോജിപ്പില്ല. ഐപിഎല്ലെല്ലാം സജീവമായ ഈ കാലഘട്ടത്തിലാണ് അനന്തൻ കളിച്ചിരുന്നതെങ്കിൽ തീർച്ചയായും അദ്ദേഹം ഇന്ത്യക്കായി കളിക്കുമായിരുന്നു–ഹരിദാസ് പറയുന്നു.
ഇപ്പോഴിതാ ഏറെ പ്രയത്നവും ഗൃഹപാഠവുമെല്ലാമാവശ്യമായ ഫീൽഡ് അംപയറുടെ കുപ്പായത്തിൽ അനന്തൻ രാജ്യാന്തരതലത്തിൽതന്നെ തിളങ്ങിത്തുടങ്ങുന്നു. പഠനവും പരിശീലനവും പരീക്ഷകളുമെല്ലാം കടന്നെത്തിയ അംപയർപദത്തിൽ അനന്തനു തിളങ്ങാനാകും. കാരണം ഈ പദവി ആവശ്യപ്പെടുന്നതിലധികം ക്രിക്കറ്റ് അനുഭവമുണ്ട് അദ്ദേഹത്തിന്. ഏതു രംഗത്തായാലും തിളക്കം ഉറപ്പാണ്. കാരണം അനന്തൻ ഒരു പ്രതിഭയാണ്.
∙ പരിഭവങ്ങളില്ലാതെ
പരിഭവങ്ങളും പരാതികളും പറയാനാണെങ്കിൽ അനന്തപത്മനാഭന് ഒരുപാടുണ്ടാകും കഥകൾ. പക്ഷേ, ഒരിക്കൽപോലും നിരാശയോ പരാതികളോ പ്രകടിപ്പിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. മികച്ച പ്രകടനങ്ങൾക്കിടയിലും ഒരു വർഷത്തേക്കു കെസിഎ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യവുമുണ്ടായി. പലപ്പോഴായി ചോദിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ചൊന്നും പ്രതികരിച്ചിരുന്നില്ല അനന്തൻ. ദൈവം തനിക്കായി എന്തു കൽപിച്ചിട്ടുണ്ടോ അതു ലഭിക്കും എന്ന പ്രതികരണത്തിലൊതുക്കിയിരുന്നു എല്ലാം.
കളിക്കളത്തിലെ മഹത്വം വ്യക്തിജീവിതത്തിലും പുലർത്തുന്ന കുലീനതയാണ് അനന്തന്റെ സ്വഭാവത്തിലെ സവിശേഷത. ഉപദ്രവിച്ചവരെപ്പോലും കുറ്റംപറയാത്ത പ്രകൃതം. വാക്കുകളിൽ തെളിയുന്ന വിനയം. ‘നമിക്കിൽ ഉയരാം നടുകിൽ തിന്നാം ’ എന്നെഴുതിയ മഹാകവിയുടെ നാട്ടുകാരനാണല്ലോ അദ്ദേഹം.
English Summary: Life Story of Former Cricketer and ICC Umpire K. N. Ananthapadmanabhan