ധോണിക്കു ‘ടിപ്സ്’ കൊടുത്ത തല; ചെന്നൈയെ നയിക്കാൻ ഇനി ഈ യുവതാരം?
മഹേന്ദ്ര സിങ് ധോണിയുടെ വിടവാങ്ങൽ പ്രഖ്യാപനം കൂടി പ്രതീക്ഷിച്ചാകും ഐപിഎൽ കിരീടധാരണത്തിൽ കണ്ണുംനട്ടു പലരും പാതിരാത്രിയിൽ ടെലിവിഷനു മുന്നിലിരുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയർന്ന ടീമിനു നാലാം കിരീടവും സമ്മാനിച്ചു ‘തല’ കളമൊഴിയുമെന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ പോലും കരുതിയിട്ടുണ്ടാകും. ദുബായ്
മഹേന്ദ്ര സിങ് ധോണിയുടെ വിടവാങ്ങൽ പ്രഖ്യാപനം കൂടി പ്രതീക്ഷിച്ചാകും ഐപിഎൽ കിരീടധാരണത്തിൽ കണ്ണുംനട്ടു പലരും പാതിരാത്രിയിൽ ടെലിവിഷനു മുന്നിലിരുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയർന്ന ടീമിനു നാലാം കിരീടവും സമ്മാനിച്ചു ‘തല’ കളമൊഴിയുമെന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ പോലും കരുതിയിട്ടുണ്ടാകും. ദുബായ്
മഹേന്ദ്ര സിങ് ധോണിയുടെ വിടവാങ്ങൽ പ്രഖ്യാപനം കൂടി പ്രതീക്ഷിച്ചാകും ഐപിഎൽ കിരീടധാരണത്തിൽ കണ്ണുംനട്ടു പലരും പാതിരാത്രിയിൽ ടെലിവിഷനു മുന്നിലിരുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയർന്ന ടീമിനു നാലാം കിരീടവും സമ്മാനിച്ചു ‘തല’ കളമൊഴിയുമെന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ പോലും കരുതിയിട്ടുണ്ടാകും. ദുബായ്
മഹേന്ദ്ര സിങ് ധോണിയുടെ വിടവാങ്ങൽ പ്രഖ്യാപനം കൂടി പ്രതീക്ഷിച്ചാകും ഐപിഎൽ കിരീടധാരണത്തിൽ കണ്ണുംനട്ടു പലരും പാതിരാത്രിയിൽ ടെലിവിഷനു മുന്നിലിരുന്നത്. ഫീനിക്സ് പക്ഷിയെപ്പോലെ ചിറകടിച്ചുയർന്ന ടീമിനു നാലാം കിരീടവും സമ്മാനിച്ചു ‘തല’ കളമൊഴിയുമെന്നു ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ പോലും കരുതിയിട്ടുണ്ടാകും. ദുബായ് സ്പോർട്സ് കോംപ്ലക്സിൽ കിരീടക്കൈമാറ്റത്തിനും മുൻപേ ഹർഷ ഭോഗ്‌ലെയുടെ നാവിൽ നിന്നുമെത്തി അത്തരമൊരു സൂചനയുണർത്തിയ വാക്കുകൾ.
“ഇനി ക്യാമറയ്ക്കു നേരെ തിരിഞ്ഞുനിന്ന് ആരാധകരോടു താങ്കൾക്കു പറയാനുള്ളതു പറയൂ" – ഫ്രാഞ്ചൈസി ഭേദമെന്യേ ക്രിക്കറ്റ് ആരാധകർക്കു പതിനാലാം ഐപിഎലിന്റെ കലാശപ്പോരാട്ടത്തെക്കാൾ പിരിമുറക്കം സമ്മാനിച്ചിരിക്കും ധോണിയോടു ഹർഷ ഈ ആവശ്യം ഉന്നയിച്ച നിമിഷം. പക്ഷേ, കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയതു പോലൊരു പ്രഖ്യാപനം മറുപടിയായി ധോണിയിൽ നിന്നുണ്ടായില്ല.
അതോടെ, ആരാധകർക്കു വേണ്ടിയെന്ന മുഖവുരയോടെ ഹർഷ ഭോഗ്‌ലെയുടെ നേരിട്ടുള്ള ചോദ്യം– അടുത്ത വർഷവും തിരിച്ചെത്തുമോ? നേരിട്ടൊരു ഉത്തരത്തിന് ഇടവും വലവും നൽകാതെ വാക്കുകൊണ്ടും ചിരി കൊണ്ടുമൊരു ‘ഡിപ്ലോമാറ്റിക്’ റോളിലായിരുന്നു ക്യാപ്റ്റന്റെ പ്രതികരണം.. വിടവാങ്ങലിനെ തൊട്ടും തൊടാതെയും ഭാവിടീമിന്റെ സാധ്യതകളിലൂടെയാണു ധോണിയുടെ വാക്കുകൾ സഞ്ചരിച്ചത്.
ഒടുവിൽ, ഒരു ദശകത്തിലേറെ നീണ്ട യാത്രയിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി വിജയപൈതൃകം സൃഷ്ടിച്ചു കടന്നു പോകുന്നതിൽ താങ്കൾക്ക് അഭിമാനിക്കാമെന്ന ഹർഷയുടെ ഉപസംഹാരം. എന്നാൽ ഹർഷ ഭോഗ്‌ലെ അതു പൂർത്തിയാക്കും മുൻപേ ചെന്നൈ നായകന്റെ ഇടപെടലെത്തി – “പക്ഷേ, ഞാൻ അത് ഉപേക്ഷിച്ചിട്ടില്ല”.
∙ ചെന്നൈയ്ക്കും തലൈവനും മുന്നിൽ ഇനി?
ഐസിസി ട്വന്റി20 ലോകകപ്പും കഴിഞ്ഞു പുതുവർഷം പിറക്കുന്നതോടെ ഐപിഎലിന്റെ പതിനഞ്ചാമൂഴം ശരവേഗത്തിൽ ഇങ്ങെത്തും. കിരീടാവകാശികളായ ചെന്നൈ സൂപ്പർ കിങ്സിനും നിലവിലെ എതിരാളികൾക്കുമൊപ്പം പുതിയ രണ്ടു ടീമുകൾ കൂടി ഇനി ലീഗിലുണ്ടാകും. അതോടെ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തിലടക്കം പഴയ പല പേരുകളും മായും. പുതിയ പേരുകൾ തെളിയും. മഹേന്ദ്ര സിങ് ധോണിയെന്ന നാൽപ്പത്തിയൊന്നുകാരൻ ക്രിക്കറ്റർക്ക് അന്ന് ഇതിലെവിടെയാകും സ്ഥാനമെന്നറിയാൻ അടുത്ത താരലേലം വരെയെങ്കിലും കാത്തിരിക്കേണ്ടിവരും.
ഒന്നുകിൽ ചെന്നൈ തങ്ങളുടെ ചാണക്യനെ റീട്ടെൻഷൻ താരങ്ങളിലൊരാളായി നിലനിർത്തും. അല്ലെങ്കിൽ വീണ്ടും താരലേലത്തിനു വിട്ടു നൽകി വീണ്ടും വിളിച്ചെടുക്കും. അതുമല്ലെങ്കിൽ പ്ലേയിങ് റോളിലെ കരിയർ അവസാനിപ്പിച്ചു ധോണി ചെന്നൈയുടെ തനി ‘നോൺ പ്ലേയിങ് ക്യാപ്റ്റൻ’ ആയേക്കും. തലൈവർ റോളിൽ എംഎസ്ഡി വീണ്ടും അവതരിച്ചാലും ഇല്ലെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന്റെ അടുത്ത നായകൻ ആരാണെന്ന ചർച്ചകൾ സജീവമായിക്കഴിഞ്ഞു.
‘തല’ മാറിയാൽ നായകനായും ഒരുവട്ടം കൂടി തുടർന്നാൽ ‘ചിന്നത്തല’ റോളിലും ആരെത്തുമെന്ന ആലോചനകളിലും കൂടിയാണു ചെന്നൈ ആരാധകവൃന്ദത്തിന്റെ കിരീടാഘോഷം. വിശ്വസ്ത താരം ഫാഫ് ഡുപ്ലസിയും ഓൾ ഇൻ ഓൾ താരം രവീന്ദ്ര ജഡേജയുമെല്ലാം ധോണിക്കു പിൻഗാമിയാകാനുള്ള സാധ്യതകളിലെ താരസാന്നിധ്യങ്ങളാണ്.
ദുബായിലെ ഫൈനലിനു ശേഷം ധോണി വ്യക്തമാക്കിയതുപോലെ ഒരു ദശകം മുഴുവൻ നീണ്ടുനിൽക്കുന്നൊരു സഞ്ചാരമാണു ടീമിന്റെ ലക്ഷ്യമെങ്കിൽ ദീർഘകാലത്തേയ്ക്കൊരു ‘ക്യാപ്റ്റൻ പ്ലാനും’ സൂപ്പർ കിങ്സിനുണ്ടാകും. വ്യക്തമായൊരു പദ്ധതിയൊരുക്കി അതു നടപ്പാക്കാൻ ശീലിച്ചവരാണ് ഈ ടീം. കളത്തിനകത്തും പുറത്തും അതിനു മാറ്റമുണ്ടാകില്ല. 2008 ൽ ധോണി തുടങ്ങിവച്ച പോലൊരു ജൈത്രയാത്രയ്ക്കാണു സൂപ്പർ കിങ്സ് ഒരുങ്ങുന്നതെങ്കിൽ ‘തല മുതിർന്ന’ താരങ്ങൾക്കു പുറമേ നിന്നും കപ്പിത്താന്റെ വിളിയെത്തിയേക്കും.
പണ്ടു ബംഗ്ലദേശിനെതിരെ ദക്ഷിണാഫ്രിക്കയെയും നയിച്ചു ഇരുപത്തിരണ്ടാം വയസ്സിൽ ഗ്രേയം സ്മിത്ത് രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച പോലൊരു അപ്രതീക്ഷിത നായകപ്രവേശം ചെന്നൈ കൂടാരത്തിൽ നിന്നും പ്രതീക്ഷിക്കാം. ഇരുപത്തിയാറാം വയസ്സിൽ ടീം ഇന്ത്യയുടെ നായകതൊപ്പി ധരിച്ച തലയെടുപ്പുമായി സൂപ്പർ കിങ്സിന്റെ ‘തല’യായി മാറിയ ധോണിക്കു പകരക്കാരനാകാൻ പോന്ന യുവതാരം ആരാകും? ഒരുപക്ഷേ, ധോണിതന്നെ ഇതിനകം കണ്ടെത്തിയിരിക്കും ഇതിനുള്ള ഉത്തരം.
∙ ചെന്നൈയുടെ പുതിയ രക്ഷകൻ
“മഹീഭായ്, ആന്ദ്രേ റസ്സൽ സ്കൂപ്പ് ഷോട്ടോ പാഡ്ൽ സ്വീപ്പോ ഒന്നും കളിക്കാറില്ല. നമ്മൾ ഷോർട് ഫൈൻ ലെഗ് ഒഴിവാക്കേണ്ടിയിരുന്നു. പകരം ഡീപ് സ്ക്വയർ ലെഗ്ഗിൽ ഒരാളെ ഇടണമായിരുന്നു ” – രണ്ടു സീസണുകൾക്കു മുൻപ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തിനിടയിൽ ക്യാപ്റ്റൻ എം.എസ്. ധോണിയോട് ഇരുപത്തിയൊന്നു വയസ്സ് മാത്രമുള്ളൊരു സഹതാരം പങ്കുവച്ച ‘ടിപ്സ്’ ആണിത്. ആ പറഞ്ഞതെല്ലാം നൂറു ശതമാനവും ശരിയെന്നു തെളിച്ചു അന്നത്തെ റസ്സൽ ഇന്നിങ്സിന്റെ വിലയിരുത്തൽ. ചെന്നൈയ്ക്കെതിരെ വിൻഡീസ് ഓൾറൗണ്ടർ പുറത്താകാതെ നേടിയത് 50 റൺസ്. അഞ്ചു ഫോറും മൂന്നു സിക്സറുകളും പായിച്ച റസ്സൽ അതെല്ലാം നേടിയതു ലോങ് ഓഫിനും ഡീപ് സ്ക്വയർ ലെഗ്ഗിനും ഇടയിലൂടെയാണ്. റസ്സലിന്റെ ബാറ്റിൽ നിന്നു വിക്കറ്റിനു പിന്നിലൂടെ ഒരു ഷോട്ട് പോലും വന്നില്ല.
ഐപിഎലിൽ ഒരു മത്സരത്തിന്റെ പോലും പരിചയസമ്പത്തില്ലാതെയാണ് ടീമിന്റെ ഭാഗമായി അധികം നാൾ പോലുമായിട്ടില്ലാത്ത ആ യുവ ബാറ്റ്സ്മാൻ തന്റെ ഉഗ്രപ്രതാപിയായ ക്യാപ്റ്റനു മുന്നിൽ ആശയം പങ്കുവച്ചത്. ‘താർ മരുഭൂമിയിലേക്കു മണൽ ഇറക്കുന്നോ’ എന്ന മട്ടിലുള്ള പ്രതീതി തോന്നിപ്പിക്കുന്ന ഉപദേശവുമായി ഇന്ത്യൻ മണ്ണിലേക്കു രണ്ടു ലോകകപ്പ് കിരീടം ഇറക്കിയ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ മുന്നിലെത്താൻ ധൈര്യം കാണിച്ച ആ യുവതാരത്തെ ഇന്നു ലോകം മുഴുവനും അറിയും – ഐപിഎൽ കിരീടപ്പോരാട്ടത്തിലെ ചെന്നൈയുടെ നാലാം പടയോട്ടത്തിനു മുന്നണിയിൽ നിന്ന, പതിനാലാം സീസണിൽ ബാറ്റ് കൊണ്ടു വിസ്മയം തീർത്ത ഋതുരാജ് ദശരഥ് ഗെയ്‌ക്‌വാദ്.
ഇന്ത്യയിലും അറേബ്യൻ മണ്ണിലുമായി നടന്ന ഈ ഐപിഎലിനു കളമൊഴിയുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ സൂപ്പർ താരമാകുകയാണ് ഋതുരാജ് ഗെയ്‌ക്‌വാദ്. ഒരു സെഞ്ചുറിയും 4 അർധ സെഞ്ചുറിയും ഉൾപ്പെടെ 16 മത്സരങ്ങളിൽ നിന്നായി 635 റൺസ് വാരിക്കൂട്ടിയാണീ വലംകയ്യൻ ബാറ്റ്സ്മാൻ സീസണിലെ ടോപ് സ്കോറർ ആയത്. 45.35 റൺസ് ശരാശരിയോടെ 136.26 എന്ന കനപ്പെട്ട സ്ട്രൈക്ക് റേറ്റിലാണ് ഇരുപത്തിനാലുകാരനായ ഓപ്പണിങ് താരം ബാറ്റ് വീശിയത്. ഒന്നര പതിറ്റാണ്ടിന്റെ കണക്കുപുസ്തകത്തിലേയ്ക്കു കടക്കുന്ന ടൂർണമെന്റിൽ ടോപ് സ്കോറർക്കുള്ള ഓറഞ്ച് ക്യാപ് അണിയുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്ററാണ് ഋതുരാജ്.
പരിചയസമ്പന്നനായ രാജ്യാന്തര താരം ഡുപ്ലസിക്കൊപ്പം ചേർന്നു നവാഗതനായ ഋതുരാജ് നൽകിയ മിന്നുന്ന തുടക്കങ്ങളാണു ചെന്നൈയെ വീണ്ടും ഐപിഎലിലെ രാജാവാക്കി മാറ്റിയത്. ഈ സീസണിൽ സൂപ്പർ കിങ്സ് ടീമൊന്നടങ്കം നേടിയ റൺസിന്റെ 53 ശതമാനവും ഓപ്പണിങ് ജോടിയുടെ ബാറ്റിങ് കരുത്തിൽ പിറന്നതാണ്. ഐപിഎലിലെ ആദ്യ മുഴുനീള സീസൺ മാത്രം കളിക്കുന്ന ഗെയ്‌ക്‌വാദ് സൂപ്പർ കിങ്സ് സംഘത്തിൽ നിന്നു 600 റൺസ് ക്ലബ്ബിൽ ഇടം നേടിയ മൂന്നാമത്തെ ബാറ്റ്സ്മാൻ മാത്രമാണ്. ഓസ്ട്രേലിയയുടെ ‘മിസ്റ്റർ ക്രിക്കറ്റ്’ ആയ മൈക്ക് ഹസ്സിയും അമ്പട്ടി റായുഡുവും മാത്രമേ ചെന്നൈയുടെ പേരുകേട്ട താരനിരയിൽ നിന്നു ഗെയ്‌ക്‌വാദിനു മുൻപ് ഒറ്റ സീസണിൽ 600 റൺസ് സ്കോർ ചെയ്ത റൺവേട്ട നടത്തിയിട്ടുള്ളൂ.
∙ ചിന്നത്തല കാണുന്നു, ‘പുതിയ തല’
സ്വന്തം കൂടാരത്തിലെത്തുന്ന താരത്തിളക്കങ്ങളെ എക്കാലവും ചേർത്തു നിർത്തുന്ന നയമുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാവിമുഖമെന്ന നിലയിലേക്കു വളർന്നാണു ഋതുരാജ് ഗെയ്ക്‌വാദ് എമിറേറ്റ്സ് ഐപിഎൽ അവസാനിപ്പിക്കുന്നത്. ഇതിനകം ടീം ഇന്ത്യയുടെ വിളിയെത്തിക്കഴിഞ്ഞ താരം കൂടിയാണു ബാറ്റ് കൊണ്ടു ക്ലാസും മാസ്സും ഒരുപോലെ വഴങ്ങുമെന്നു തെളിയിച്ച യുവതാരം. അടുത്ത പ്രിമിയർ ലീഗിനു മൈതാനം ഒരുങ്ങും മുൻപായി ഈ ഓപ്പണിങ് ബാറ്റ്സ്മാൻ വീണ്ടും രാജ്യാന്തര ക്രിക്കറ്റിന്റെ കളത്തിലേയ്ക്കെത്തും. ഐപിഎലിൽ നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുൻപായി സിഎസ്കെ നിലനിർത്തുമെന്ന് ഉറപ്പിച്ചു കഴിഞ്ഞ താരങ്ങളിലൊരാളും പുണെയിൽ ജനിച്ചുവളർന്ന യുവതാരമാകും.
ടീമിലെ സ്ഥാനത്തിലും കളത്തിലെ പ്രകടനത്തിലും ഉള്ള ഉറപ്പു തന്നെയാണു ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാവി നായകൻ ഋതുരാജ് ഗെയ്‌ക്‌വാദാണെന്ന ചർച്ചകൾക്കു തുടക്കമിട്ടത്. ചെന്നൈയുടെ ‘ചിന്നത്തല’യും മഹേന്ദ്ര സിങ് ധോണിയുടെ ഉറ്റ സുഹൃത്തുമായ സുരേഷ് റെയ്നയുടെ വെളിപ്പെടുത്തലുകൾ കൂടി വന്നതോടെ ആ വഴിക്കുള്ള ചിന്തകൾക്കു ബലം ഇരട്ടിക്കുകയും ചെയ്തു. ടീം ഇന്ത്യയ്ക്കു വേണ്ടി കളിക്കാനുള്ള കരുത്ത് ഗെയ്ക്‌വാദ് ആർജിച്ചു കഴിഞ്ഞുവെന്നു വ്യക്തമാക്കിയ റെയ്ന യുവതാരത്തിന്റെ മികവിനെ സാക്ഷാൽ എം.എസ്.ധോണിയുമായാണു ചേർത്തുനിർത്തുന്നത്. “ മഹിഭായിയെപ്പോലെതന്നെയാണ് ഋതുരാജ്. തികഞ്ഞ ശാന്തതയോടെ കാര്യങ്ങൾ ചെയ്യും. കഠിനാധ്വാനം ചെയ്യാനും മടിയില്ല. പ്ലേഓഫിൽ ഉൾപ്പെടെ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. സമ്മർദഘട്ടങ്ങളിൽ ഋതുരാജ് ബാറ്റ് ചെയ്യുന്ന രീതി വിവരിക്കാൻ വാക്കുകളില്ല ” – ചെന്നൈയുടെ ഇതിഹാസ താരങ്ങളിലൊരാളായ റെയ്നയുടെ നിരീക്ഷണത്തിൽ എംഎസ്ഡിയുടെ പിൻഗാമിയായി ഋതുരാജ് വളരുമെന്ന സൂചനകൾ വ്യക്തം.
ക്യാപ്റ്റൻസി പോലുള്ള കാര്യങ്ങളിലെ മിടുക്ക് കാത്തിരുന്നു കാണേണ്ട കാര്യമാണെങ്കിലും ഋതുരാജിന്റെ ബാറ്റിങ് മികവും ഫീൽഡിലെ മിടുക്കും സംബന്ധിച്ച റെയ്നയുടെ വാക്കുകൾക്ക് ഐപിഎൽ തന്നെ അടിവരയിടും. സാങ്കേതികത്തികവും സ്ട്രോക്ക് മെയ്ക്കിങ് കരുത്തും ഒത്തുചേർന്ന കറ തീർന്ന ഇന്നിങ്സുകളാണ് ഒന്നിനു പുറകെ ഒന്നായി ഈ സീസണിൽ യുവതാരം കാഴ്ചവച്ചത്. അരങ്ങേറ്റ താരത്തിന്റെ പതർച്ചയോ പരിചയക്കുറവോ ഒന്നും ഒരു ഘട്ടത്തിലും ഈ വലംകയ്യൻ ബാറ്റ്സ്മാന്റെ ക്രീസിൽ നിഴൽ വീഴ്ത്തിയിട്ടില്ല. പിഞ്ച് ഹിറ്റിങ് ശൈലിയോടുള്ള ഇഷ്ടക്കുറവു വ്യക്തമാക്കിയിട്ടുള്ള ഋതുരാജിന്റെ ബാറ്റിൽ നിന്നു രണ്ടും കൽപ്പിച്ച വിധത്തിലെന്നു പറയേണ്ടുന്ന അനാവശ്യ ഷോട്ടുകളും അകന്നുതന്നെ നിന്നു. ട്വന്റി20 പരിചയിച്ചു പോന്ന വന്യതയല്ല, ടൈമിങ്ങും പ്ലേസ്മെന്റും സമ്മേളിക്കുന്ന ചാരുതയായിരുന്നു ഗെയ്ക്‌വാദിന്റെ ശൈലി. എന്നിട്ടും ആ ഇന്നിങ്സുകൾ പൂർത്തിയായത് ഏതൊരു ട്വന്റി20 സ്പെഷലിസ്റ്റും കൊതിക്കുന്ന സ്ട്രൈക്ക് റേറ്റിന്റെ കനത്തിലാണ്.
മത്സരത്തിന്റെ ഗതിയും ടീമിന്റെ സാഹചര്യവും മനസ്സിലാക്കുന്ന പരിചയസമ്പത്തിന്റെ തിളക്കത്തിലായിരുന്നു മെലിഞ്ഞ ശരീരപ്രകൃതിയുള്ള ബാറ്ററുടെ ക്രീസിലെ ഓരോ നിമിഷവും. കരുതൽ വേണ്ടിടത്തും വേഗം വേണ്ടിടത്തും ഒരേ ജാഗ്രതയോടെ, മികവോടെ ബാറ്റ് വീശാൻ താരത്തിനായി. ടീമിന്റെ മുഖ്യ ബാറ്റർ എന്ന ലേബലിലെത്തി ആക്രമണോത്സുകതയും സ്ഥിരതയും ഒരുമിച്ചു ചേർത്തതിന്റെ മറുവശമാണു ചെന്നൈയുടെ കിരീടത്തിന്റെയും റൺവേട്ടയ്ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെയും ഒരുമിച്ചുള്ള സഞ്ചാരം. ഐപിഎലിൽ ഇതേവരെ കളിച്ച 22 മത്സരങ്ങളിൽ നിന്നു 7 മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടിയതും ഋതുരാജ് ഗെയ്ക്‌വാദ് എന്ന സ്വന്തം വിക്കറ്റിനു വിലകൊടുക്കുന്ന ബാറ്റിങ് പ്രതിഭയെ ഇതര യുവതാരങ്ങളിൽ നിന്നു വേറിട്ടു നിർത്തുന്ന ഘടകമാണ്.
∙ ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ്
ഡഗ് ഔട്ടിൽ വച്ചേ മഹേന്ദ്ര സിങ് ധോണിയെ അതിശയിപ്പിച്ച മഹാരാഷ്ട്ര യുവതാരം കളത്തിലിറങ്ങാൻ പിന്നെയും ഏറെ സമയമെടുത്തെങ്കിലും ‘ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ്’ ആയിരിക്കുമെന്ന രജനിപ്പട ഡയലോഗിനെ ഓർമിപ്പിക്കുന്ന മാസ്സ് പ്രകടനവുമായാണു ചെന്നൈയുടെ മുഖങ്ങളിലൊന്നായി മാറിയത്. 2019 ലെ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു ടീമിലെത്തിയ ഋതുരാജിന് അരങ്ങേറ്റ സീസണിൽ ഒരു മത്സരം പോലും കളത്തിലിറങ്ങാനായില്ല. തൊട്ടടുത്ത വർഷം യുഎഇ വേദിയായ ഐപിഎലിലും ഭൂരിഭാഗം കളികളിലും സൈഡ് ബെഞ്ചിൽ തന്നെയായിരുന്നു താരത്തിന്റെ സ്ഥാനം. ഒടുവിൽ ചെന്നൈ ടീം അവിശ്വസനീയമായി തകർന്നുപോയ കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായാണ് ഋതുരാജിന് അവസരമൊരുങ്ങിയത്.
വിശ്വസിച്ചു കളത്തിലിറക്കാൻ പോന്ന ‘സ്പാർക്ക്’ ഉള്ള യുവതാരങ്ങളില്ലെന്നു ക്യാപ്റ്റൻ ധോണിതന്നെ പരിഭവം പറഞ്ഞതിനു പിന്നാലെ അവസാന ഘട്ട പരീക്ഷണമെന്ന നിലയ്ക്കായിരുന്നു മഹാരാഷ്ട്ര താരംതന്നെയായ കേദാർ ജാദവ് ഉൾപ്പെടെയുള്ളവരെ മാറ്റി ഋതുരാജിന് അവസരം നൽകിയത്. കളിച്ചു ശീലമില്ലാത്ത മധ്യനിരയിലായിരുന്ന ആദ്യ അവസരങ്ങൾ. അതും ടീം വൻ പ്രതിസന്ധി നേരിട്ട നിമിഷങ്ങളിൽ. ഒട്ടും പരിചിതമല്ലാത്ത റോളിലെ പരീക്ഷണങ്ങൾ ഋതുരാജിന്റെ തുടക്കം കയ്പ്പേറിയതാക്കി. എന്നാൽ നാലാം മത്സരത്തിലെ തകർപ്പൻ ഇന്നിങ്സിൽ ആദ്യ മൂന്നു കളികളിലെ നിരാശ മാഞ്ഞു. ചരിത്രത്തിലാദ്യമായി പ്ലേഓഫ് കാണാതെ യുഎഇയിൽ നിന്നു നാണംകെട്ടു മടങ്ങിയ ചെന്നൈ ടീമിലെ പുത്തൻ ഉണർവായാണു തുടർച്ചയായി 3 അർധശതകം കുറിച്ച യുവതാരം സീസൺ പൂർത്തിയാക്കിയത്.
ഐപിഎലിൽ മിന്നിത്തെളിയുന്ന യുവതാരങ്ങളുടെ കൂട്ടത്തിലും ഒറ്റയാനാണ് ഗെയ്‌ക്‌വാദ്. ടിഎൻപിഎലും ഗലി ക്രിക്കറ്റിലുമെല്ലാമായി വെടിക്കെട്ട് താരങ്ങൾക്കായി പരക്കം പായുന്ന ഐപിഎൽ സ്കൗട്ടിങ് സംഘങ്ങളുടെ റഡാറിൽ പെടുന്നനെ തെളിഞ്ഞ കണ്ടെത്തലല്ല പയ്യൻ. മഹാരാഷ്ട്രയ്ക്കു വേണ്ടി ജൂനിയർ തലങ്ങളിൽ സ്ഥിരമായി കളിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ പരമ്പരാഗത കൈവഴികളിലൂടെ സഞ്ചരിച്ചെത്തിയ താരമാണ്. പക്ഷേ, അഞ്ചാം വയസ്സിൽ തുകൽ പന്തിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ ഋതുരാജിനെകളിക്കളത്തിലേയ്ക്കു തിരിച്ചുവിട്ടതൊരു കിവീസ് താരത്തിന്റെ ‘വെടിക്കെട്ട്’ ബാറ്റിങ് പ്രകടനമാണ്. ഓസ്ട്രേലിയൻ പേസർമാരെ കശാപ്പ് ചെയ്ത സ്കൂപ്പും പുള്ളുകളുമായി കളം നിറഞ്ഞ ബ്രണ്ടൻ മക്കല്ലത്തിന്റെ ബാറ്റിങ്ങിനു കുട്ടിപ്രായത്തിൽ സാക്ഷിയായതാണു ഋതുരാജിന്റെ മനസ്സിൽ വില്ലോയുടെ മിടിപ്പിനു ഗാർഡ് എടുത്തത്.
ഇന്ത്യൻ ക്രിക്കറ്റിന്റെ കേണൽ ദിലീപ് വെങ്സാർക്കറുടെ അക്കാദമിയിലെ പ്രവേശനം കൂടിയായതോടെ പയ്യന്റെ വളർച്ചയുടെ ഋതുവസന്തം തുടങ്ങി. പുണെ കേന്ദ്രമായുള്ള, പ്രതിഭയുടെ കനം അളന്നു ആളെയെടുക്കുന്ന വെങ്സർക്കാർ അക്കാദമിയിൽ പതിനൊന്നാം വയസ്സിലാണു ഋതുരാജിന്റെ വരവ്. അക്കാദമി ടീമിനൊപ്പമുള്ള ഇംഗ്ലിഷ് പര്യടനങ്ങളിൽ അതിശയിപ്പിച്ച ഇന്നിങ്സുകൾ തീർത്ത ഋതുരാജ് ഭാവിയുടെ വാഗ്ദാനമെന്ന് ഉറച്ചുവിശ്വസിക്കുന്നവരിൽ ഒരാൾ ദിലീപ് വെങ്സാർക്കർ ആണ്.അക്കാദമിയുടെ തണലിൽ വളർന്ന പത്തു വർഷക്കാലം മഹാരാഷ്ട്രയുടെ വിവിധ ടീമുകളിൽ ഋതുരാജിന്റെ പ്രകടനങ്ങളുടെ ഗ്രാഫ് ഉയർത്തി. കൂച്ച് ബിഹാർ ട്രോഫിയിൽ തുടരെ രണ്ടു സീസണുകളിൽ എണ്ണൂറിലധികം റൺസ് വാരിയതോടെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
പത്തൊൻപതാം വയസ്സിൽ രഞ്ജി അരങ്ങേറ്റം. പക്ഷേ, വരുൺ ആരോണിന്റെ വേഗപ്പന്തിൽ പരുക്കേറ്റു ശസ്ത്രക്രിയ്ക്കു വിധേയനായി സീസൺ തന്നെ നഷ്ടമായി. വിജയ് ഹസാരെയിലൂടെ കളത്തിലേക്കു തിരിച്ചെത്തിയ ഋതുരാജ് നാനൂറിലേറെ റൺസുമായി ഓപ്പണിങ് ബാറ്റർ എന്ന ഖ്യാതി നേടിയാണു മടങ്ങിയത്. 2018–19 സീസണിലെ രഞ്ജി, വിജയ് ഹസാരെ പ്രകടനങ്ങളാണ് ഋതുരാജ് ഗെയ്ക്‌വാദ് എന്ന യുവതാരത്തിന്റെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്.
ദേവ്‌ധർ ട്രോഫി അവസരം തുറന്നുകിട്ടിയതിനു പിന്നാലെ ബോർഡ് പ്രസിഡന്റ്സ് ഇലവന്റെ ഭാഗമായ ഗെയ്‌ക്‌വാദ് ഇംഗ്ലണ്ടിനെതിരെ സെഞ്ചുറിയടിച്ചാണു വരവറിയിച്ചത്. പിന്നാലെ രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിലുള്ള ഇന്ത്യൻ എ ടീമിന്റെ വിളിയെത്തി. ശ്രീലങ്കയ്ക്കെതിരായ ഏകദിന മത്സരങ്ങളായിരുന്നു വേദി. ആദ്യ കളിയിൽ 136 പന്തിൽ 187 നോട്ടൗട്ട്, രണ്ടാം കളിയിൽ 125 നോട്ടൗട്ട്. ഇന്ത്യൻ എ ടീമിനൊപ്പം കരീബിയൻ മണ്ണിൽ ആദ്യ വിദേശ പര്യടനത്തിനു പറന്ന താരം 51 റൺസ് ശരാശരിയിൽ ഇരുനൂറിലേറെ റൺസുമായാണു തിരിച്ചെത്തിയത്. ന്യൂസീലൻഡിലും ആ പ്രകടനം ആവർത്തിച്ചതോടെ റെഡ് ബോളിലും വൈറ്റ് ബോളിലും ഒരുപോലെ ആശ്രയിക്കാവുന്ന കണ്ടെത്തലായി ഋതുരാജ് മാറി.
ഇന്ത്യൻ എ ടീമിന്റെ ബാനറിൽ മൂന്നു പര്യടനങ്ങളിൽ രാഹുൽ ദ്രാവിഡിന്റെ സാമീപ്യം കൂടിയായതോടെ ഋതുരാജിന്റെ ബാറ്റിങ്ങിലെ സാങ്കേതികത്തികവിനു കൂടിയാണു മിഴിവേകിയത്. രണ്ടു വർഷം മുൻപു സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ മഹാരാഷ്ട്രയുടെ ടോപ് സ്കോററായ പ്രകടനങ്ങളാണു താരത്തെ ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ കൂടാരത്തിലെത്തിച്ചത്. കേണൽ കണ്ടെത്തിയ, വൻമതിലിന്റെ തണലിൽ വളർന്ന ഋതുരാജിനെ മൈക്ക് ഹസ്സിയെന്ന ബാറ്റിങ് കോച്ചാണു ചെന്നൈ പാളയത്തിൽ കാത്തിരുന്നത്. കളത്തിൽ ഇറങ്ങിയതാകട്ടെ എം.എസ്.ധോണിയെന്ന ‘മെന്റർ സിങ് ധോണി’ക്കു കീഴിലും. ഒരു യുവ ബാറ്റിങ് പ്രതിഭയ്ക്കു കരിയർ ‘ക്ലിയർ’ ആകാൻ ഇതിലേറെയെന്തു വേണം?
English Summary: Will Ruturaj Gaikwad Be The Next Captain Of Chennai Super Kings In IPL?