കമ്മിൻസ് തന്ത്രം ഫലിച്ചു, എന്നും തലവേദന ഹെഡ്; എല്ലാ കളിയും ജയിച്ച് ഫൈനലിൽ തോറ്റ് ഇന്ത്യ
മൂന്നാമതൊരു ഏകദിന ക്രിക്കറ്റ് ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കിരീടസാധ്യതകളിൽ ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടിൽ കളിച്ച ഒൻപതു കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ സെമി ഫൈനലിലെത്തി.
മൂന്നാമതൊരു ഏകദിന ക്രിക്കറ്റ് ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കിരീടസാധ്യതകളിൽ ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടിൽ കളിച്ച ഒൻപതു കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ സെമി ഫൈനലിലെത്തി.
മൂന്നാമതൊരു ഏകദിന ക്രിക്കറ്റ് ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കിരീടസാധ്യതകളിൽ ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടിൽ കളിച്ച ഒൻപതു കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ സെമി ഫൈനലിലെത്തി.
മൂന്നാമതൊരു ഏകദിന ക്രിക്കറ്റ് ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പ് ഇനിയും നീളും. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ കിരീടസാധ്യതകളിൽ ഓസ്ട്രേലിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു ടീം ഇന്ത്യ. പ്രാഥമിക റൗണ്ടിൽ കളിച്ച ഒൻപതു കളികളും ജയിച്ച് സമ്പൂർണ ആധിപത്യത്തോടെ സെമി ഫൈനലിലെത്തി. സെമിയിൽ ന്യൂസീലൻഡിനെയും കീഴടക്കിയ കുതിപ്പ് പക്ഷേ അഹമ്മദാബാദിൽ ആവർത്തിക്കാനായില്ല. ഫലം ലോകകപ്പിലെ ഒരേയൊരു തോൽവി മാത്രം. പക്ഷേ നഷ്ടം ഒരു ലോകകിരീടം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരമ്പിയാർത്ത ഒന്നര ലക്ഷത്തോളം വരുന്ന ക്രിക്കറ്റ് ആരാധകർ ദുഃസ്വപ്നം പോലെ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരിക്കും ഈ ഞായർ. ഏകദിന ലോകകപ്പ് കിരീടമെന്ന രോഹിത് ശർമയുടെ ദീർഘനാളത്തെ മോഹവും ഇവിടെ പൊലിഞ്ഞു.
വിരാട് കോലിയെപ്പോലെ ഏകദിന ലോകകപ്പ് ജയിക്കാനാകാത്ത ക്യാപ്റ്റനായി രോഹിത് ശർമയും കരിയർ അവസാനിപ്പിക്കേണ്ടിവരും. ലോകടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലെ തോൽവിയുടെ കയ്പുനീര് ലോകകപ്പിലൂടെ മറക്കാനെത്തിയ ടീം ഇന്ത്യ ഓസ്ട്രേലിയയ്ക്കു മുന്നിൽ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു.
അന്നും ഇന്നും ഇന്ത്യയുടെ തലവേദന
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കു ഭീഷണിയായത് ഒരേയൊരാളാണ്, ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡ്. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അനായാസം ഓസീസിനെയെത്തിച്ചത് ട്രാവിസ് ഹെഡിന്റെ ബ്രില്യന്റ് സെഞ്ചറിയായിരുന്നു. ഇന്ത്യൻ ബാറ്റർമാർ പ്രതിരോധത്തിലായ ഹോം ഗ്രൗണ്ടിൽ ഹെഡിന്റെ വെടിക്കെട്ടായിരുന്നു. 95 പന്തുകളിൽനിന്നാണ് ട്രാവിസ് ഹെഡ് സെഞ്ചറിയിലെത്തിയത്. 120 പന്തുകൾ നേരിട്ട താരം 137 റൺസെടുത്തു പുറത്തായി. അപ്പോഴേക്കും ഓസീസ് വിജയത്തിന് അടുത്തെത്തിയിരുന്നു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ പ്ലേയർ ഓഫ് ദ് മാച്ചായിരുന്നു ഹെഡ്. ആദ്യ ഇന്നിങ്സിൽ 174 പന്തുകൾ നേരിട്ട ഹെഡ് 163 റൺസെടുത്താണു പുറത്തായത്. 25 ഫോറുകളും ഒരു സിക്സുമാണ് ഹെഡ്, ദ് ഓവലിൽ നടന്ന ഫൈനലിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ താരത്തിനു തിളങ്ങാനായില്ല. 27 പന്തിൽ 18 റൺസെടുത്ത ഹെഡിനെ രവീന്ദ്ര ജഡേജ പുറത്താക്കുകയായിരുന്നു. ഓസ്ട്രേലിയ 209 റൺസിനാണ് ഇന്ത്യയെ കീഴടക്കിയത്.
ലോകകപ്പ് ഫൈനലിൽ 14 ഫോറുകളും മൂന്ന് സിക്സുകളുമാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഹെഡ് ബൗണ്ടറി കടത്തിയത്. തുടക്കത്തിൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ഓസ്ട്രേലിയയെ സമ്മര്‍ദത്തിലാക്കാൻ ശ്രമിച്ചിരുന്നു. ഇതു മറികടന്നാണ് ഓസ്ട്രേലിയ ആറാം കിരീടത്തിൽ മുത്തമിട്ടത്. ഡേവിഡ് വാർണർ (മൂന്ന് പന്തിൽ ഏഴ്), മിച്ചൽ മാർഷ് (15 പന്തിൽ 15), സ്റ്റീവ് സ്മിത്ത് (ഒൻപതു പന്തിൽ നാല്) എന്നിങ്ങനെയാണ് പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 110 പന്തുകളിൽനിന്ന് 58 റൺസെടുത്ത മാർനസ് ലബുഷെയ്ൻ ഹെഡിനു പിന്തുണയുമായി നിലയുറപ്പിച്ചുകളിച്ചു.
വമ്പൻ സ്കോർ വന്നില്ല, രോഹിത്തിനും കോലിക്കും റെക്കോർഡ്
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു പ്രതീക്ഷിച്ച പോലെ തിളങ്ങാനായില്ല. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യം ബാറ്റിങ് എന്നതാണ് ആഗ്രഹമെന്ന് രോഹിത് ശർമ മത്സരത്തിനു മുൻപ് പ്രതികരിച്ചിരുന്നു. എന്നാൽ ആഗ്രഹിച്ച പോലെയായിരുന്നില്ല ടീം ഇന്ത്യയുടെ പ്രകടനം. കൃത്യമായൊരു പ്ലാനുമായാണ് ഓസീസ് ക്യാപ്റ്റൻ ഇന്ത്യയെ ബാറ്റിങ്ങിനു വിളിച്ചത്. അതു പിഴവുകളില്ലാതെ നടപ്പാക്കിയ ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി.
30 റണ്‍സാണ് ഓപ്പണിങ് വിക്കറ്റിൽ ഇന്ത്യൻ ബാറ്റർമാര്‍ കൂട്ടിച്ചേർത്തത്. ഏഴു പന്തിൽ നാലു റൺസ് മാത്രമെടുത്ത ശുഭ്മൻ ഗില്ലിനെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ആദം സാംപ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. രോഹിത് ശർമയും വിരാട് കോലിയും കൈകോർത്തെങ്കിലും മികച്ച പാര്‍ട്‌ണർഷിപ് ഉണ്ടാക്കാൻ സാധിച്ചില്ല. 31 പന്തുകളിൽ 47 റണ്‍സാണു രോഹിത് ശർമ നേടിയത്. സ്കോർ 76 ൽ നിൽക്കെ രോഹിത്തിനെ ഗ്ലെൻ മാക്‌സ്‌വെല്‍ പുറത്താക്കി. ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോർഡുമായാണ് രോഹിത് ശർമ ഗ്രൗണ്ട് വിട്ടത്. 2023 ലോകകപ്പിലെ 11 ഇന്നിങ്സുകളിൽനിന്ന് 597 റൺസ് രോഹിത് ശർമ നേടി.
ലോകകപ്പിൽ ഒരു സെഞ്ചറിയും മൂന്ന് അർധ സെഞ്ചറികളും രോഹിത് സ്വന്തമാക്കി. കോലി 56 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കോലിയുടെ 51–ാം ഏകദിന സെഞ്ചറിയായിരുന്നു ആരാധകർ പ്രതീക്ഷിച്ചത്. പക്ഷേ ന്യൂസീലൻഡിനെതിരായ പ്രകടനം അഹമ്മദാബാദിൽ ആവർത്തിക്കാൻ കോലിക്കു സാധിച്ചില്ല. ഓസീസ് ക്യാപ്റ്റന്റെ പന്തു നേരിടാനാകാതെ കോലി ബോൾഡായി. ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവുമായാണ് കോലി ഏകദിന ലോകകപ്പിലെ ബാറ്റിങ് അവസാനിപ്പിക്കുന്നത്. 1743 റൺസുള്ള ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെയാണ് ഓസീസിനെതിരായ ലോകകപ്പ് ഫൈനലിൽതന്നെ കോലി മറികടന്നത്. ഏകദിന ലോകകപ്പ് സ്കോറിൽ കോലിക്കു മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ മാത്രമാണ്.
സമ്മർദ സാഹചര്യങ്ങളിൽ സാവധാനം ബാറ്റു ചെയ്ത് ഇന്ത്യയെ കരകയറ്റുന്ന രാഹുലിന് ഓസ്ട്രേലിയയ്ക്കെതിരെയും പിഴച്ചില്ല. ടീമിന്റെയാകെ ഉത്തരവാദിത്തം ചുമലിലേറ്റിയ രാഹുൽ 86 പന്തുകളിൽനിന്ന് അർധ സെഞ്ചറി തികച്ചു. പക്ഷേ രാഹുലിന് സഹതാരങ്ങളിൽനിന്ന് മികച്ചൊരു പിന്തുണ ലഭിക്കാതെപോയി. 107 പന്തിൽ 66 റൺസാണു രാഹുലിന്റെ സമ്പാദ്യം. ആദ്യ 94 പന്തുകളിൽ 100 പിന്നിട്ട ഇന്ത്യ 40.5 ഓവറുകളിലാണ് 200 ലെത്തിയത്. നിർണായക സമയത്ത് വിക്കറ്റു വലിച്ചെറിഞ്ഞ് സൂര്യകുമാർ യാദവും ഇന്ത്യയെ കൈവിട്ടു. ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ സ്ലോ ഷോര്‍ട്ട് ബോളിൽ പുൾ ഷോട്ട് കളിക്കാൻ നോക്കിയ സൂര്യയെ ഓസീസ് വിക്കറ്റ് കീപ്പർ പിടിച്ചെടുക്കുകയായിരുന്നു. രവീന്ദ്ര ജഡേജയ്ക്കും (22 പന്തിൽ 8) അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. അവസാന പത്ത് ഓവറുകളിൽനിന്ന് ഇന്ത്യ ആകെ രണ്ടു ബൗണ്ടറികളാണു നേടിയത്. 42–ാം ഓവറിൽ ഇന്ത്യൻ വാലറ്റത്ത് മുഹമ്മദ് ഷമിയും അവസാന ഓവറിൽ മുഹമ്മദ് സിറാജുമായിരുന്നു ഈ ബൗണ്ടറികൾ നേടിയത്.