‘ഇന്നാണ് അറിഞ്ഞതെ’ന്ന് കോലി, ‘പെർത്തിൽവച്ച് അറിഞ്ഞെ’ന്ന് രോഹിത്; അശ്വിന്റെ വിരമിക്കലിനു പിന്നാലെ ആശയക്കുഴപ്പം– വിഡിയോ
ബ്രിസ്ബെയ്ൻ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് അശ്വിൻ തീരുമാനമെടുത്ത സമയത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. അശ്വിൻ വിരമിക്കുന്ന കാര്യം ഇന്നാണ് അറിഞ്ഞതെന്ന് ബ്രിസ്ബെയ്ൻ ടെസ്റ്റിനു തൊട്ടുപിന്നാലെ വിരാട് കോലി
ബ്രിസ്ബെയ്ൻ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് അശ്വിൻ തീരുമാനമെടുത്ത സമയത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. അശ്വിൻ വിരമിക്കുന്ന കാര്യം ഇന്നാണ് അറിഞ്ഞതെന്ന് ബ്രിസ്ബെയ്ൻ ടെസ്റ്റിനു തൊട്ടുപിന്നാലെ വിരാട് കോലി
ബ്രിസ്ബെയ്ൻ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് അശ്വിൻ തീരുമാനമെടുത്ത സമയത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. അശ്വിൻ വിരമിക്കുന്ന കാര്യം ഇന്നാണ് അറിഞ്ഞതെന്ന് ബ്രിസ്ബെയ്ൻ ടെസ്റ്റിനു തൊട്ടുപിന്നാലെ വിരാട് കോലി
ബ്രിസ്ബെയ്ൻ∙ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് അശ്വിൻ തീരുമാനമെടുത്ത സമയത്തിന്റെ കാര്യത്തിൽ ആശയക്കുഴപ്പം. അശ്വിൻ വിരമിക്കുന്ന കാര്യം ഇന്നാണ് അറിഞ്ഞതെന്ന് ബ്രിസ്ബെയ്ൻ ടെസ്റ്റിനു തൊട്ടുപിന്നാലെ വിരാട് കോലി സമൂഹമാധ്യമങ്ങളിൽ കുറിച്ചപ്പോൾ, ആദ്യ ടെസ്റ്റ് നടന്ന പെർത്തിൽ ടീം എത്തിയതു മുതൽ ഇതേക്കുറിച്ച് കേൾക്കുന്നുണ്ടെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ രോഹിത്തിന്റെ മറുപടി.
‘‘14 വർഷത്തോളം താങ്കൾക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ട്. പക്ഷേ വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇന്ന് എന്നോടു പറഞ്ഞപ്പോൾ, ഞാൻ ഒരു നിമിഷം വികാരാധീനനായിപ്പോയി. താങ്കൾക്കൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളുടെ ഓർമകൾ എന്റെ മനസ്സിലേക്കെത്തി’ – അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കോലി കുറിച്ചു.
ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഡ്രസിങ് റൂമിൽവച്ച് കോലി അശ്വിനെ ആശ്ലേഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അശ്വിൻ ഈ ടെസ്റ്റോടെ വിരമിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാനും ഈ ദൃശ്യങ്ങൾ കാരണമായി. അശ്വിൻ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് തന്നോടു പറഞ്ഞത് ഇന്നാണെന്ന് (ബുധനാഴ്ച) കോലി കുറിച്ചെങ്കിലും, ഇക്കാര്യം മുൻപേ അശ്വിന്റെ മനസ്സിലുണ്ടായിരുന്നോ എന്നതിൽ കോലി ഒന്നും പ്രതികരിച്ചില്ല.
അതേസമയം, അശ്വിന്റെ വിരമിക്കൽ തീരുമാനത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിനിടെ രോഹിത് ശർമയോട് ചോദിച്ചപ്പോൾ, പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ തന്നെ ഇക്കാര്യം കേട്ടിരുന്നു എന്നായിരുന്നു മറുപടി. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലായിരുന്നതിനാൽ, പെർത്ത് ടെസ്റ്റിൽ രോഹിത് കളിച്ചിരുന്നില്ല.
‘‘പെർത്തിലേക്ക് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്. ഈ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ 3–4 ദിവസം ഞാൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. എന്തായാലും വിരമിക്കുന്ന കാര്യം അശ്വിന്റെ മനസ്സിൽ ആ സമയം മുതൽ ഉണ്ടായിരുന്നു. അശ്വിന്റെ ഈ തീരുമാനത്തെ സ്വാധീനിച്ച ഒട്ടേറെ കാര്യങ്ങളുണ്ടാകുമെന്ന് തീർച്ച. കളമൊഴിയുന്നതിന്റെ വൈകാരികമായ ബുദ്ധിമുട്ടുകളിൽനിന്ന് മോചിതനാകുമ്പോൾ അതേക്കുറിച്ച് അശ്വിൻ തന്നെ വിശദീകരിക്കുമെന്ന് കരുതുന്നു. ടീമിന് എന്താണ് വേണ്ടത്, ടീം എന്താണ് ചിന്തിക്കുന്നത് എന്ന കാര്യങ്ങളിലെല്ലാം അശ്വിന് കൃത്യമായ ധാരണയുണ്ട്. ടീമിന്റെ ഘടന ഏതു വിധത്തിലാകണമെന്നാണ് ടീം മാനേജ്മെന്റ് ചിന്തിക്കുന്നതെന്നും അശ്വിന് ബോധ്യമുണ്ട്.’’
‘‘സത്യത്തിൽ ഓസ്ട്രേലിയൻ പര്യടനത്തിനായി ഇവിടെ എത്തുന്ന സമയത്തു പോലും ഏതു സ്പിന്നറെ കളിപ്പിക്കണമെന്ന കാര്യത്തിൽ ടീമിന് തീർച്ചയുണ്ടായിരുന്നില്ല. ഓസ്ട്രേലിയയിൽ എത്തിയ ശേഷം മത്സരം നടക്കുന്ന വേദിയിലെ സാഹചര്യങ്ങളും പിച്ചിന്റെ അവസ്ഥയും വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ് കരുതിയത്. ഞാൻ പെർത്തിൽ എത്തിയ സമയത്ത്, അശ്വിന്റെ വിരമിക്കൽ തീരുമാനവുമായി ബന്ധപ്പെട്ട സംസാരം നടക്കുന്നുണ്ടായിരുന്നു. എന്തായാലും അഡ്‍ലെയ്ഡിലെ പിങ്ക് ബോൾ ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ഒരു വിധത്തിലാണ് അദ്ദേഹത്തെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചത്. ഈ പരമ്പരയിൽ തന്നെ ആവശ്യമില്ലെങ്കിൽ, കളി നിർത്താം എന്ന് അദ്ദേഹം ചിന്തിച്ചിരുന്നിരിക്കാം.’ – രോഹിത് പറഞ്ഞു.
അതിനിടെ, നാട്ടിൽ നടന്ന ഇന്ത്യ – ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ തന്നെ വിരമിക്കുന്ന കാര്യം അശ്വിൻ ആലോചിച്ചിരുന്നതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നവംബർ ആദ്യമാണ് ഇന്ത്യ–ന്യൂസീലൻഡ് പരമ്പര അവസാനിച്ചത്. ഓസ്ട്രേലിയയിലേക്കു വിമാനം കയറുന്നതിനു മുൻപുതന്നെ, വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അശ്വിൻ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നുവെന്ന് മറ്റൊരു ദേശീയ മാധ്യമവും റിപ്പോർട്ട് ചെയ്തു.
ബ്രിസ്ബെയ്ൻ ടെസ്റ്റിനു പിന്നാലെ വാർത്താ സമ്മേളനത്തിൽ വിരമിക്കൽ തീരുമാനം പ്രഖ്യാപിക്കുമ്പോൾ, ഈ സമയത്ത് ചോദ്യങ്ങളെ നേരിടാനുള്ള കരുത്ത് തനിക്കില്ലെന്ന് അശ്വിൻ വ്യക്തമാക്കിയിരുന്നു. ഇത് വളരെ വൈകാരിക നിമിഷമാണെന്നും ചോദ്യങ്ങളോട് ശരിയായ രീതിയിൽ പ്രതികരിക്കാൻ തനിക്കാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യങ്ങൾ വേണ്ടെന്ന് അഭ്യർഥിച്ചത്. ഇതോടെ, വിരമിക്കൽ സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾക്കും അവസരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ്, കളമൊഴിയുന്നതിന്റെ വൈകാരികമായ ബുദ്ധിമുട്ടുകളിൽനിന്ന് മോചിതനാകുമ്പോൾ അതേക്കുറിച്ച് അശ്വിൻ തന്നെ വിശദീകരിക്കുമെന്ന രോഹിത്തിന്റെ പരാമർശം.