സിനിമാറ്റിക് ആണ് ഓരോ ഐപിഎൽ സീസണും. താരലേലത്തിൽ ആദ്യ ലക്ഷണം കണ്ടുതുടങ്ങും. പിന്നീട് കഥയുടെ ഗതിയും തിരിവുമൊന്നും പിടികിട്ടിയില്ലെന്നു വരാം. അപ്രതീക്ഷിത വാഴ്ചകളും വീഴ്ചകളും അദ്ഭുതങ്ങളുമെല്ലാം കണ്ട ഐപിഎൽ താര ലേലത്തിന്റെ വികാരങ്ങൾ ഉദയനാണു താരത്തിലെ പച്ചാളം ഭാസിയുടെ നവരസങ്ങളിലൂടെ.....
വീരം
∙ ബെൻ സ്റ്റോക്ക്സ് (ഇംഗ്ലണ്ട്) – റൈസിങ് പുണെ സൂപ്പർ ജയന്റ്സ്–14.5 കോടി രൂപ
ബെൻ സ്റ്റോക്ക്സിന്റെ വരവ് വീരോചിതം എന്നു വിശേഷിപ്പിച്ചാൽ പോര! ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ കാർലോസ് ബ്രാത്‌വെയ്റ്റ് നാലു സിക്സിനു പറത്തിയ കക്ഷിയാണ്. യുവരാജിന്റെ കയ്യിൽനിന്ന് ആറു സിക്സർ വാങ്ങിയ സ്റ്റുവർഡ് ബ്രോഡിനുണ്ടായ പുരോഗതി പോലെ സ്റ്റോക്ക്സിനും വച്ചടി കയറ്റമായിരുന്നു. ഒടുവിൽ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിലപിടിപ്പുള്ള താരമായി ദാ വരുന്നു ഇംഗ്ലണ്ടിന്റെ ഈ ഓൾറൗണ്ടർ.
രൗദ്രം
∙ ടൈമൽ മിൽസ് (ഇംഗ്ലണ്ട്)–റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – 12 കോടി രൂപ
എടുപ്പിലും ഏറിലും രൗദ്രഭാവമാണ് ടൈമൽ മിൽസിന്. ലേലത്തിനു മുൻപു തന്നെ മിൽസിനു വേണ്ടി ടീമുകൾ മൽസരിച്ചു വിളിക്കും എന്നുറപ്പായിരുന്നു. പഞ്ചാബ്, മുംബൈ, ഡൽഹി, ബാംഗ്ലൂർ ടീമുകളെല്ലാം വാശിയോടെ വിളിച്ചതോടെ ഇംഗ്ലണ്ട് പേസ് ബോളറുടെ മൂല്യം അടിസ്ഥാന വിലയായ 50 ലക്ഷത്തിൽനിന്നു കുതിച്ചത് 12 കോടിയിലേക്ക്. മിച്ചൽ സ്റ്റാർക്ക് പിൻമാറിയതിനാൽ ഒന്നാന്തരമൊരു പേസ് ബോളറെ നോക്കി നടന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് മിൽസിനെ കിട്ടാൻ പഴ്സ് കുടഞ്ഞിട്ടു.
ഭയാനകം
തീ തുപ്പുന്ന പന്തുകളുമായി ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ ഇതാ വരുന്നു അഞ്ചു പേസ് ബോളർമാർ. ഷെയ്ൻ ബോണ്ട് വിരമിച്ചതിനു ശേഷം ന്യൂസീലൻഡ് ടീമിനു കിട്ടിയ ‘ബുള്ളറ്റാ’ണ് ട്രെന്റ് ബോൾട്ട്. ഒപ്പം ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സും ഓസ്ട്രേലിയയുടെ നേതൻ കോൾട്ടർനൈലും കൂടി ചേരുമ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ എതിർ ബാറ്റ്സ്മാൻ പേടിക്കണം. ഡൽഹിയിലുമുണ്ട് ഇതു പോലൊരു കൂട്ട്. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിലെ യങ് സെൻസേഷൻ റബാദയും ഓസ്ട്രേലിയയുടെ പാറ്റ് കമ്മിൻസും.
∙ ട്രെന്റ് ബോൾട്ട് (ന്യൂസീലൻഡ്) – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–5 കോടി
∙ കാഗിസോ റബാഡ (ദക്ഷിണാഫ്രിക്ക) – ഡൽഹി ഡെയർ ഡെവിൾസ്–5 കോടി
∙ പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ) – ഡൽഹി ഡെയർ ഡെവിൾസ്–4.5 കോടി
∙ ക്രിസ് വോക്സ് (ഇംഗ്ലണ്ട്) – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–4.2 കോടി
∙ നേതൻ കോൾട്ടർനൈൽ (ഓസ്ട്രേലിയ) – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്–3.5 കോടി
അദ്ഭുതം
ഇത്തവണ ലേലത്തിലെ അദ്ഭുത താരം അഫ്ഗാനിസ്ഥാനിൽ നിന്നാണ്. ഒരു ട്വന്റി20 ലീഗിലും
കളിച്ചു പരിചയമില്ലാത്ത ലെഗ് സ്പിന്നർ റാഷിദ് ഖാൻ. മുംബൈ ഇന്ത്യൻസുമായുള്ള വാശിയേറിയ വിളിക്കൊടുവിൽ പതിനെട്ടുകാരൻ റാഷിദിനെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് നാലു കോടി രൂപയ്ക്ക്. അഫ്ഗാൻ ടീം ക്യാപ്റ്റൻ മുഹമ്മദ് നബി വെറും 30 ലക്ഷത്തിലൊതുങ്ങിയപ്പോഴാണ് റാഷിദിന്റെ ഈ നേട്ടം. തമിഴ്നാട്ടിലെ സേലത്തുനിന്നുള്ള നടരാജന്റെ കഥയും സമാനം. അടിസ്ഥാന വിലയുടെ (പത്തു ലക്ഷം) മുപ്പതിരട്ടി തുകയ്ക്കാണ് (3 കോടി രൂപ) വീരേന്ദർ സേവാഗിന്റെ പഞ്ചാബ് നടരാജനെ സ്വന്തമാക്കിയത്.
∙ റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ) – സൺറൈസേഴ്സ് ഹൈദരാബാദ്–4 കോടി
∙ ടി. നടരാജൻ (ഇന്ത്യ) – കിങ്സ് ഇലവൻ പഞ്ചാബ്–3 കോടി
∙ മുഹമ്മദ് സിറാജ് (ഇന്ത്യ) – സൺറൈസേഴ്സ് ഹൈദരാബാദ്– 2.6 കോടി
ബീഭത്സം
എന്തൊരവസ്ഥ! ലേലത്തിൽ വിൽക്കാതെ പോയവരുടെ പട്ടിക കാണുമ്പോൾ കണ്ണു തള്ളിപ്പോകും. രാജ്യാന്തര ക്രിക്കറ്റിൽ അറിയപ്പെടുന്നവരെല്ലാം എടുക്കാ നാണയങ്ങളായി.
∙ ഇർഫാൻ പഠാൻ (ഇന്ത്യ)
∙ ഇഷാന്ത് ശർമ (ഇന്ത്യ)
∙ ചേതേശ്വർ പൂജാര (ഇന്ത്യ)
∙ റോസ് ടെയ്‌ലർ (ന്യൂസീലൻഡ്)
∙ അലക്സ് ഹെയ്ൽസ് (ഇംഗ്ലണ്ട്)
∙ ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക)
∙ മർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്)
ശാന്തം
കിട്ടിയത് കുറഞ്ഞു പോയോ എന്ന സംശയമേയുള്ളൂ. എന്നാലും തുകയത്ര കുറവില്ല താനും. പ്രത്യേകിച്ച് അദ്ഭുതവുമില്ല, സഹതാപവുമില്ല.
∙ ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക) – ഡൽഹി ഡെയർ ഡെവിൾസ്–2 കോടി
∙ ഒയിൻ മോർഗൻ (ഇംഗ്ലണ്ട്) – കിങ്സ് ഇലവൻ പഞ്ചാബ്–2 കോടി
∙ മിച്ചൽ ജോൺസൺ (ഓസ്ട്രേലിയ)–മുംബൈ ഇന്ത്യൻസ്–2 കോടി
കരുണം
കഷ്ടം തന്നെ! വിലപിടിപ്പുള്ള താരങ്ങളാകും എന്നു കരുതിയിരുന്നവരാണ്. അടിസ്ഥാന വിലയ്ക്കപ്പുറം പോയില്ല ഇവരാരും. രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ വമ്പൻ പ്രകടനം നടത്തിയവരാണ് പലരും.
∙ മാർട്ടിൻ ഗപ്റ്റിൽ (ന്യൂസീലൻഡ്) – കിങ്സ് ഇലവൻ പഞ്ചാബ്–50 ലക്ഷം
∙ ഡാരെൻ സമി (വെസ്റ്റ് ഇൻഡീസ്) – കിങ്സ് ഇലവൻ പഞ്ചാബ്–30 ലക്ഷം
∙ അസേല ഗുണരത്നെ (ശ്രീലങ്ക) – മുംെബൈ ഇന്ത്യൻസ്–30 ലക്ഷം
∙ മുനാഫ് പട്ടേൽ (ഇന്ത്യ) – ഗുജറാത്ത് ലയൺസ്–30 ലക്ഷം
ഹാസ്യം
കഴിഞ്ഞ വർഷം ലേലത്തിൽ വൻതുക കിട്ടിയ താരങ്ങളാണിവർ. ഇത്തവണ വില കുത്തനെ ഇടിഞ്ഞു. നാതുവിന് കഴിഞ്ഞ വർഷം 3.2 കോടി രൂപയായിരുന്നു. പവന് എട്ടര കോടി. മുരുഗൻ അശ്വിന് നാലര കോടി.
∙ നാഥു സിങ് (ഇന്ത്യ) – ഗുജറാത്ത് ലയൺസ്–50 ലക്ഷം
∙ പവൻ നേഗി (ഇന്ത്യ) – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ–1 കോടി
∙ മുരുഗൻ അശ്വിൻ (ഇന്ത്യ) – ഡൽഹി ഡെയർ ഡെവിൾസ്–1 കോടി
ശൃംഗാരം
∙ ചിയർ ഗേൾസ് - ഇനി വരാനുള്ളത് ചിയർ ഗേൾസാണ്. അവർക്ക് എത്രയാകും പ്രതിഫലം ആവോ..?
പുതിയരസം
പേര് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് എന്നു തന്നെ. പക്ഷേ, പേരെടുത്ത കളിക്കാരൊന്നുമല്ല ലേലത്തിൽ നാട്ടിലെ താരങ്ങളായത്. മലയാളികൾക്ക് അഭിമാനമായി പെരുമ്പാവൂരുകാരൻ ബേസിൽ തമ്പിയും ഇക്കൂട്ടത്തിലുണ്ട്.
കരൺ ശർമ (ഇന്ത്യ) – മുംബൈ ഇന്ത്യൻസ് – 3.2 കോടി
വരുൺ ആരോൺ (ഇന്ത്യ) – കിങ്സ് ഇലവൻ പഞ്ചാബ് – 2.8 കോടി
കൃഷ്ണപ്പ ഗൗതം (ഇന്ത്യ) – മുംബൈ ഇന്ത്യൻസ്– 2 കോടി
അനികേത് ചൗധരി (ഇന്ത്യ) – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ– 2 കോടി
ബേസിൽ തമ്പി (ഇന്ത്യ) ഗുജറാത്ത് ലയൺസ് – 85 ലക്ഷം