സ്കൂളിൽ പഠിക്കുന്ന കാലം. അമ്മ വീടുകൾ തോറും കയറിയിറങ്ങി കുപ്പിയും പാട്ടയുമൊക്കെ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനംകൊണ്ടാണു ജീവിതം. ഉച്ചയ്ക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നതു കാണാം. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. ഞാൻ അതുവരെ പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളി തന്നെയാണ്. കളി കഴിഞ്ഞു പാട്ടുരായ്ക്കൽ ജംക്‌ഷനിലെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ ഞാൻ അമ്മയെ കാത്തിരിക്കും. ക്ഷീണിച്ച് അവശയായി അമ്മ നടന്നുവരുന്നതു കാണാം. അന്നു പെറുക്കിയതെല്ലാം വിറ്റുകിട്ടിയ പണംകൊണ്ട് എനിക്കും ചേട്ടനും വേണ്ടി വാങ്ങിയ ഭക്ഷണപ്പൊതി ഒരു കയ്യിൽ കാണും. മറുകൈ പിടിച്ചു ഞാൻ, കാടുപിടിച്ചു വിജനമായ, പാമ്പുകളിഴയുന്ന കോലോത്തുംപാടത്തെ ഓലപ്പുരയിലേക്കു നടക്കും....